20 March Saturday

ദേവികുളത്ത്‌ ബിജെപി ‐ എൻഡിഎ സ്ഥാനാർഥിയാകാൻ കോൺഗ്രസ്‌ നേതാവ്‌; പത്രിക നൽകിയിരുന്നത്‌ വിമതനായി

വെബ് ഡെസ്‌ക്‌Updated: Saturday Mar 20, 2021

എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ തയ്യാറെടുക്കുന്ന ഗണേശന്‍ ഡീന്‍ കുര്യക്കോസിനൊപ്പം

മറയൂര്‍ > ഇത്തവണത്തെ നിയമ സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പി സഖ്യത്തില്‍ മത്സരിക്കാന്‍ മറ്റൊരു കോണ്‍ഗ്രസ് നേതാവ്കൂടി. ദേവികുളം മണ്ഡലത്തില്‍ എന്‍ ഡി എ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച എ ഐ ഡി എം കെ സ്ഥനാര്‍ത്ഥി ധനലക്ഷമിയുടെ നാമനിര്‍ദ്ദേശ പത്രിക തള്ളിയതിനെ തുടര്‍ന്നാണ് കോണ്‍ഗ്രസ് വിമതനായി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച എസ് ഗണേശന്‍ എന്‍ ഡി എ സഖ്യത്തില്‍ ചേര്‍ന്ന് ദേവികുളം സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്.

യൂത്ത് കോണ്‍ഗ്രസിലൂടെ രംഗത്ത് എത്തിയ ഗണേശന്‍ മറയൂര്‍ കാന്തല്ലൂര്‍ മൂന്നാര്‍ തോട്ടം മേഖലയിലെ അറിയപ്പെടുന്ന കോണ്‍ഗ്രസ് നേതാവും സജീവ പ്രവര്‍ത്തകനുമാണ്. മുപ്പത്തി അഞ്ച് വര്‍ഷത്തിലധികമായി കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ചിട്ടും കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ബ്ലോക്ക് പഞ്ചായത്തിലേക്ക് പരിഗണിക്കാതിരുന്നതിനെ തുടര്‍ന്ന് കോണ്‍ഗ്രസുമായി പ്രശ്നത്തിലായിരുന്നു. പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി പരിഗണിക്കാതിരുന്നതിനെ തുടര്‍ന്ന് കര്‍ഷക കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റായ ഗണേശന്‍ വിമതനായി ദേവികുളം മണ്ഡലത്തിലേക്ക്  നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിരുന്നു.

സൂക്ഷമപരിശോധനക്കിടെ എന്‍ ഡി എ സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളിയതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് വിമതനായ ഗണേശനെ സമീപിക്കുകയും എന്‍ ഡി എ സഖ്യത്തിന്‍റെ ഭാഗമായി മത്സരിക്കാന്‍ തയ്യാാവുകയും ആയിരുന്നു. ലോക് സഭാ ഇലക്ഷനില്‍ ഡീന്‍ കുര്യക്കോസ് എം പി യുടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചതും മറയൂര്‍ കാന്തല്ലൂര്‍ തലയാര്‍ മേഖലയില്‍ നേതൃത്വം നല്‍കിയതു ഗണേശനായിരുന്നു. ഡീന്‍ കുര്യക്കോസ് , എ കെ മണി, ഡി കുമാര്‍ എന്നിവരുമായി വളരെയധികം അടുപ്പമുള്ള കോണ്‍ഗ്രസ്സ് നേതാവായിരുന്ന ഗണേശന്‍ എന്‍ ഡി എ സ്ഥാനാര്‍ത്ഥിയായി എത്തുന്നതിന്‍റെ ആശങ്കയിലാണ് കോണ്‍ഗ്രസ് നേതൃത്വം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top