പാലക്കാട്
സ്വപ്‌നത്തിലേക്കുള്ള വലിയ ചാട്ടം വരാനിരിക്കുന്നതേയുള്ളുവെന്ന് ശ്രീശങ്കർ. സന്തോഷത്തിന്റെ ആദ്യപടി കടന്നു. കൂടുതൽ പരിശീലനത്തിലൂടെ വലിയ വിജയം നേടാൻ കഴിയുമെന്ന് ആത്‌മവിശ്വാസമുണ്ട്. ലോങ്‌ജമ്പിൽ ഒളിമ്പിക്‌സ് യോഗ്യത നേടിയശേഷം വീട്ടിലെത്തിയതായിരുന്നു ശ്രീശങ്കർ.
പട്യാലയിൽ ഫെഡറേഷൻ കപ്പ് അത്‌ലറ്റിക്‌സിലെ ദേശീയ റെക്കോഡ് (8.26 മീറ്റർ) വലിയ വിജയത്തിലേക്കുള്ള ആദ്യചാട്ടമാണ്. എന്നും അച്ഛന്റെ കീഴിലായിരുന്നു പരിശീലനം. ഇനിയും അത് തുടരും. ഒളിമ്പിക്‌സിനുമുമ്പ് രണ്ടോ മൂന്നോ രാജ്യാന്തര മത്സരങ്ങളിൽ പങ്കെടുക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. സാങ്കേതിക മികവിൽ ശ്രദ്ധിച്ചാൽ ടോക്യോ ഒളിമ്പിക്‌സിലെ മെഡൽ ഏറെ ദൂരെയല്ല–- ശ്രീശങ്കർ പറഞ്ഞു. ഒളിമ്പിക്‌സ് യോഗ്യത നേടി പാലക്കാട് യാക്കരയിലെ വീട്ടിലെത്തിയ ശ്രീശങ്കറിനെ സ്വീകരിക്കാൻ നാട്ടുകാരും കൂട്ടുകാരുമെത്തി. കേക്കുമുറിച്ചും മധുരം വിതരണം ചെയ്‌തും ആഹ്ലാദം പങ്കിട്ടു.
സാഫ് ഗെയിംസിൽ ട്രിപ്പിൾ ജമ്പ് വെള്ളിമെഡൽ ജേതാവ് എസ് മുരളിയാണ് അച്ഛൻ. ജൂനിയർ ഏഷ്യൻ ഗെയിംസിൽ 800 മീറ്ററിൽ ഇന്ത്യക്കുവേണ്ടി ഓടിയ കെ എസ് ബിജിമോളാണ് അമ്മ. സഹോദരി ശ്രീപാർവതി കേന്ദ്രീയ വിദ്യാലയങ്ങളുടെ ദേശീയ മീറ്റിൽ ട്രിപ്പിൾ ജമ്പ്, ലോങ് ജമ്പ് മെഡൽ ജേത്രിയാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..