18 March Thursday

കോൺഗ്രസിൽ 
സ്ഥാനാർഥിയാകാൻ ആളില്ല: കാനം രാജേന്ദ്രൻ

വെബ് ഡെസ്‌ക്‌Updated: Thursday Mar 18, 2021


തിരുവനന്തപുരം
മുഖ്യമന്ത്രിക്കെതിരെ സ്ഥാനാർഥിയെ കണ്ടുപിടിക്കാനാകാതെ കോൺഗ്രസ് പെടാപ്പാടുപെടുകയാണെന്ന്‌ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. മിക്കയിടങ്ങളിലും ഈ ദയനീയത ദൃശ്യമായി. സ്ഥാനാർഥി നിർമിതിക്ക്‌‌ ഓർഡർ നൽകി കാത്തിരിപ്പാണ്‌. പലയിടത്തും ഓർഡർ അനുസരിച്ചുള്ള നിർമിതി നടക്കുന്നതേയുള്ളൂവെന്നും കേസരി സ്‌മാരക ട്രസ്റ്റിന്റെ മുഖാമുഖത്തിൽ കാനം പറഞ്ഞു.

നേമത്ത് എൽഡിഎഫ്‌ വിജയം ഉറപ്പാണ്. കഴിഞ്ഞതവണ യുഡിഎഫ് വോട്ടുകൾ എങ്ങോട്ടോ ഒലിച്ചുപോയപ്പോഴാണ്‌ ബിജെപി ജയിച്ചത്‌.  കോ–-ലീ–-ബി സഖ്യം മുല്ലപ്പള്ളി അടച്ചാലും കോൺഗ്രസിൽ അടയാത്ത അധ്യായമാണ്‌. 35 സീറ്റ്‌ കിട്ടിയാൽ അധികാരത്തിലെത്തിയെന്നാണ്‌ ബിജെപി ഉറപ്പിക്കുന്നത്‌. അതിന്റെ കണക്കുശാസ്‌ത്രം ബന്ധപ്പെട്ടവരാണ്‌ വ്യക്തമാക്കേണ്ടത്‌.  രാജ്യത്ത്‌ കോൺഗ്രസിൽനിന്ന്‌ ബിജെപിയിലേക്ക്‌ ഒഴുകുന്നത്‌ എംപിമാരും, എംഎൽഎമാരുമുൾപ്പെടെയാണ്‌. ഇതിനെ സാമാന്യവൽക്കരിക്കാനുള്ള നീക്കം വിലപ്പോകില്ല.

എൽഡിഎഫ്‌ സർക്കാർ വീണ്ടും അധികാരത്തിലെത്തും. അഞ്ചുവർഷത്തെ സർക്കാരിന്റെ പ്രവർത്തനങ്ങളാണ്‌ അടിസ്ഥാനം.  പെൻഷനും ആനുകൂല്യങ്ങളും ദുർബല ജനവിഭാഗങ്ങൾക്ക് സഹായകരമാണ്‌. ഇവ വരുംകാലങ്ങളിലും  എൽഡിഎഫ് സർക്കാർ വർധിപ്പിക്കുമെന്നും കാനം രാജേന്ദ്രൻ വ്യക്തമാക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top