തിരുവനന്തപുരം
കോൺഗ്രസ് സ്ഥാനാർഥി നിർണയത്തിൽ പരസ്യവിമർശം വിലക്കി ഹൈക്കമാൻഡ് രംഗത്തുവന്നതിന് പിന്നാലെ വിമത സ്ഥാനാർഥികളെ നിർത്താൻ അഞ്ച് മണ്ഡലത്തിൽ നീക്കം. എലത്തൂരിൽ കെപിസിസി അംഗം യു വി ദിനേശ്‌മണി, ധർമടത്ത് സി രഘുനാഥ്, ഇരിക്കൂറിൽ സോണി സെബാസ്‌റ്റ്യൻ എന്നിവർ വിമത സ്ഥാനാർഥികളായേക്കും. റാന്നിയിലും തിരുവല്ലയിലും വിമതർ രംഗത്തുവരും. മണലൂരിൽ പേയ്‌മെന്റ് സീറ്റിൽ പ്രതിഷേധിച്ച് കെപിസിസി അംഗം സി ഐ സെബാസ്‌റ്റ്യൻ കഴിഞ്ഞ ദിവസം പാർടി വിട്ടിരുന്നു. കൽപ്പറ്റയിൽ ഹൈക്കമാൻഡ് നിശ്ചയിച്ച ടി സിദ്ദിഖിനെ അംഗീകരിക്കില്ലെന്ന് മണ്ഡലത്തിൽ വ്യാപകമായി പോസ്‌റ്ററുകൾ പ്രത്യക്ഷപ്പെട്ടു.
ഇരിക്കൂറിൽ ഇടഞ്ഞുനിൽക്കുന്ന എ ഗ്രൂപ്പുകാരെ അനുനയിപ്പിക്കാൻ ഉമ്മൻചാണ്ടിയെ ഹൈക്കമാൻഡ് നിയോഗിച്ചു. മണ്ഡലത്തിലെ എ ഗ്രൂപ്പ് നേതാക്കളുമായി ഉമ്മൻചാണ്ടി ചർച്ച നടത്തും. കണ്ണൂർ ജില്ലയിൽ എ ഗ്രൂപ്പിനെ പാടെ തഴഞ്ഞതിന് പിന്നിൽ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന്റെ കരങ്ങളാണെന്ന് ആരോപണം ശക്തമാണ്. മുതിർന്ന നേതാക്കളടക്കം നിരവധി പേർ സ്ഥാനാർഥി നിർണയത്തിനെതിരെ രൂക്ഷ വിമർശനം ഉയർത്തിയതോടെയാണ് വെടിനിർത്തൽ ആഹ്വാനവുമായി എ കെ ആന്റണി ഡൽഹിയിൽ വാർത്താസമ്മേളനത്തിൽ പ്രത്യക്ഷപ്പെട്ടത്.
കോൺഗ്രസ് ഭരണത്തിൽ വരുമെന്ന പ്രത്യാശ നഷ്‌ടമായെന്ന് തുറന്നടിച്ച കെ സുധാകരൻ പാർടി വിടാൻ ആഗ്രഹിക്കുന്നുവെന്ന പി സി ചാക്കോയുടെ വെളിപ്പെടുത്തൽ കോൺഗ്രസ് നേതൃത്വത്തെ ഞെട്ടിച്ചു. ആഭ്യന്തര കലഹത്തിൽ മനം മടുത്ത് പാർടിയിൽ തുടർന്നേക്കില്ലെന്ന് കെ സുധാകരൻ തന്നോടു പറഞ്ഞുവെന്നാണ് പി സി ചാക്കോയുടെ വെളിപ്പെടുത്തൽ.
ഹൈക്കമാൻഡിനെയും സംസ്ഥാന നേതൃത്വത്തെയും പ്രതിക്കൂട്ടിലാക്കി സ്ഥാനാർഥി പട്ടികയ്‌ക്കെതിരെ വിമർശനം ശക്തമായതിനെ തുടർന്നാണ് പ്രതിഷേധം തണുപ്പിക്കാനുള്ള എ കെ ആന്റണിയുടെ ശ്രമം. വിമർശനം ശക്തമായതോടെയാണ് പരസ്യപ്രസ്‌താവനകൾ ഹൈക്കമാൻഡ് വിലക്കിയത്. മുഖം നോക്കാതെ കർശന നടപടി സ്വീകരിക്കാൻ അച്ചടക്കസമിതിക്ക് ഹൈക്കമാൻഡ് നിർദേശം നൽകിയെങ്കിലും അതൊക്കെ തള്ളി വിമതനീക്കം ശക്തിപ്പെടുകയാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..