19 March Friday

കോവിഡ്‌ കാലം ; ഇന്ത്യയിൽ മാതൃ ശിശു മരണം 
കുതിച്ചുയരും: ഡബ്ല്യുഎച്ച്‌ഒ

വെബ് ഡെസ്‌ക്‌Updated: Friday Mar 19, 2021


ഐക്യരാഷ്ട്രകേന്ദ്രം
ദക്ഷിണേഷ്യയിൽ 2020 ഒക്ടോബർമുതൽ 2021 സെപ്തംബർവരെയുള്ള കാലയളവിൽ മാതൃ–- ശിശുമരണത്തിൽ ഏറ്റവും വലിയ വർധനയുണ്ടാകുക ഇന്ത്യയിലായിരിക്കുമെന്ന്‌ ലോകാരോഗ്യ സംഘടന. കോവിഡ്‌ കാലത്ത്‌ മറ്റ്‌ ആരോഗ്യ പരിചരണത്തിലുണ്ടായ കുറവാണ്‌ കാരണമെന്നും ഡബ്ല്യൂഎച്ച്ഒ‌, യൂണിസെഫ്‌, യുഎൻ പോപ്പുലേഷൻ ഫണ്ട്‌ എന്നിവ നടത്തിയ സംയുക്ത പഠനം‌ നിരീക്ഷിക്കുന്നു.

ഈ കാലയളവിൽ ദക്ഷിണേഷ്യയിലാകെ അഞ്ചുലക്ഷം അധിക മരണം ഉണ്ടാകും.  ഇതിൽ 4,91,117 ഇന്ത്യയിൽമാത്രമായിരിക്കും. സമയോചിത നടപടിയെടുത്താൽ ഇത്‌ 85,821  ആയി കുറയ്‌ക്കാനാകും. ആശുപത്രിയിലും ഐസിയുവിലും പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തിലും ഇന്ത്യ തന്നെയായിരിക്കും മുന്നിൽ.

ദക്ഷിണേഷ്യയിൽ അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളുടെ മരണത്തിൽ 2.29 ലക്ഷത്തിന്റെ വർധനയുണ്ടാകും. ഇന്ത്യയിൽമാത്രം 1,54,020 കുഞ്ഞുങ്ങൾ കൂടുതലായി മരിക്കും. മുൻ വർഷത്തെ അപേക്ഷിച്ച്‌ 15 ശതമാനം വർധന. പാകിസ്ഥാനിൽ ശിശുമരണം 14 ശതമാനം കൂടും.
ദക്ഷിണേഷ്യയിൽ ചാപിള്ളകളുടെ എണ്ണത്തിൽ 89,434ന്റെ വർധനയുണ്ടാകും. ഇതിലും ഇന്ത്യയാകും മുന്നിൽ–- 60,179ന്റെ വർധന (10 ശതമാനം). പാകിസ്ഥാനിൽ 11ഉം ബംഗ്ലാദേശിൽ മൂന്നും ശതമാനം കൂടും. ഈ കാലയളവിൽ ഇന്ത്യയിൽ 7,750ഉം (18 ശതമാനം) പാകിസ്ഥാനിൽ 2069ഉം (21) അമ്മമാർ അധികമായി പ്രസവത്തോടെ മരിക്കും.

അപ്രതീക്ഷിത ഗർഭധാരണവും കൂടും. ദക്ഷിണേഷ്യയിൽ 35 ലക്ഷം. ഇതിൽ 30 ലക്ഷവും ഇന്ത്യയിൽ. 15–- 19 പ്രായവിഭാഗത്തിലുള്ള മാതൃമരണവും പകർച്ചവ്യാധികൾ മൂലമുണ്ടാകുന്ന മരണവും കൂടും. കോവിഡ്‌ കാരണം പഠനസൗകര്യങ്ങൾ ലഭിക്കാതെ വന്നത്‌ വിദ്യാർഥികളുടെ ഭാവി വരുമാനത്തിൽ ഇത്‌ 15–- 23 ശതമാനം കുറവുണ്ടാക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top