കൊല്‍ക്കത്ത
ബംഗാളില്‍ സ്ഥാനാർഥി നിർണയത്തിലെ തമ്മിലടിയിലും തെരഞ്ഞെടുപ്പ് റാലികളില്‍ ആളുകുറയുന്നതിലും കുപിതനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്നാഥ് സിങ്, അമിത് ഷാ, യോഗി ആദിത്യനാഥ് എന്നിവര്‍ പങ്കെടുത്ത യോഗങ്ങളിൽ ജനപങ്കാളിത്തം വളരെ കുറഞ്ഞിരുന്നു.
മുതിർന്ന നേതാക്കളുടെ യോഗത്തില്‍ സംസ്ഥാന നേതാക്കളെയും ചുമതലയുള്ള കേന്ദ്ര നേതാക്കളെയും അമിത് ഷാ നിര്‍ത്തിപ്പൊരിച്ചു. ബംഗാൾ നേതാക്കളെ വിശ്വസിച്ചാണ് സ്ഥാനാര്‍ഥികളെ നിശ്ചയിച്ചത്. അവര്‍ പ്രവര്‍ത്തകരുടെ വികാരം മാനിച്ചില്ലെന്ന് വ്യക്തമായി. സ്വകാര്യ ഏജൻസിയുടെ അഭിപ്രായ പ്രകാരം സ്ഥാനാര്‍ഥി ആയവരെ കുറിച്ച് പരാതിയില്ലെന്നും എടുത്തുകാട്ടി. കാലുമാറ്റക്കാര്‍ക്ക് അമിത പ്രാധാന്യം നല്‍കിയതില്‍ തൃണമൂല്‍ വിട്ടുവന്ന മുകുള്‍ റോയ് ആണ് പ്രതിസ്ഥാനത്ത്.
ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ, സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ്, ബംഗാൾ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ് വർഗിയ, അമിത് മാളവ്യ, മുകുൾ റോയ്, സ്വപൻദാസ് ഗുപ്ത തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. ഇനി പ്രഖ്യാപിക്കുന്ന സീറ്റുകളില്‍ ബിജെപി നേതാക്കള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കും. മുകുൾ റോയ് ഉൾപ്പെടെ ചില എംപിമാരും മത്സരിക്കും.
സ്ഥാനാർഥികളെച്ചൊല്ലി ബുധനാഴ്ചയും ബിജെപി സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസിന് മുമ്പിലും വിവിധ മണ്ഡലങ്ങളിലും വ്യാപകമായ പ്രതിഷേധം അരങ്ങേറി. റിബലായ് മത്സരിക്കുമെന്ന് നേതാക്കള്‍ ഭീഷണി മുഴക്കി.
കാലുമാറിയ മന്ത്രി
തിരിച്ചുപോയി
സീറ്റ് നിഷേധിക്കപ്പെട്ടതോടെ മമത മന്ത്രിസഭയില്‍നിന്ന് രാജിവച്ച് ബിജെപിയില്‍ ചേര്‍ന്ന ബച്ചു ഹസ്ദ ഒരാഴ്ചയ്ക്കുശേഷം വീണ്ടും തൃണമൂലില്‍ തിരിച്ചെത്തി. ബിജെപിയില്‍ പരിഗണന ലഭിച്ചില്ലെന്നാണ് പരാതി.
ബംഗാള്‍ പൊലീസ് വേണ്ട
തെരഞ്ഞെടുപ്പ് ദിവസം സംസ്ഥാനത്ത് പോളിങ് ബൂത്തുകളുടെ നൂറു മീറ്ററിനുള്ളില്‍ സംസ്ഥാന പൊലീസ് കടക്കരുതെന്ന് തെരഞ്ഞെടുപ്പ് കമീഷൻ നിർദേശിച്ചു. കേന്ദ്ര സേനയാകും തെരഞ്ഞെടുപ്പ് സുരക്ഷാ ചുമതല പൂർണമായി വഹിക്കുക. ഒരു പൊലീസ് നിരീക്ഷകനെ കൂടി സംസ്ഥാനത്ത് നിമയിച്ചു. നിലവില്‍ രണ്ട് നിരീക്ഷകരുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..