20 March Saturday

ഇരവിപുരത്ത്‌ യുഡിഎഫ്‌ കൺവൻഷനിൽ കൂട്ടത്തല്ല്; തല്ലാൻ വന്നത്‌‌ ബിജെപി 
ഗുണ്ടകൾ

വെബ് ഡെസ്‌ക്‌Updated: Saturday Mar 20, 2021
കൊല്ലം > ഇരവിപുരം നിയോജക മണ്ഡലം യുഡിഎഫ്‌ സ്ഥാനാർഥി ബാബു ദിവാകരന്റെ തെരഞ്ഞെടുപ്പ് കൺവൻഷനിൽ കോൺഗ്രസുകാരുടെ കൂട്ടത്തല്ല്‌. ‌വടക്കേവിള–- മണക്കാട്  മണ്ഡലങ്ങളുടെ കൺവൻഷനിലാണ്‌ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്‌. റോയൽ ഓഡിറ്റോറിയത്തിൽ നടന്ന കൺവൻഷൻ കെപിസിസി വൈസ് പ്രസിഡന്റ് മോഹൻ ശങ്കറാണ്‌ ഉദ്ഘാടനംചെയ്തത്. മണക്കാട് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹിയായി രാജീവ് പാലത്തറയെ തെരഞ്ഞെടുത്തതിനെ തുടർന്നാണ്‌ സംഘർഷമുണ്ടായത്‌. മുൻ മണ്ഡലം പ്രസിഡന്റ് മണികണ്ഠനും ഗുണ്ടകളും ആക്രോശത്തോടെ കൺവൻഷൻ ഹാളിലേക്ക് ഇടിച്ചുകയറി ഉദ്ഘാടകന്റെ മുന്നിൽ കൈയാങ്കളിയിൽ ഏർപ്പെടുകയുമായിരുന്നു.
 
തല്ലാൻ വന്നത്‌‌ ബിജെപി 
ഗുണ്ടകൾ
 
തദ്ദേശ തെരഞ്ഞെടുപ്പിൽ പാലത്തറയിലെ എൻഡിഎ സ്ഥാനാർഥിയായി ജയിച്ച അനീഷിന്റെ ഗുണ്ടകളായ ബിജെപിക്കാരാണ്‌ മണികണ്ഠനൊപ്പം കൈയേറ്റം നടത്തിയെന്നത്‌ കോൺഗ്രസ്‌ ജില്ലാ നേതൃത്വത്തിന്‌ ഇരട്ട പ്രഹരമായി. കൈയാങ്കളി നടക്കുന്നതിനിടെ കൺവൻഷൻ ഹാളിലേക്കു വന്ന യൂഡിഎഫ് സ്ഥാനാർഥി ബാബു ദിവാകരൻ സംസാരിക്കാതെ തിരികെപ്പോയി.
 
തദ്ദേശ തെരഞ്ഞെടുപ്പിൽ പാലത്തറ ഡിവിഷനിൽ കോൺഗ്രസ്‌ സ്ഥാനാർഥിയായിരുന്ന രാജീവ് പാലത്തറയെ തോൽപ്പിക്കാൻ മുൻ മണ്ഡലം പ്രസിഡന്റായ മണികണ്ഠൻ ശ്രമിച്ചു എന്ന ആക്ഷേപം നിലനിൽക്കെയാണ് കൈയാങ്കളിയുണ്ടായത്‌.
 
ഒരുവേദി രണ്ടു‌തല്ല്‌
 
മണികണ്ഠനും ഗുണ്ടകളും കൈയാങ്കളി നടത്തുന്നതിനിടെ യൂത്ത്‌ കോൺഗ്രസ് ഭാരവാഹികളായ മുൻ മണ്ഡലം പ്രസിഡന്റ് ഷാസലിമും  യൂത്ത്‌ കോൺഗ്രസ് വടക്കേവിള ബ്ലോക്ക്‌ സെക്രട്ടറി അഫസ്‍ലും കൂട്ടരും തമ്മിൽ വേദിയുടെ മറുഭാഗത്ത് കൈയേറ്റമുണ്ടായി. 
ഇത്‌ മോഹൻശങ്കറിനെ ഉൾപ്പെടെയുള്ള നേതാക്കളെ ഞെട്ടിച്ചിരിക്കുകയാണ്.
 
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട‌ പ്രവർത്തനങ്ങളിൽ നിന്നെല്ലാം ഒരു വിഭാഗം മാറിനിൽക്കുകയാണ്. കിളികൊല്ലൂർ മണ്ഡലം കൺവൻഷനിലും കടുത്ത വിഭാഗീയത മറനീക്കി പുറത്തുവന്നത് പ്രവർത്തകർക്കിടയിൽ തെരഞ്ഞെടുപ്പിനു മുന്നേ തന്നെ തോൽവി ഉറപ്പിച്ചതു പോലെയാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top