പാലക്കാട്
ബിജെപിയുടെയും യുഡിഎഫിന്റെയും സമ്മർദത്തിനുവഴങ്ങി കേരളത്തെ വിരട്ടാനുള്ള കേന്ദ്ര ഏജൻസികളുടെ ശ്രമം സംസ്ഥാനത്ത് ചെലവാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തൃത്താല, പട്ടാമ്പി, ഷൊർണൂർ, ഒറ്റപ്പാലം, കോങ്ങാട് മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് റാലികൾ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്ര ഏജൻസികൾ വിലസിയ ചില മണ്ണുണ്ട്. ആ മണ്ണല്ലിത്. നിയമപ്രകാരം എന്തും നടത്താവുന്നതാണ്. എന്നാൽ, നിയമവിരുദ്ധമായി കാര്യങ്ങൾ ചെയ്യാൻ പുറപ്പെട്ടാൽ അതിനെ നിയമപരമായി നേരിടും. അഴിമതിയുടെ കൂത്തരങ്ങായിരുന്ന കേരളത്തെ എൽഡിഎഫാണ് അഴിമതിമുക്തമാക്കിയത്.
ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങി എല്ലാ മേഖലയിലും സംസ്ഥാനം വൻ മുന്നേറ്റമുണ്ടാക്കി. യുഡിഎഫ് ഭരണകാലത്തെ, 18 മാസത്തെ ക്ഷേമ പെൻഷൻ കുടിശ്ശിക എൽഡിഎഫ് സർക്കാരാണ് നൽകിയത്. പെൻഷൻ തുക 600ൽനിന്ന് 1600 ആയി ഉയർത്തി. ഇനിയും വർധിപ്പിക്കാനാണ് തീരുമാനം. പാവപ്പെട്ടവരെ ചേർത്തുപിടിക്കുകയാണ് എൽഡിഎഫ്.
എന്നാൽ, പാവപ്പെട്ടവർക്ക് വീട് നൽകുന്ന ലൈഫ് പദ്ധതി നിർത്തുമെന്നാണ് യുഡിഎഫ് പറയുന്നത്. ഐടി മേഖലയിൽ 3000 സ്‌റ്റാർട്ടപ്പുകൾ തുടങ്ങി. വലിയ കമ്പനികൾ കേരളത്തിലേക്ക് വരികയാണ്.
15,000 പേർക്ക് തൊഴിൽ കൊടുക്കുന്ന ടിസിഎസ് കരാർ ഒപ്പിട്ടു. വീടുകളിൽ തന്നെ തൊഴിൽ നൽകാൻ ലക്ഷ്യമിട്ട് പോർട്ടലിൽ രജിസ്‌റ്റർ ചെയ്‌തവർക്ക് തൊഴിൽ ലഭ്യമായിത്തുടങ്ങി. 20 ലക്ഷം പേർക്കെങ്കിലും തൊഴിൽ നൽകുകയാണ് ലക്ഷ്യം.
പിഎസ്‌സി വഴിയുള്ള നിയമനം സർവകാല റെക്കോഡാണ്. 1,60,500 പേർക്ക് നിയമനം ലഭിച്ചു. 50,000 തസ്തിക സൃഷ്ടിച്ചും റെക്കോഡ് സ്ഥാപിച്ചു. കേന്ദ്രസര്‍ക്കാരിനുകീഴില്‍ എട്ട് ലക്ഷം തസ്തിക ഒഴിഞ്ഞുകിടക്കുന്നു. ഇതിനെതിരെ ആരും ശബ്‌ദമുയർത്തുന്നില്ല. യുഡിഎഫും ബിജെപിയും ചേർന്ന് കേരളത്തിൽ ഐക്യമുണ്ടാക്കി. അതുകൊണ്ടാണ് വിമർശനമില്ലാത്തത്.
യുഡിഎഫിന്റെയും ബിജെപിയുടെയും കോൺഗ്രസിന്റെയും ലക്ഷ്യം സംസ്ഥാന സർക്കാരിന്റെ വികസന പ്രവർത്തനം അട്ടിമറിക്കലാണ്. നുണ പ്രചരിപ്പിക്കുകയാണ് പ്രധാനപണിയെന്നും പിണറായി ചൂണ്ടിക്കാട്ടി.
ബാബുവിന്റെ പ്രസ്താവന ബിജെപി സഖ്യത്തിന് തെളിവ്
ബിജെപിക്ക് വോട്ടുചെയ്‌തവർ ഇത്തവണ തനിക്ക് വോട്ട് ചെയ്യുമെന്ന യുഡിഎഫ് സ്ഥാനാർഥി കെ ബാബുവിന്റെ പ്രസ്‌താവന അവർ തമ്മിലുള്ള സഖ്യം പ്രകടമാണെന്നതിന്റെ തെളിവാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇടതുപക്ഷത്തെ തകർക്കാൻ യുഡിഎഫും ബിജെപിയും ചേർന്ന് കേരളത്തില്‍ സഖ്യം രൂപപ്പെടുത്തിയെന്നതിന്റെ തെളിവാണ് ഇത്തരം പ്രസ്‌താവന. ബിജെപി സഖ്യം യുഡിഎഫ് പരസ്യമായി അംഗീകരിച്ചു. ഇത് പലയിടത്തും ഉണ്ടാകും. ഇതിനെതിരെ ജാഗ്രത പാലിക്കണമന്നും പട്ടാമ്പിയിൽ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഞങ്ങൾക്ക് ഒരു അഡ്‌ജസ്‌റ്റ്‌മെന്റും വേണ്ട, വർഗീയ ശക്തികളുമായുള്ള കൂട്ടുകെട്ടിന്റെ ആവശ്യവുമില്ല.
കോൺഗ്രസിനും യുഡിഎഫിനും ബിജെപിക്കും കേരള വികസനത്തോട് കടുത്ത വിയോജിപ്പാണ്. നാടിന്റെ പുരോഗതിക്ക് അടിസ്ഥാനമാകുന്ന പല പരിപാടികളോടും ഇവർക്ക് യോജിക്കാൻ കഴിയുന്നില്ല. ഇവർ സഞ്ചരിച്ച പാതയിലൂടെയല്ല ഇടതുപക്ഷം സഞ്ചരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സ്ഥാനാർഥിയായ
ഞാനെങ്ങനെ
ഇലക്ഷൻ ഏജന്റാകും
കൂത്തുപറമ്പിൽ 1977ൽ സ്ഥാനാർഥിയായ ഞാനെങ്ങനെ കെ ജി മാരാരുടെ ഇലക്ഷൻ ഏജന്റായി പ്രവർത്തിക്കുകയെന്ന് പിണറായി വിജയന്‍ ചോദിച്ചു. കെ ജി മാരാരുടെ ഇലക്ഷൻ ഏജന്റായിരുന്നു പിണറായി എന്ന് ബിജെപി നേതാവ് പറഞ്ഞതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
എത്ര വലിയ വിദഗ്‌ധനും ബിജെപിയായാൽ അതിന്റെ സ്വാഭാവം കാണിക്കുമെന്ന് കേരളത്തിൽ വികസനം നടന്നിട്ടില്ലെന്ന ഇ ശ്രീധരന്റെ പ്രതികരണത്തിന് മറുപടിയായി പിണറായി പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..