എടക്കാട് > വാടക വീട്ടിൽനിന്നും വാടക വീട്ടിലേക്ക് ജീവിതംപറിച്ചുനടേണ്ടി വരുന്നവർ. എപ്പോൾ വേണമെങ്കിലും ഇറങ്ങേണ്ട താൽക്കാലിക അഭയങ്ങളിൽ തങ്ങുന്നവർ. തലചായ്‌ച്ചുറങ്ങാൻ ഒരുതുണ്ട് ഭൂമി പോലുമില്ലാത്തവരുടെ പൊള്ളുന്ന ജീവിതങ്ങൾക്കുമേൽ തണൽവിരിക്കുകയാണ് എൽഡിഎഫ് സർക്കാർ. ലൈഫ്‌മിഷനിൽ ജില്ലയിലെ ആദ്യത്തെ ഭവനസമുച്ചയത്തിന്റെ നിർമാണം കടമ്പൂരിൽ ഉടൻ പൂർത്തിയാകും.
44 കുടുംബങ്ങൾക്ക് വീട്
കടമ്പൂർ പനോന്നേരിയിൽ പഞ്ചായത്ത് വിട്ടുനൽകിയ 41 സെന്റ് സ്ഥലത്താണ് ഭവനസമുച്ചയം. നാലുനിലകളിലായി 44 കുടുംബങ്ങൾക്കുള്ള ഭവന യൂണിറ്റുകൾ. ഗ്രൗണ്ട് ഫ്ലോർ, ഒന്നാംനില, രണ്ടാംനില എന്നിവയിൽ 12 വീടുകൾ വീതം. മൂന്നാംനിലയിൽ എട്ടുവീടുകൾ. രണ്ട് ബെഡ്റൂം, ലിവിങ് ഹാൾ, അടുക്കള, ടോയ്‌ലറ്റ്, ബാത്ത്‌റൂം എന്നിവ ഉൾപ്പെടുന്നതാണ് ഒരു യൂണിറ്റ്.
സംസ്ഥാനത്ത് നിർമിക്കുന്ന 14 കെട്ടിട സമുച്ചയങ്ങളിൽ ആദ്യം പൂർത്തിയാവുക കടമ്പൂരിലാണ്. 6.4 കോടിയാണ് പദ്ധതിക്കായി വകയിരുത്തിയത്. വീടിന്റെ ഓരോഭാഗവും പ്രത്യേകം തയാറാക്കി തറയുടെ മുകളിൽ ഒട്ടിക്കുന്ന പ്രീ - ഫാബ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് നിർമാണം. ആന്തൂർ, ചിറക്കൽ, കണ്ണപുരം എന്നിവിടങ്ങളിലും ഭവനസമുച്ചയം നിർമാണ പ്രവൃത്തി തുടങ്ങി. പയ്യന്നൂരിൽ നിർമാണം ഉടൻ തുടങ്ങും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..