21 March Sunday

സംവരണം എത്ര തലമുറകൂടി വേണ്ടിവരുമെന്ന് സുപ്രീംകോടതി ‌

വെബ് ഡെസ്‌ക്‌Updated: Sunday Mar 21, 2021

ന്യൂഡൽഹി > വിദ്യാഭ്യാസ, തൊഴിൽ മേഖലകളിൽ ‘ഇനിയും എത്ര തലമുറകൂടി സംവരണം തുടരേണ്ടിവരുമെന്ന്‌?’ സുപ്രീംകോടതി. മറാത്താ സംവരണവിഷയം പരിഗണിക്കുന്ന ജസ്‌റ്റിസ്‌ അശോക്‌ഭൂഷൺ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ്‌ ചോദ്യം ഉന്നയിച്ചത്‌. സംവരണത്തിന്‌ 50 ശതമാനം പരിധി ഏർപ്പെടുത്തിയത്‌ നീക്കിയാൽ അത്‌ ഭരണഘടനയുടെ 14–-ാം അനുച്ഛേദം വാഗ്‌ദാനം ചെയ്യുന്ന തുല്യതയ്‌ക്കുള്ള അവകാശത്തിന്റെ ലംഘനമാകില്ലേയെന്ന സംശയവും ഭരണഘടനാ ബെഞ്ച്‌ ഉന്നയിച്ചു.

‘സംവരണത്തിന്‌ 50 ശതമാനം പരിധിയില്ലെങ്കിൽ പിന്നെ 14–-ാം അനുച്ഛേദം മുന്നോട്ടുവയ്‌ക്കുന്ന തുല്യതയെന്ന ആശയത്തിന്‌ പ്രസക്തിയെന്ത്‌? അതുകാരണം ഉണ്ടായേക്കുന്ന അസമത്വത്തിന്‌ പരിഹാരമെന്തെന്നും- ഭരണഘടനാ ബെഞ്ച്‌ ചോദിച്ചു. മറാത്താ സംവരണവിഷയം പരിഗണിക്കുന്ന ഭരണഘടനാ ബെഞ്ച്‌ സംവരണത്തിന്‌ 50 ശതമാനം പരിധി ഏർപ്പെടുത്തിയ ഇന്ദിര സാഹ്‌നി കേസിലെ വിധി പുനഃപരിശോധിക്കണോയെന്ന കാര്യവും പരിഗണിക്കുന്നുണ്ട്‌. ഈ വിഷയത്തിൽ എല്ലാ സംസ്ഥാനത്തിന്റെയും നിലപാട്‌ കോടതി തേടിയിട്ടുണ്ട്‌.

അതേസമയം, രാഷ്ട്രീയ പാർടികൾ വോട്ട്‌ ബാങ്ക്‌ രാഷ്ട്രീയത്തിനായി സംവരണത്തെ ദുരുപയോഗം ചെയ്യുന്നുണ്ടെന്ന്‌ അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ ആരോപിച്ചു. ചില രാഷ്ട്രീയ പാർടികൾ സംവരണം നൽകാമെന്ന്‌ വാഗ്‌ദാനം ചെയ്‌ത്‌ വോട്ടുപിടിക്കുന്ന സാഹചര്യവും നിലനിൽക്കുന്നുണ്ടെന്നും എജി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top