കൊച്ചി
പള്ളുരുത്തിയിലെ ഒരു വീട്ടമ്മ മൊബൈൽ ഫോണിലെത്തിയ സന്ദേശത്തിൽ കൗതുകംകൊണ്ട് ഒന്ന് ക്ലിക് ചെയ്തു. അതിപ്പോൾ അവർക്ക് പുലിവാലായിരിക്കുകയാണ്. പുതിയ സ്മാർട്ട്ഫോൺ സമ്മാനമായി കിട്ടുമെന്ന് കണ്ടതുകൊണ്ടാണ് ക്ലിക് ചെയ്തതെന്ന് അവർ പറയുന്നു. അൽപ്പനേരം കഴിഞ്ഞ് ഫോണിലേക്ക് പലരുടെയും വിളിവന്നു. സമ്മാനം കിട്ടുമെന്ന് അറിയിച്ച് ഇവരുടെ നമ്പറിൽനിന്ന് സന്ദേശം ലഭിച്ചെന്നാണ് വിളിച്ചവർ പറയുന്നത്.
സാധാരണക്കാരെ എളുപ്പത്തിൽ കെണിയിലാക്കുന്നതിന് അടുത്ത മുഖ്യമന്ത്രി ആരാകും, കേരളത്തിൽ തുടർഭരണം ഉണ്ടാകുമോ തുടങ്ങിയ ചോദ്യങ്ങളാണ് ചോദിക്കുന്നത്. തെരഞ്ഞെടുപ്പ് സർവേയിൽ നിങ്ങൾക്കും പങ്കെടുക്കാം, ഓൺലൈനായി വോട്ട് ചെയ്യൂ എന്ന് പറഞ്ഞാണ് മറ്റ് ചില സന്ദേശങ്ങള്‍ മാടിവിളിക്കുന്നത്. തെരഞ്ഞെടുപ്പിനെ മറയാക്കിയുള്ള ഈ സൈബർ തട്ടിപ്പിന് സംസ്ഥാനത്ത് ഇങ്ങനെ നിരവധിപേരാണ് ഇരയാകുന്നത്. ഫോണുകളിലെ ഡാറ്റ ചോർത്തുന്ന തീം ഫിഷിങ് എന്ന സൈബർ ആക്രമണമാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ നടക്കുന്നത്.
അടുക്കള ഉപകരണങ്ങൾമുതൽ ആപ്പിൾ ഫോൺവരെയാണ് സമ്മാനം വാഗ്ദാനം ചെയ്യുന്നത്. http://voting2021. todayoffers.xyz/, http://voting2021.mallutech.xyz , https://is.gd/Voting2021 തുടങ്ങിയ ലിങ്കുകളാണ് തട്ടിപ്പിന് ഉപയോഗിക്കുന്നത്. ഇതിൽ പല ലിങ്കുകളും സിംഗപ്പൂരിലുള്ള ഒരേ ഐപി വിലാസത്തിൽനിന്നുള്ളവയാണെന്നും നഗരത്തിലെയും ഗ്രാമപ്രദേശത്തെയും ചെറുപ്പക്കാരടക്കം ഈ തട്ടിപ്പിൽ കുടുങ്ങിയിട്ടുണ്ടെന്നും കൊച്ചിയിലെ സൈബർ സുരക്ഷാ സ്ഥാപനമായ ടെക്നിസാങ്റ്റിന്റെ സിഇഒയും സൈബർ സുരക്ഷാ വിദഗ്ധനുമായ നന്ദകിഷോർ ഹരികുമാർ പറഞ്ഞു.
ഒരുദിവസം 75,000 പേരിലധികം ഈ തട്ടിപ്പിന് ഇരയാകുന്നുണ്ടെന്നാണ് കണക്കുകൾ. കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ 2,95,000 പേർ ഈ വലയിൽ കുടുങ്ങി. മൊബൈൽ ഫോണിന്റെ ഐപി വിലാസം, ഫോണിൽ സൂക്ഷിച്ചിട്ടുള്ള ഫോൺ നമ്പറുകൾ, അക്കൗണ്ട് നമ്പറുകൾ, പാസ് വേർഡുകൾ, സന്ദർശിക്കുന്ന വെബ്സൈറ്റുകൾ തുടങ്ങിയ വിവരങ്ങൾ ഇതിലൂടെ ചോർത്തപ്പെടാം. ഇതിലൂടെ ഫോണിന്റെ നിയന്ത്രണം പൂർണമായും തട്ടിപ്പുകാർക്ക് ഏറ്റെടുക്കാൻപോലുമാകും. സൈബർ അധോലോകമായ ഡാർക്ക് വെബിൽ വിൽക്കാൻവയ്ക്കുന്ന ഈ വിവരങ്ങൾ തീവ്രവാദപ്രവർത്തനങ്ങൾക്കുവരെ ഉപയോഗിച്ചേക്കാമെന്ന അപകടവുമുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..