മനാമ > ഇന്ത്യയും യുഎഇയും ഉള്‍പ്പെടെ 15 രാജ്യക്കാര്‍ക്ക് കുവൈത്തിലേക്ക് പ്രവേശിക്കാന്‍ കോവിഡ് ഇല്ലെന്ന് തെളിയിക്കുന്ന നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. 72 മണിക്കൂറിനിടെ നടത്തിയ പിസിആര്‍ പരിശോധന ഫലം ഹാജരാക്കിയവര്‍ക്കേ കുവൈത്തിലേക്ക് യാത്ര അനുവദിക്കൂവെന്ന് സിവില്‍ ഏവിയേഷന്‍ അറിയിച്ചു.
കുവൈത്തിലേക്ക് വിദേശികള്‍ പ്രവേശിക്കുന്നതിനു കഴിഞ്ഞ ഫെബ്രുവരി ഏഴു മുതല്‍ വിലക്കുണ്ട്. യാത്രക്കാര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച സാഹചര്യത്തില്‍ പ്രവേശന വിലക്ക് വൈകാതെ നീക്കിയേക്കും. മെഡിക്കല്‍ യൂട്ടിലിറ്റി നെറ്റ്‌വര്‍ക്ക് അക്രഡിറ്റര്‍ (മുന) അംഗീകരിച്ച ലാബുകളല്‍നിന്നാകണം പരിശോധന. പരിശോധനാഫലത്തില്‍ തട്ടിപ്പോ കൃത്രിമമോ ഇല്ലെന്ന് ഉറപ്പുവരുത്താനാണിത്.
രാജ്യത്തിന് പുറത്തുള്ള ലാബുകള്‍ റിസല്‍ട്ട് മുന സംവിധാനവുമായി ബന്ധപ്പെടുത്തണം. കൂടാതെ, യാത്രക്കാര്‍ക്ക് ജലദോഷം, തുമ്മല്‍, ഉയര്‍ന്ന താപനില, ചുമ തുടങ്ങിയ ലക്ഷണങ്ങളൊന്നും ഉണ്ടാകരുതെന്നും സിവില്‍ ഏവിയേഷന്‍ സര്‍ക്കുലറില്‍ അറിയിച്ചു. ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാള്‍, തുര്‍ക്കി, ഫിലിപ്പൈന്‍സ്, ഖത്തര്‍, ഒമാന്‍, സൗദി അറേബ്യ, ഈജിപ്ത്, ജോര്‍ദാന്‍, ബ്രിട്ടന്‍, ഫ്രാന്‍സ്, അമേരിക്ക എന്നിവയാണ് മറ്റ് രാജ്യങ്ങള്‍.
ജനുവരി നാലു മുതല്‍ കുവൈത്തിലെത്തുന്ന എല്ലാ യാത്രക്കാര്‍ക്കും വിമാനതാവളത്തില്‍ കോവിഡ് പിസിആര്‍ പരിശോധന നിര്‍ബന്ധതമാണ്. കഴിഞ്ഞ വര്‍ഷം ജൂണ്‍ 20ന് കുവൈത്തിലേക്ക് വരുന്ന എല്ലാ യാത്രക്കാര്‍ക്കും കൊറോണവൈറസ് ഇല്ലെന്ന് തെളിയിക്കുന്ന പിസിആര്‍ ടെസ്റ്റ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിരുന്നു. എന്നാല്‍, ഇത് 15 രാജ്യങ്ങള്‍ക്ക് മാത്രമാക്കി ചുരുക്കിയിരിക്കയാണ് ബുധനാഴ്ചയിലെ ഉത്തരവ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..