22 March Monday
27 സീറ്റിൽ മത്സരിക്കുന്ന ലീഗിനെതിരെ 
മൂന്നിടത്തേ 
വെൽഫെയർ 
സ്ഥാനാർഥിയുള്ളൂ

ലീഗിനുവേണ്ടി 
ജമാഅത്തെ ഇസ്ലാമിയുടെ പിന്മാറ്റം

പി വി ജീജോUpdated: Sunday Mar 21, 2021


കോഴിക്കോട്
അഴീക്കോട്‌, തിരുവമ്പാടി, കളമശേരി തുടങ്ങി മുസ്ലിം ലീഗ്‌ മത്സരിക്കുന്ന പ്രധാന മണ്ഡലങ്ങളിലൊന്നും സ്ഥാനാർഥികളെ നിർത്താതെ മാറിനിന്ന്‌ വെൽഫെയർ പാർട്ടിയുടെ സഹായം. കെ എം ഷാജിക്കെതിരെ അഴീക്കോടും വി കെ ഇബ്രാഹിംകുഞ്ഞിന്റെ മകൻ അബ്ദുൾ ഗഫൂർ മത്സരിക്കുന്ന കളമശേരിയിലും മാത്രമല്ല കാസർകോടും മഞ്ചേശ്വരവുമടക്കം  മത്സരത്തിനിറങ്ങാതെയാണ്‌‌‌ ജമാഅത്തെ ഇസ്ലാമിയുടെ ഉപകാരസ്‌മരണ.

19 സീറ്റിൽ മത്സരിക്കുന്ന വെൽഫെയർ പാർടി ലീഗിനെതിരെ മൂന്നിടത്തേ സ്ഥാനാർഥിയെ നിർത്തിയിട്ടുള്ളൂ. മതരാഷ്ട്രവാദികളായ ജമാഅത്തെയ്ക്കും വെൽഫെയറിനും വൻ സ്വാധീനമുണ്ടെന്ന്‌ അവകാശപ്പെടുന്ന  മുക്കം നഗരസഭ ഉൾപ്പെടുന്ന തിരുവമ്പാടിയിൽ സ്ഥാനാർഥിയില്ല.  മൂല്യാധിഷ്‌ഠിത രാഷ്ട്രീയമെന്ന്‌ മേനിനടിക്കുമ്പോഴും കെ എം ഷാജിക്കെതിരെയും പാലാരിവട്ടം പാലം അഴിമതി ചർച്ച ചെയ്യുന്ന കളമശ്ശേരിയിലും മത്സരിക്കുന്നില്ല. 27 സീറ്റിൽ മത്സരിക്കുന്ന ലീഗിനെതിരെ കൊണ്ടോട്ടി, വേങ്ങര, മലപ്പുറം എന്നിവിടങ്ങളിലേ വെൽഫെയർ സ്ഥാനാർഥിയുള്ളൂ.  

വെൽഫെയർ പാർടിക്ക്‌ ഏറ്റവും കൂടുതൽ വോട്ടുള്ള മങ്കടയിലും മത്സരിക്കുന്നില്ല.  2016ൽ വെൽഫെയർ പാർടി 3999 വോട്ട്‌ നേടിയ മങ്കടയിൽ ലീഗ്‌ സ്ഥാനാർഥിയുടെ വിജയം 1508 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്‌. പെരിന്തൽമണ്ണ, മഞ്ചേരി, തിരൂർ, തിരൂരങ്ങാടി എന്നിവിടങ്ങളിലും മാറിനിൽക്കുന്നു.  കഴിഞ്ഞ തവണ പെരിന്തൽമണ്ണയിൽ 579 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്‌  മഞ്ഞളാംകുഴി അലി കടന്നുകൂടിയത്‌.  വെൽഫെയർ പാർടി നേടിയത്‌ 1757 വോട്ട്‌. ശക്തമായ മത്സരം നേരിടുന്ന മണ്ഡലങ്ങളിൽ ലീഗ്‌ സ്ഥാനാർഥികളുടെ വിജയം ഉറപ്പിക്കാനാണ്‌ വെൽഫെയർ പാർടിയുടെ പിന്മാറ്റം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top