ചാത്തന്നൂർ> അവധിക്കു നാട്ടിലെത്തി കൂട്ടുകാരുമൊത്ത് ബൈക്കിൽ കുട്ടനാട്ടിൽ വിനോദയാത്ര പോയി മടങ്ങിയ സൈനികൻ അപകടത്തിൽ മരിച്ചു. ചാത്തന്നൂർ മാമ്പള്ളിക്കുന്ന് അനന്ദു ഭവനിൽ അനന്തു സോമൻ (22)ആണ് മരിച്ചത്. ആലപ്പുഴയിൽ വ്യാഴാഴ്ച പുലർച്ചെ ആറരയോടെയായിരുന്നു അപകടം. അമിതവേഗത്തിൽ എതിർദിശയിൽ വന്ന കാറിൽ ഇടിക്കാതിരിക്കാൻ റോഡുവക്കിലേക്ക് വെട്ടിത്തിരിച്ച ബൈക്ക് നിയന്ത്രണംവിട്ട് ഡിവൈഡറിൽ ഇടിച്ചായിരുന്നു അപകടം. ബൈക്ക് ഓടിച്ച അനന്തുവിന്റെ തല ഡിവൈഡറിലിടിച്ച് സാരമായി പരിക്കേറ്റു.
ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളും നാട്ടുകാരും ചേർന്ന് ആലപ്പുഴ ഗവ. മെഡിക്കൽകോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. രണ്ടുവർഷം മുമ്പാണ് അനന്തു കരസേനയിൽ നേഴ്സിങ് അസിസ്റ്റന്റായി ജോലിയിൽ പ്രവേശിച്ചത്. ഒരാഴ്ച മുമ്പാണ് അവധിക്കു നാട്ടിലെത്തിയത്. അവധിക്ക് എത്തിയ മറ്റ് സൈനിക സുഹൃത്തുക്കൾക്കൊപ്പം മൂന്ന് ബൈക്കിലായാണ് കുട്ടനാട്ടിലേക്ക് യാത്ര പോയത്. മൃതശരീരം ഉച്ചയോടെ കൊട്ടിയത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. മസ്‌കത്തിൽ ഇലക്ട്രീഷ്യനായ അച്ഛൻ സോമൻ എത്തിയശേഷം സംസ്കാരം നടത്തും. അമ്മ: സുജ. സഹോദരി: സ്വാതി (പ്ലസ് ടു വിദ്യാർഥി)
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..