20 March Saturday

കോൺഗ്രസും ബിജെപിയും കേരളതല യോജിപ്പ്‌; കേന്ദ്രത്തിനെതിരെ യുഡിഎഫിന്‌ നാക്കുപൊന്തുന്നില്ല: പിണറായി

വെബ് ഡെസ്‌ക്‌Updated: Saturday Mar 20, 2021

തൃശൂർ > കേരളത്തിലെ സർക്കാരിനെ  വിമർശിക്കുന്ന കോൺഗ്രസ്‌, യുഡിഎഫ്‌ നേതാക്കൾക്ക്‌ കേന്ദ്രസർക്കാരിനെ വിമർശിക്കാൻ നാക്കുപൊന്തുന്നില്ലെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻപറഞ്ഞു. ബിജെപിക്ക്‌ അലോസരമുണ്ടാവുന്ന വർത്തമാനമൊന്നും  വേണ്ടെന്ന  നിലപാടാണ്‌ കോൺഗ്രസും  മുസ്ലീംലീഗും സ്വീകരിക്കുന്നത്‌. ഇവിടെയാണ്‌  കേരള തല യോജിപ്പ്‌. ‌തൃശൂർ ജില്ലയിൽ എൽഡിഎഫ്‌ പ്രചാരണ യോഗങ്ങളിൽ സംസാരിക്കുകയായിരുന്നു പിണറായി.

മോഡി സർക്കാർ എട്ടു ലക്ഷം തസ്‌തികകളിൽ ആരെയും  നിയിമിച്ചിട്ടില്ല. അതെല്ലാം ഒഴിഞ്ഞുകിടക്കുകയാണ്‌. അത്‌ തെറ്റാണെന്നെങ്കിലും പറയാൻ കോൺഗ്രസ്‌ തയ്യാറാവുന്നില്ല. കേരളത്തിൽ  പിഎസ്‌സി വഴി 1,60, 500 നിയമന ഉത്തരവ്‌ നൽകി റെക്കോഡിട്ടു.  ഒഴിവുകൾ റിപ്പോർട്ട്‌ ചെയ്യാൻ സർക്കാർ നിർദേശം നൽകി. ഇത്‌ പരിശോധിക്കാൻ ചീഫ്‌സെക്രട്ടറി തല കമ്മിറ്റിവരെ രൂപീകരിച്ചു.  എന്നാൽ സർക്കാർ സംവിധാനത്തിൽ  ജോലി  നൽകിയില്ലെന്ന്‌ പറഞ്ഞ്‌ സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാനാണ്‌  കോൺഗ്രസും ബിജെപിയും ശ്രമിച്ചത്‌.

രാജ്യത്ത്‌ പൊതുമേഖലാ സ്ഥാപനങ്ങൾ കേന്ദ്രം വിൽപ്പനക്ക്‌ വച്ചിരിക്കുന്നു. ഇവർക്കാർക്കും എതിർശബ്‌ദമില്ല. തിരുവനന്തപുരം  വിമാനത്താവളം സ്വകാര്യവൽക്കരിക്കാൻ  കേന്ദ്രസർക്കാർ തീരുമാനിച്ചു.  എൽഡിഎഫും സർക്കാരും  എതിർത്തു. എന്നാൽ അദാനിക്ക്‌ വിമാനത്താവളം വിറ്റു. കോൺഗ്രസിലെ തിരുവനന്തപുരം ലോക്‌സഭാംഗം  ഇതിനെ  സ്വാഗതം ചെയ്‌തു. ഇതാണ്‌ കോൺഗ്രസ്‌.

അഞ്ച്‌ വർഷത്തെ എൽഡിഎഫ്‌ ഭരണം കേരളത്തെ അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനമാക്കി മാറ്റി. രാജ്യത്തെ അഴിമതി സംബന്ധിച്ച കണക്കെടുപ്പ്‌  നടത്തുന്ന ഏജൻസിയാണ്‌ ഇത്‌ കണ്ടെത്തിയത്‌. ഇത്‌ കേരളത്തിന്റെ യശസ്സ്‌ രാജ്യത്തിനകത്തും പുറത്തും ഉയർത്തി. കേരളത്തിൽ  പൊതുമേഖല ശക്തിയാർജിക്കുന്നു.  നഷ്ടത്തിലായവ ലാഭത്തിലാക്കുന്നു. യുഡിഎ‌ഫ്‌ ഭരണകാലത്ത്‌ പൊതുമേഖല തകർത്തു. എൽഡിഎഫ്‌ സർക്കാർ കഴിഞ്ഞ അഞ്ചുവർഷത്തിനകം രണ്ടരലക്ഷം കുടുംബങ്ങൾക്ക്‌ വീട്‌ നൽകി. അടുത്ത അഞ്ച്‌വർഷം അഞ്ച്‌ ലക്ഷം വീടുകൾ നൽകുമെന്ന്‌ പ്രകടനപത്രികയിൽ പറയുന്നു. എന്നാൽ  അധികാരത്തിലേറിയാൽ    ലൈഫ്‌ മിഷൻ  പിരിച്ചുവിടുമെന്ന്‌ യുഡിഎഫ്‌ പറയുന്നു. മനുഷ്യരുടെ പ്രസ്ഥാനങ്ങൾക്ക്‌ ഇത്‌ പറയാനാവുമോ. ഇതെല്ലാം ജനങ്ങൾ തിരിച്ചറിയുമെന്നും എൽഡിഎഫിനെ തുടർഭരണത്തിലേക്ക്‌ നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top