പുതുച്ചേരി
പുതുച്ചേരി നിയമസഭയിലേക്ക് മത്സരിക്കുന്ന കോൺഗ്രസ്, -ബിജെപി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.മുപ്പതംഗ നിയമസഭയിൽ ഒമ്പത് സീറ്റിലാണ് ബിജെപി മത്സരിക്കുന്നത്. 21 സീറ്റിൽ സഖ്യകക്ഷികളായ എൻആർ കോൺഗ്രസ്–-എഐഎഡിഎംകെ സ്ഥാനാർഥികളാണ് മത്സരിക്കുക. മാഹി സീറ്റ് എൻആർ കോൺഗ്രസിന് നൽകി. കോൺഗ്രസിൽനിന്ന് രാജിവച്ച മുൻമന്ത്രിയും പിസിസി അധ്യക്ഷനുമായ എ നമഃശിവായം ബിജെപി ടിക്കറ്റിൽ മണ്ണാടിപേട്ടിൽനിന്ന് നിയമസഭയിലേക്ക് മത്സരിക്കും. ഇഡി ഭീഷണിയിൽ കാലുമാറിയ കോൺഗ്രസ് എംഎൽഎ എ ജോൺകുമാറിനും മകൻ റിച്ചാർഡ്‌സ് ജോൺകുമാറിനും ബിജെപി സീറ്റ് നൽകിയിട്ടുണ്ട്.
രാജിവച്ച കോൺഗ്രസ് എംഎൽഎ ദീപൈന്തനെയും ഡിഎംകെ എംഎൽഎ വെങ്കിടേശ്വരനെയും പരിഗണിച്ചില്ല. നിർണായക ഘട്ടത്തിൽ ബിജെപിയെ സഹായിച്ച സ്‌പീക്കർ ശിവകൊഴുന്തിനും മകനും സീറ്റില്ല.
യാനം ഒഴികെ 14 സീറ്റിലേക്കുള്ള കോൺഗ്രസ് സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി വി നാരായണസ്വാമി മത്സരരംഗത്തില്ല. മന്ത്രി എംഒഎച്ച്‌എഫ് ഷാജഹാൻ കാമരാജ് നഗറിലും പിസിസി അധ്യക്ഷൻ എ വി സുബ്രഹ്മണ്യം കാരയ്‌ക്കാൽ നോർത്തിലും മത്സരിക്കും.
കോൺഗ്രസ്
പട്ടികയിൽ 14 പേർ
പുതുച്ചേരിയിൽ മുൻ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ വി നാരായണസ്വാമിയുടെ പേരില്ലാതെ കോൺഗ്രസ് സ്ഥാനാർഥിപ്പട്ടിക. നിയമസഭാ തെരഞ്ഞെടുപ്പിൽ 14 സീറ്റിലേക്കുള്ള സ്ഥാനാർഥികളെയാണ് എഐസിസി പ്രഖ്യാപിച്ചത്. യാനം മണ്ഡലത്തിലെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല. 30 സീറ്റുള്ള പുതുച്ചേരിയിൽ 15 ഇടത്താണ് കോൺഗ്രസ് മത്സരിക്കുന്നത്. ഡിഎംകെ 13 സീറ്റിലും വിസികെയും സിപിഐയും ഓരോ സീറ്റിലും മത്സരിക്കും. സിപിഐഎം സിറ്റിങ്ങ് സീറ്റായ മാഹിയിൽ മത്സരിക്കുന്നുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..