18 March Thursday

കേരളത്തെ തകർക്കാൻ കോൺഗ്രസ്‌‐ യുഡിഎഫ്‌ ‐ബിജെപി ചങ്ങാത്തം; ഒരു വർഗീയ ശക്‌തിയുടേയും സഹായം ഞങ്ങൾക്ക്‌ ആവശ്യമില്ല: പിണറായി

വെബ് ഡെസ്‌ക്‌Updated: Thursday Mar 18, 2021


മലപ്പുറം> കേരളത്തെ തകർക്കാൻ കോൺഗ്രസ്‌ ‐ യുഡിഎഫ്‌ ‐ ബിജെപി ചങ്ങാത്തമാണെന്ന്‌  മുഖ്യമന്ത്രി പിണറായി വിജയൻ. കേരളം ഒരിക്കലും മാറരുത്‌ എന്നാഗ്രഹിക്കുന്ന അവർക്ക്‌ മുന്നിൽ സർവ്വതലങ്ങളെയും സ്‌പർശിക്കുന്ന വികസനമാണ്‌ എൽഡിഎഫ്‌ സർക്കാർ സാധ്യമാക്കിയത്‌. ആ മാറ്റം  കൺമുന്നിൽ തൊട്ടറിയുന്ന  ജനങ്ങൾ കോൺഗ്രസ്‌ ‐ യുഡിഎഫ്‌‐ ബിജെപി കൂട്ട്‌ക്കെട്ട്‌ ഇറക്കുന്ന  നുണക്കഥകൾ  വിശ്വസിക്കില്ലെന്നും  പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

കഴിഞ്ഞ അഞ്ചുവർഷക്കാലം മഹാപ്രളയവും ഓഖിയും കാലവർഷക്കെടുതിയും തുടർന്നുള്ള കോവിഡ്‌ പ്രതിസന്ധിയും നേരിടേണ്ടി വന്നിട്ടും നാടിന്റെ വികസനത്തിനായാണ്‌ എൽഡിഎഫ്‌ സർക്കാർ നിലകൊണ്ടത്‌. ആ സർക്കാരിൽ ജനങ്ങൾക്ക്‌ വിശ്വാസവും ഉണ്ട്‌.  അതുകൊണ്ട്‌ തെരഞ്ഞെടുപ്പിനെ നേരിടാൻ ഞങ്ങൾക്ക്‌  ഒരു വർഗീയ ശക്‌തിയുടേയും സഹായം ആവശ്യമില്ലെന്നും പിണറായി പറഞ്ഞു.

ഇടതുപക്ഷ ജനാധിപത്യ മുന്നണിയിൽ വലിയ തോതിലുള്ള പ്രതീഷയും വിശ്വാസവും ജനങ്ങൾക്കുണ്ട്‌. നാട്ടിലുള്ള ആശുപത്രികൾ ,വിദ്യാലയങ്ങൾ നല്ല ഗതാഗത യോഗ്യമായ റോഡുകൾ , പാലങ്ങൾ, വിവിധ പദ്ധതികളുടെ ഭാഗമായിപണിതീർന്ന കെട്ടിടങ്ങൾ എന്നിവയെല്ലാം നാട്ടിലാർക്കും മറച്ചുവെയ്‌ക്കാൻ കഴിയുന്ന ഒന്നല്ല. നാട്‌ മാറുന്നു എന്ന ബോധ്യവും സന്തോഷവും ജനങ്ങൾക്കുണ്ട്‌. അത്‌ തിരിച്ചറിച്ച്‌ പ്രതിപക്ഷത്തിന്‌ കടുത്ത നിരാശയാണ്‌. അതിനാൽ അനാവശ്യമായ കോലാഹലമുയർത്തി വിവാദമുണ്ടാക്കാണ്‌ നീക്കം.

കേരളം ഒട്ടും മാറില്ല. കേരളത്തിന്‌ ഒരു പുരോഗതിയും  ഉണ്ടാവില്ല എന്ന പഴയ ധാരണ തിരുത്താൻ സർക്കാരിനായി .  നല്ല പുരോഗതി നേടാനായി.  ഈ ജനപിന്തുണ അട്ടിമറിക്കാനാണ്‌ കോൺഗ്രസും ബിജെപിയും ശ്രമിക്കുന്നത്‌. അതിനായി കോൺഗ്രസ്‌ ബിജെപി കൂട്ടുക്കെട്ട്‌ കേന്ദ്ര അന്വേഷണ ഏജൻസികളെ ഇറക്കുകയാണ്‌. കേരളത്തിൽ വികനത്തിന്‌ വഴിയൊരുക്കിയ കിഫ്‌ബി, ലൈഫ്‌ മിഷൻ എന്നിവയെല്ലാം കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച്‌ തകർക്കാനാകുമോയെന്നാണ്‌ നോക്കുന്നത്‌. ലൈഫ്‌മിഷനെതിരെ ഒരു എംഎൽഎ പരാതി നൽകിയ ഉടനെ അത്‌ അന്വേഷിക്കാൻ കേന്ദ്ര ഏജൻസി തയ്യാറായി . ഇത്‌  തെളിയിക്കുന്നത്‌ ഈ അവിശുദ്ധ ചങ്ങാത്തത്തെയാണ്‌.

തദ്ദേശ തെരഞ്ഞെടുപ്പിൽ അവരിറക്കിയ നുണക്കഥകൾ ജനം തള്ളിക്കളഞ്ഞു.അതുകൊണ്ട്‌ പുതിയ തന്ത്രം മെനയുകയാണ്‌. ബിജെപിയുടെ മുതിർന്ന നേതാവല്ലെ ഒ രാജഗോപാൽ. ആ രാജഗോപാലല്ലെ ഇവിടെ കോൺഗ്രസ്‌  ബിജെപി  സഖ്യമുണ്ടെന്നും വോട്ട്‌ മറിക്കാറുണ്ടെന്നും പറഞ്ഞത്‌. അങ്ങിനെയല്ലേ നിയമസഭയിൽ ബിജെപി അക്കൗണ്ട്‌ തുറന്നത്‌. അതൊന്നും ചില കാണില്ല വാർത്തയും ആകില്ല.  ഉപതെരഞ്ഞെടുപ്പിൽ ചെങ്ങന്നൂരും കോന്നിയിലുമെല്ലാം ഈ ചങ്ങാത്തം കണ്ടതല്ലേ. അവിടെയെല്ലാം ഞങ്ങൾ ആരെയാണ്‌ നേരിട്ടതെന്ന്‌ അറിയാമല്ലോ.  ഇപ്പോൾ മലമ്പുഴയിൽ നടക്കാൻ പോകുന്നത്‌ എന്താണ്‌. അതൊന്നും ആരും കണ്ടില്ലെന്നാണോ പറയുന്നത്‌. ബാലശങ്കറിന്റെ ആരോപണം അവരുടെ പാർടിക്കകത്തെ  ആഭ്യന്തര പ്രശ്‌നമാണ്‌.  ഞങ്ങൾക്ക്‌ തെരഞ്ഞെടുപ്പിനെ നേരിടാൻ ഒരു വർഗീയ ശക്‌തിയുടേയും സഹായവും പിന്തുണയും വേണ്ടെന്നും  പിണറായി പറഞ്ഞു.

 വികസനം ഇവിടെ നടക്കാൻ പാടില്ല എന്ന നിലപാടാണ് ഇവർ സ്വീകരിക്കുന്നത്. കേന്ദ്ര ഏജൻസികളെ അനുകൂലിച്ച് രാഹുൽ ഗാന്ധി തന്നെ രംഗത്തെത്തിയത് ഇതിൻ്റെ ഭാഗമാണ്. നുണക്കഥകൾ പ്രചരിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാവില്ല എന്ന് തദ്ദേശ തെരഞ്ഞെടുപ്പ് ഫലം തെളിയിച്ചതാണ്. അതിൽ നിന്നും പാഠം ഉൾക്കൊള്ളാൻ യു ഡി എഫ് തയ്യാറാകുന്നില്ല. നുണപ്രചാരണത്തിന് കൊണ്ടു പിടിച്ച ശ്രമവുമായി അവർ വീണ്ടും ശ്രമിക്കുന്ന കാഴ്ചയാണ് നാം കാണുന്നത്.

ബി ജെ പിയുടെ ബി ടീമായാണ് യു ഡിഎഫ്  ഇവിടെ പ്രവർത്തിക്കുന്നത്. 35 സീറ്റ് കിട്ടിയാൽ ഭരിക്കുമെന്ന് ബിജെപി പറയുന്നത് കോൺഗ്രസിനെ കണ്ടിട്ടാണ്. ജയിച്ചാൽ ബി ജെ പിയിൽ പോകാൻ തയ്യാറാകുന്ന കോൺഗ്രസുകാരുടെ കഥയാണ് നമ്മൾ മറ്റ് സംസ്ഥാനങ്ങളിൽ കാണുന്നത്.

തെരഞ്ഞെടുപ്പ് അടുത്തപ്പോൾ ചിലർക്ക് ശബരിമലയോട് വലിയ താൽപ്പര്യമാണ്‌. ശബരിമല വിഷയം നിലവിൽ സുപ്രീം കോടതിയുടെ പരിഗണനയിലാണ്.  അന്തിമ വിധി വന്നാൽ വിശ്വാസികളുമായി ബന്ധപ്പെട്ട വിഷയമുണ്ടെങ്കിൽ എല്ലാവരുമായി ചർച്ച ചെയ്യും. അവർ അന്തിമ വിധി വരെ കാത്തിരിക്കുന്നതാണ് നല്ലതെന്നും മുഖ്യമന്ത്രി പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top