കണ്ണൂർ > കെപിസിസി വർക്കിങ് പ്രസിഡന്റ് കെ സുധാകരൻ എംപി ധർമടത്തെ തോൽവി ഭയന്ന് ഒളിച്ചോടുകയായിരുന്നുവെന്ന് കഴിഞ്ഞ തവണ മണ്ഡലത്തിൽ മത്സരിച്ച കെപിസിസി നിർവാഹക സമിതി അംഗം മമ്പറം ദിവാകരൻ. മുഖ്യമന്ത്രിയെ പുലിമടയിൽ കിട്ടിയിട്ട് നേരിടാൻ കഴിയാത്ത സുധാകരന്റെ പിണറായി വിരോധം പ്രസംഗത്തിലേ ഉള്ളൂ. ഒരു പത്രത്തിനുള്ള അഭിമുഖത്തിലാണ് മമ്പറം ദിവാകരൻ സുധാകരനെതിരെ ആഞ്ഞടിച്ചത്.
ധർമടത്ത് പിന്മാറാൻ സുധാകരൻ പറഞ്ഞ കാരണം ബാലിശമാണ്. കേരളത്തിൽ ഇത്രയും സജീവമായി പ്രവർത്തിക്കുന്ന മണ്ഡലം കമ്മിറ്റി വേറെയില്ല. പിണറായിയെ നേരിടാൻ തനിക്കും സുധാകരനും ഒരുപോലെ ബാധ്യതയുണ്ട്. എന്നാൽ, സുധാകരൻ അത് നിറവേറ്റിയില്ല. സുധാകരനില്ലെങ്കിൽ ധർമടത്ത് മത്സരിക്കാൻ തയ്യാറാണെന്ന് നേതൃത്വത്തെ അറിയിച്ചെങ്കിലും പരിഗണിച്ചില്ല. മൈക്കിന് മുന്നിൽ കമ്യൂണിസ്‌റ്റ് വിരോധം പറഞ്ഞിട്ട് കാര്യമില്ല.
അനാവശ്യ വിവാദം കൈക്കരുത്തല്ല. കൈപ്പത്തി ചിഹ്നമാണ് കോൺഗ്രസുകാരന്റെ കരുത്ത്. പ്രാദേശിക കമ്മിറ്റികളോട് ആലോചിച്ചിട്ടല്ല ധർമടത്ത് സാധ്യതാ പട്ടിക അയച്ചത്. പത്ത് മണ്ഡലം പ്രസിഡന്റുമാരെ എംപി ഓഫീസിൽ വിളിച്ചുവരുത്തി നാടകം കളിച്ചു. സി രഘുനാഥിനെ സ്ഥാനാർഥിയായി അടിച്ചേൽപിക്കുകയായിരുന്നു.
കോൺഗ്രസ് ഐയിൽ കെ കരുണാകരന്റെ പിന്തുടർച്ചക്കാർ രമേശ് ചെന്നിത്തലയും കെ സി വേണുഗോപാലുമൊക്കെയാണ്. വേണുഗോപാലിനൊപ്പം നിൽക്കുന്നവർ വേണുഗോപാൽ ഗ്രൂപ്പല്ല, യഥാർഥ ഐ ഗ്രൂപ്പാണെന്നും മമ്പറം ദിവാകരൻ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..