ഗുവാഹത്തി
അസമിൽ വിമത സ്ഥാനാർഥികളായി മത്സരരംഗത്തെത്തിയ മുൻ ഡെപ്യൂട്ടി സ്‌പീക്കർ ദിലീപ് കുമാർ പോൾ അടക്കമുള്ള 15 നേതാക്കളെ ആറ് വർഷത്തേക്ക് ബിജെപി പുറത്താക്കി. നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതോടെയാണ് ബിജെപിയിൽനിന്ന് രാജിവച്ച പോൾ സിൽഛാർ മണ്ഡലത്തിൽ സ്വതന്ത്രനായി മത്സരിക്കാൻ തീരുമാനിച്ചത്.
അതേസമയം അസമിൽ 39 മണ്ഡലത്തിലേക്ക് നടക്കുന്ന രണ്ടാംഘട്ട തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് 345 സ്ഥാനാർഥികൾ. 30 പത്രിക തള്ളിപ്പോയി. 33പേർ പിൻവലിച്ചു. നാല് മന്ത്രിമാരും ഡെപ്യൂട്ടി സ്പീക്കർ അമിനുൾ ഹഖ് ലസകറും രണ്ടാംഘട്ടത്തിൽ മത്സരിക്കുന്നുണ്ട്. ബിജെപിയിൽ ചേർന്ന മുൻ കോൺഗ്രസ് മന്ത്രി ഗൗതം റോയി കടിഗോരയിൽനിന്ന് മത്സരിക്കും. ഇദ്ദേഹത്തിന്റെ മകനും മരുമകളും സ്വതന്ത്രരായും മത്സരിക്കുന്നു.
സ്ത്രീകളുടെ
പ്രകടന പത്രികയും
സ്ത്രീ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന നോർത്ത് ഈസ്‌റ്റ് നെറ്റ്‌വർക്ക്, പൂർബ ഭാരതി എഡ്യൂക്കേഷണൽ ട്രസ്‌റ്റ്, വിമെൻ ഇൻ ഗവേണൻസ്, വിമെൻസ് ലീഡർഷിപ് ട്രെയിനിങ് സെന്റർ എന്നീ സംഘടനകൾ ആവശ്യങ്ങളടങ്ങിയ പ്രകടന പത്രിക തയ്യാറാക്കി. തെരഞ്ഞെടുപ്പിൽ സ്ത്രീകൾക്ക് കൂടുതൽ പ്രാതിനിധ്യം, സ്ത്രീസുരക്ഷ ഉറപ്പാക്കുക, സാമ്പത്തിക കാര്യങ്ങളിൽ അർഹിക്കുന്ന പ്രാതിനിധ്യം, കൂടുതൽ വിദ്യാഭ്യാസ, ആരോഗ്യ സൗകര്യങ്ങൾ എന്നീ ആവശ്യങ്ങളടങ്ങിയ പത്രിക പാർടികൾക്ക് മുന്നിൽ അവതരിപ്പിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..