ചെറുതുരുത്തി > വാഗ്‌ദാനങ്ങൾ നൽകി ജനങ്ങളെ കബളിപ്പിക്കുന്ന നയം എൽഡിഎഫിനില്ലെന്നും നടപ്പാക്കാൻ പറ്റുന്ന കാര്യങ്ങളേ പ്രകടനപത്രികയിൽ പറയാറുള്ളൂവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി ചെറുതുരുത്തിയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 15 ലക്ഷത്തിന്റെ ബാങ്ക് നിക്ഷേപം, 50 രൂപക്ക് പെട്രോൾ തുടങ്ങിയ വാഗ്‌ദാനങ്ങൾ ഒക്കെയുള്ള ചില പ്രകടന പത്രികകൾ നമ്മൾ കണ്ടിട്ടുണ്ട്. അതിന്റെ ഒക്കെ അവസ്‌ഥ എന്താണെന്ന് നാട്ടിൽ എല്ലാവർക്കും അറിയാവുന്നതാണ്. അങ്ങിനെയൊരു കബളിപ്പിക്കൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
വരുന്ന അഞ്ച്‌വർഷക്കാലം നടപ്പാക്കാനുള്ള വാഗ്‌ദാനങ്ങളാണ് ഇന്നലെ പുറത്തിറക്കിയ പ്രകടനപത്രികയിൽ ഉള്ളത്. എന്താണോ പറയുന്നത് അത് നടപ്പാക്കുക. നടപ്പാക്കാൻ പറ്റുന്നത് മാത്രം പറയുക എന്നതാണ് നയം. സാമൂഹ്യ നീതിയിൽ അധിഷ്‌ഠിതമായതും സർവ്വ തല സ്‌പർശിയുമായ വികസനം എല്ലാവർക്കും ഉറപ്പുവരുത്താനാണ് ശ്രമിക്കുന്നത്.
കഴിഞ്ഞ പ്രകടന പത്രികയിൽ 600 വാഗ്ദാനം ആയിരുന്നു ഉണ്ടായിരുന്നത്.അതിൽ 580 എണ്ണവും പാലിക്കാനായി. ഇത്തവണ 40 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ആണ് ലക്ഷ്യമിടുന്നത്. കൃഷിക്കാരുടെ വരുമാനത്തിന്റെ കുറവാണ് പ്രധാന കാരണം. കൃഷിക്കാരന്റെ വരുമാനം 50 ശതമാനം വർധിപ്പിക്കും. ക്ഷേമപെൻഷൻ 2500 രൂപയിലേക്ക് വർധിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്.വീട്ടമ്മമാർക്കും പെൻഷൻ നൽകാനുള്ള പദ്ധതിയും ഉണ്ട്. കടലിന്റെ അവകാശം കടലിന്റെ മക്കൾക്ക് എന്നതാണ് നയം.
ലൈഫിൽ 5 ലക്ഷം വീട് കൂടി നൽകും. കൊച്ചിയെ ഒരു സൈബർ വാലിയായാക്കും. . പ്രവാസി പുനരധിവാസത്തിനും ഉന്നത വിദ്യാഭ്യാസമേഖലക്കും ഊന്നൽ നൽകും. സാമൂഹ്യ വിഷയങ്ങളിൽ ഊന്നിയുള്ള ഗവേഷണത്തിനും പ്രാധാന്യം നൽകും. 30 മികവിന്റെ കേന്ദ്രങ്ങൾ സാധ്യമാക്കും. കോളേജുകളിൽ എല്ലാ ക്ലാസ് മുറികളും ഡിജിറ്റലൈസ് ചെയ്യും.അടിസ്‌ഥാന സൗകര്യങ്ങൾ വികസിപ്പിക്കും. . 40000 കോടിരൂപ റോഡ് വികസനത്തിന് ചിലവഴിക്കും.
കർണാടക, തമിഴ് നാട് അടക്കം എട്ടു സംസ്ഥാനങ്ങളിൽ കോവിഡ് വ്യാപന സാധ്യത കൂടി വരുന്ന സാഹചര്യമാണ് ഉള്ളതെന്നാണ് ഐസിഎംആർ പഠനം വ്യക്തമാക്കുന്നത്. കേരളത്തിലും അടുത്ത തരംഗത്തിനുള്ള സാധ്യത തള്ളികളയാനാവില്ല. കോവിഡിനെതിരായ പോരാട്ടം ശക്തമായി തുടരേണ്ടതുണ്ട് അതുകൊണ്ടുതന്നെ നല്ല ജാഗ്രത പുലർത്തേണ്ടതുണ്ട്. ഈ സാഹചര്യത്തിൽ എല്ലാവർക്കും വാക്സിനേഷൻ ലഭ്യമാക്കുക എന്നതാണ് സർക്കാർ ലക്ഷ്യമിടുന്നത്.
വലിയ ചുടുകാട്. കമ്യുണിസ്റ്റ്‌കാരുടെ വികാരവുമായി ബന്ധപ്പെട്ട ഇടമാണ്. ഒരു തരത്തിലും നടക്കാൻ പാടില്ലാത്ത ഒരു കാര്യമാണ് അവിടെ ഇന്നലെ നടന്നത്. ഒരു സ്‌ഥാനാർഥി അവിടെ അതിക്രമിച്ച് കയറി പൂക്കൾ വാരിയെറിഞ്ഞ് മുദ്രാവാക്യം വിളിച്ച് പരിഹസിക്കുകയാണ് ചെയ്‌തത്. . അതിക്രമവും പ്രകാപനവും സൃഷ്‌ടിക്കാൻ ആണ് ശ്രമിച്ചത്. എന്നാൽ അവിടെയുള്ളവർക്ക് നല്ല സംയമനം പാലിക്കാൻ കഴിഞ്ഞു. ഇത്തരം ഇടപെടൽ വരാൻ പോകുന്ന സൂചനകൾകൂടിയാണ്. പ്രകോപനം സൃഷ്‌ടിച്ച് സമാധാനാന്തരീക്ഷം തകൾക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..