21 March Sunday

ആ വൈറൽ സ്‌കൂൾ എന്റെ നാട്ടിലാണ്, നേരിട്ടു കണ്ടപ്പോൾ ശരിക്കും കിളിപോയി-കലാഭവൻ പ്രജോദ്‌

ടി രഞ്‌ജിത്Updated: Sunday Mar 21, 2021

‌ചങ്ങനാശേരി > ""മുഖ്യമന്ത്രിയുടെ കൈപിടിച്ച്‌ കുരുന്ന് വിദ്യാർഥി സ്‌കൂളിലേക്കു കയറുന്ന ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായതുമുതൽ ഇത് എവിടെയാണെന്ന്‌ അറിയാൻ ആഗ്രഹിച്ചിരുന്നു. എന്റെ നാടായ ചങ്ങനാശേരിയിലെ തൃക്കൊടിത്താനം ഗവ.  ഹയർസെക്കൻഡറി സ്‌കൂളാണെന്നറിഞ്ഞപ്പോൾ ശരിക്കും ഞെട്ടി. സ്‌കൂൾ നേരിട്ടു കണ്ടപ്പോൾ ശരിക്കും കിളി പോയെന്നു പറയാം'' – ചലച്ചിത്രതാരവും മിമിക്രി താരവുമായ- കലാഭവൻ പ്രജോദ്‌ പറഞ്ഞു.

അന്താരാഷ്‌ട്ര നിലവാരമുള്ള സ്‌കൂളുകൾ സിനിമയിൽ കാണുകയും അവിടെയെത്തി അഭിനയിക്കുകയും ചെയ്തിട്ടുണ്ട്‌. പക്ഷേ, നമ്മുടെ നാട്ടിലും സാധാരണക്കാരായ കുട്ടികൾക്ക്‌ പഠിക്കാൻ ഇത്രയും സൗകര്യങ്ങൾ ലഭിക്കുമെന്ന്‌ സ്വപ്നത്തിൽപ്പോലും കരുതിയിരുന്നില്ല. അത്രയും മഹത്തരമാണ് ഈ സ്‌കൂളിന്റെ നിർമിതി. സ്‌കൂളിനെക്കുറിച്ച്‌ പറയുമ്പോൾ പ്രജോദിന്റെ വാക്കുകളിൽ അഭിമാനം.‌ അത്‌ ഓരോ മലയാളിയുടെയും അഭിമാനമാണ്‌. സ്‌കൂൾ മാത്രമല്ല, സർക്കാരിന്റെ പ്രവർത്തന മികവിനെക്കുറിച്ചും പ്രജോദിന്‌ എതിരഭിപ്രായമില്ല.

തൃക്കൊടിത്താനം ഗവൺമെന്റ്‌ ഹയർസെക്കൻഡറി സ്‌കൂളിനു മുന്നിൽ കുട്ടികൾക്കൊപ്പം കലാഭവൻ പ്രജോദ്

തൃക്കൊടിത്താനം ഗവൺമെന്റ്‌ ഹയർസെക്കൻഡറി സ്‌കൂളിനു മുന്നിൽ കുട്ടികൾക്കൊപ്പം കലാഭവൻ പ്രജോദ്

""വികസനവും കരുതലും മുഖമുദ്രയാക്കിയ ഇടതുസർക്കാർ പ്രളയകാലത്തും കോവിഡ് കാലത്തും ജനങ്ങളെ സംരക്ഷിച്ചത്‌ എല്ലാവർക്കുമറിയാം. വിദ്യാഭ്യാസമേഖലയെ ഉന്നതനിലവാരത്തിലേക്ക്‌ ഉയർത്താൻ പിണറായി  സർക്കാർ എത്രമാത്രം ശ്രദ്ധിച്ചിരുന്നു എന്നതിന്റെ തെളിവായി മാറുകയാണ്‌ ഇത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങൾ. പുതുതലമുറ ഭാഗ്യംചെയ്തവരാണ്‌. വീണ്ടും എൽഡിഎഫ് സർക്കാർ അധികാരത്തിൽ വരട്ടെ. വീണ്ടും ഹൈടെക് സ്‌കൂളുകൾ വരട്ടെ. അഭിമാനമാണ്‌ എന്റെ നാട്.''-  കോവിഡ് പ്രതിസന്ധിക്കുശേഷം കുട്ടികളെ കാണാൻ സ്‌കൂളിൽ എത്തുമെന്നുപറഞ്ഞായിരുന്നു പ്രജോദിന്റെ മടക്കം.

നിയോജകമണ്ഡലത്തിൽ ഒരു സർക്കാർ ഹൈടെക് സ്‌കൂളെന്ന ലക്ഷ്യത്തിന്റെ ഭാഗമായി ചങ്ങനാശേരിക്ക് അനുവദിച്ച തൃക്കൊടിത്താനം സ്‌കൂളാണ് ഹൈടെക് രൂപത്തിൽ നിർമാണം പൂർത്തിയാക്കിയത്. കിഫ്‌ബി ഫണ്ടിൽ നിന്നുള്ള‌ 7.60 കോടി രൂപ മുടക്കി നിർമാണപ്രവർത്തനങ്ങൾ നടത്തി.

അഡ്‌മിനിസ്ട്രേഷൻ ബ്ലോക്കിൽ ഡിജിറ്റലൈസ് ചെയ്ത ക്ലാസ് മുറികൾ, ലാബ്, ലൈബ്രറി, ഓഫീസ് എന്നിവ അടങ്ങിയ മൂന്ന് നിലയുണ്ട്‌. പുതിയ കെട്ടിടത്തിന്റെ താഴത്തെ നിലയിൽ നാല്‌ ക്ലാസ് റൂം, എച്ച്എം–-പ്രിൻസിപ്പൽ റൂം, ലൈബ്രറി ഹാൾ, ശൗചാലയം എന്നിവയും ഒന്ന്, രണ്ട് നിലകളിൽ ഒമ്പത്‌ ക്ലാസ് റൂം, ലാബ്‌, വിശ്രമമുറികൾ എന്നിവയുമുണ്ട്.

ഹയർസെക്കൻഡറി വിഭാഗത്തിന്റെ പുതിയ കെട്ടിടത്തിൽ മൂന്ന്‌ ക്ലാസ്‌റൂം, സ്റ്റാഫ് റൂം, ശാരീരിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്ക്‌ പ്രത്യേക ശൗചാലയം എന്നിവയുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top