കോട്ടയം
ഒരു കാലഘട്ടത്തിൽ വലതുപക്ഷ രാഷ്‌ട്രീയത്തിന്റെ വക്താവായിരുന്നെങ്കിലും തന്റെ രാഷ്‌ട്രീയജീവിതത്തിന്റെ അവസാന നാളുകളിൽ ഇടതുപക്ഷത്ത് അതിന്റെ മഹത്വം തിരിച്ചറിഞ്ഞ് കടന്നുവന്ന ചരിത്രമാണ് സ്‌കറിയാ തോമസിന്റേത്. വലതുപക്ഷ രാഷ്‌ട്രീയത്തിന് വളക്കൂറുണ്ടായിരുന്ന മണ്ണിൽ രാഷ്‌ട്രീയ ജീവിതം ആരംഭിച്ച അദ്ദേഹം കർഷകർക്കുവേണ്ടി നിലകൊണ്ടു. അവരുടെ പ്രശ്‌നങ്ങൾ ഉയർത്തിയുള്ള സമരങ്ങളിലും ഭാഗഭാക്കായി.
തന്റെ പാർടിയെ ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ എല്ലാ സമരമുഖങ്ങളിലും അണിനിരത്തിയത് വർഗീയ ഫാസിസ്‌റ്റ്, നവലിബറൽ നയങ്ങൾക്കെതിരായ പോരാട്ടങ്ങളിൽ ഇന്ത്യയുടെ ഏക പ്രതീക്ഷ ഇടതുപക്ഷമാണെന്ന തിരിച്ചറിവിൽ നിന്നായിരുന്നു. കെ എം മാണിയുടെ വിശ്വസ്‌തനായിരുന്ന അദ്ദേഹം 1980ൽ നായനാർ സർക്കാരിന്റെ കാലഘട്ടത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നു. അക്കാലത്ത് കോട്ടയത്തുനിന്നുള്ള എൽഡിഎഫിന്റെ ലോകസഭാംഗവുമായി.
2015ലെ പിളർപ്പിനു ശേഷം അദ്ദേഹം പി സി തോമസുമായുള്ള ബന്ധം ഉപേക്ഷിച്ച് പുതിയ പാർട്ടിയുണ്ടാക്കി. എൽഡിഎഫിലെ ചെറുകക്ഷിയാണെങ്കിലും മുന്നണിയുടെ കെട്ടുറപ്പിന് മികച്ച സംഭാവനചെയ്‌ത പാർടിയായിരുന്നു അദ്ദേഹത്തിന്റേത്. പി സി തോമസ് അവസരവാദ നിലപാടുകളോടെ എൽഡിഎഫ് വിട്ടെങ്കിലും അദ്ദേഹം ഉറച്ചുനിന്നു.
1977 മുതൽ 84 വരെ സ്‌കറിയ തോമസ് കോട്ടയം ലോകസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നു. 1984ൽ സിപിഐ എമ്മിലെ അഡ്വ. കെ സുരേഷ് കുറുപ്പിനോട് തോറ്റു. അവിഭക്ത കേരള കോൺഗ്രസിന്റെ ജനറൽ സെക്രട്ടറി, വൈസ് ചെയർമാൻ പദവികൾ വഹിച്ചിട്ടുള്ള അദ്ദേഹം വിടപറയുമ്പോൾ കേരള കോൺഗ്രസിന്റെ ആദ്യകാല നേതാക്കളിൽ ഒരാളാണ് അരങ്ങൊഴിയുന്നത്. ക്‌നാനായ സമുദായത്തിലും നേതൃത്വപരമായ പങ്കുവഹിച്ചിട്ടുള്ള അദ്ദേഹത്തെ സിറിയൻ ഓർത്തഡോക്സ് സഭ പാത്രിയർക്കീസ് ബാവാ കമാൻഡർ പദവി നൽകി ആദരിച്ചിട്ടുണ്ട്.
സ്‌കറിയ തോമസ് കേരള കോൺഗ്രസ്
രൂപീകരണംമുതൽ നേതാവ്
കേരള കോൺഗ്രസ് രൂപീകരണം മുതൽ നേതൃസ്ഥാനത്തുണ്ടായിരുന്നയാളാണ് വ്യാഴാഴ്‌ച അന്തരിച്ച സ്‌കറിയ തോമസ്. കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് ലിമിറ്റഡ് ചെയർമാനും(കെഎസ്ഐഇ) ക്‌നാനായ സഭ സമുദായട്രസ്‌റ്റിയുമാണ്. കെ എം മാണി, പി ജെ ജോസഫ്, പി സി തോമസ് തുടങ്ങിയവർക്കൊപ്പം പ്രവർത്തിച്ചു. 2010ൽ പി ജെ ജോസഫ് ഗ്രൂപ്പ് കെ എം മാണിയുടെ കേരള കോൺഗ്രസ് എമ്മിൽ ലയിച്ചപ്പോൾ സ്‌കറിയ തോമസും പി സി തോമസും ലയനവിരുദ്ധ കേരള കോൺഗ്രസ് രൂപീകരിച്ച് ഇടതുപക്ഷത്ത് തന്നെ നിലയുറപ്പിച്ചു.
2015ൽ കേരള കോൺഗ്രസ് സ്‌കറിയ വിഭാഗം രൂപീകരിച്ച് പാർടി ചെയർമാനായി. 1977ലും 1980ലും കോട്ടയത്തുനിന്ന് പാർലമെന്റിലേക്ക് വിജയിച്ചു.1984ൽ മത്സരിച്ചെങ്കിലും അഡ്വ. കെ സുരേഷ്‌കുറുപ്പിനോട് പരാജയപ്പെട്ടു. 2011ൽ കോതമംഗലത്തും 2016ൽ കടുത്തുരുത്തിയിലും മത്സരിച്ചു. ട്രാവൻകൂർ ഷുഗേഴ്‌സ് ആൻഡ് കെമിക്കൽസ് ചെയർമാനായും പ്രവർത്തിച്ചു. എംപിയായിരിക്കെ വിവിധ പാർലമെന്ററി കമ്മിറ്റികളിൽ അംഗമായിരുന്നു. അവിഭക്ത കേരള കോൺഗ്രസ് വൈസ്‌പ്രസിഡന്റ്, ജനറൽ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി, ട്രഷറർ എന്നീ നിലകളിൽ പ്രവർത്തിച്ചു. ജോസഫ് ഗ്രൂപ്പിലെ സെക്രട്ടറി ജനറൽ ചുമതലയും നിർവഹിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..