18 March Thursday

ഇരിക്കൂർ കലാപത്തിന്‌ പരിഹാരമില്ല; ഉമ്മൻചാണ്ടിയെത്തുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Mar 17, 2021


കണ്ണൂർ
ഐഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന്റെ നോമിനിയായ സജീവ്‌ ജോസഫിനെ ഇരിക്കൂർ മണ്ഡലത്തിൽ സ്ഥാനാർഥിയാക്കിയതിനെത്തുടർന്ന്‌ കോൺഗ്രസിലുണ്ടായ കലാപത്തിന്‌ പരിഹാരമായില്ല. സോണി സെബാസ്‌റ്റ്യനെ സ്ഥനാർഥിയാക്കണമെന്ന
ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ്‌ എ ഗ്രൂപ്പ്‌. ഹൈക്കമാൻഡ്‌ നിർദേശിച്ച സ്ഥാനാർഥിയെ മാറ്റില്ലെന്ന, കെ സി വേണുഗോപാലിന്റെയും രമേശ്‌ ചെന്നിത്തലയുടെയും പ്രഖ്യാപനം എ ഗ്രൂപ്പ്‌ പ്രവർത്തകരെ കൂടുതൽ രോഷാകുലരാക്കി. പ്രശ്‌നം പരിഹരിക്കാൻ വെള്ളിയാഴ്‌ച ഉമ്മൻചാണ്ടി എ ഗ്രൂപ്പ്‌ നേതാക്കളുമായി ചർച്ചനടത്തും. 

ചൊവ്വാഴ്‌ച ശ്രീകണ്ഠപുരത്തുചേർന്ന എ ഗ്രൂപ്പ്‌ കൺവൻഷൻ ഹൈക്കമാൻഡ്‌ തീരുമാനത്തെ വെല്ലുവിളിച്ചിരുന്നു. യുഡിഎഫ്‌ കൺവീനർ എം എം ഹസനും കെ സി ജോസഫും നടത്തിയ അനുനയനീക്കം തള്ളിയാണ്‌ കൺവൻഷൻ ചേർന്നത്‌. പേരാവൂർ നിയോജകമണ്ഡലം കൺവൻഷൻ ബുധനാഴ്‌ച ചേരാനിരുന്നത്‌ ഒഴിവാക്കിയെങ്കിലും പ്രാദേശിക യോഗങ്ങൾ നടന്നു. കെ സി വേണുഗോപാലിന്റെ ഇടപെടലിൽ അതൃപ്തിയുള്ള കെപിസിസി വർക്കിങ്‌ പ്രസിഡന്റ്‌ കെ സുധാകരൻ ഇരിക്കൂർ പ്രശ്‌നത്തിൽ എ ഗ്രൂപ്പിനെയാണ്‌ പിന്തുണയ്‌ക്കുന്നത്‌. അടുത്ത തവണ എ ഗ്രൂപ്പിന്‌ ഇരിക്കൂർ സീറ്റ്‌ നൽകി പ്രശ്‌നം പരിഹരിക്കാനാണ്‌ നേതൃത്വം ശ്രമിക്കുന്നത്‌. ഡിസിസി പ്രസിഡന്റു‌സ്ഥാനം നൽകിയുള്ള സമവായ നിർദേശം എ ഗ്രൂപ്പ്‌ തള്ളിയിരുന്നു.

ഇരിക്കൂറിൽ മാത്രമല്ല, കോൺഗ്രസ്‌ മത്സരിക്കുന്ന പേരാവൂരിലും കണ്ണൂരിലും പ്രചാരണത്തിന്‌ ഇറങ്ങില്ലെന്നും വ്യക്തമാക്കിയിരുന്നു. ഇത്‌ പേരാവൂരിൽ സണ്ണി ജോസഫിനെയും കണ്ണൂരിൽ സതീശൻ പാച്ചേനിയെയും ആശങ്കയിലാക്കിയിട്ടുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top