ബെർലിൻ
പാർശ്വഫലങ്ങളെ തുടർന്ന് കൂടുതൽ രാജ്യങ്ങൾ അസ്‌ട്രാ സെനകയുടെ കോവിഡ് വാക്‌സിൻ ഉപയോഗം നിർത്തുന്നു. സ്വീഡനും ലാറ്റ്‌വിയയുമാണ് ചൊവ്വാഴ്‌ച വിതരണം നിർത്തിയത്. സ്വീഡനിൽ വാക്‌സിൻ സ്വീകരിച്ച ചിലരിൽ രക്തം കട്ടപിടിക്കുന്നതായി കണ്ടെത്തിയതോടെയാണ് തീരുമാനം.
വാക്‌സിൻ സ്വീകരിച്ചവരിൽ പാർശഫലങ്ങൾ കണ്ടതിനാൽ മുമ്പ് ജർമനി, ഇറ്റലി, ഫ്രാൻസ്, സ്‌പെയിൻ, ഡെൻമാർക്ക്, നോർവേ തുടങ്ങി ഇരുപതോളം രാജ്യങ്ങൾ ഈ വാക്‌സിൻ നൽകുന്നത് നിർത്തിയിരുന്നു. കമ്പനിയും അന്താരാഷ്‌ട്ര തലത്തിലുള്ള നിയന്ത്രണ സമിതികളും വാക്‌സിൻ സുരക്ഷിതമാണെന്ന് പറഞ്ഞിരുന്നു. മറ്റ് രാജ്യങ്ങളിൽ വാക്‌സിൻ നൽകുന്നത് തുടരുന്നുമുണ്ട്. പാർശ്വഫലങ്ങൾ സംബന്ധിച്ച് ഡബ്ല്യുഎച്ച്‌ഒയുടെ റിപ്പോർട്ട് വരുന്നതുവരെ ഇന്തോനേഷ്യ വാക്‌സിൻ വിതരണം നിർത്തിയിരുന്നു.
അതേ സമയം, ചൈനയിൽ അടിയന്തര ഉപയോഗത്തിനായി ഒരു വാക്‌സിന് കൂടി അനുമതി. അവിടെ അനുമതി നൽകിയ അഞ്ചാമത്തെ വാക്‌സിനാണിത്. സെന്റർ ഫോർ ഡിസീസ് കൺട്രോൾ മേധാവിയുടെ നേതൃത്വത്തിലാണ് വികസിപ്പിച്ചത്.
വിതരണത്തെ ബാധിച്ചിട്ടില്ല:
ഡബ്ല്യുഎച്ച്‌ഒ
കൂടുതൽ രാജ്യങ്ങൾ വാക്‌സിൻ വിതരണം നിർത്തിവച്ചെങ്കിലും ആഗോളതലത്തിൽ അസ്‌ട്രാ സെനകയുടെ വാക്‌സിൻ വിതരണത്തെ അത് ബാധിച്ചിട്ടില്ലെന്ന് ഡബ്ല്യുഎച്ച്‌ഒ. കോവാക്‌സ് വഴി വിതരണം ചെയ്ത ഇന്ത്യയിലും ദക്ഷിണ കൊറിയയിലും നിർമിക്കുന്ന അസ്‌ട്രാ സെനകയുടെ വാക്‌സിൻ ദരിദ്രരാജ്യങ്ങളിലേക്കടക്കം കയറ്റി അയക്കുന്നുണ്ട്. എന്നാൽ, പാർശ്വഫലം റിപ്പോർട്ട് ചെയ്തിട്ടുള്ളത് യൂറോപ്പിൽ നിർമിച്ച വാക്‌സിനിലാണ്.
ലോകത്ത് 30 കോടി ആളുകൾക്ക് വാക്‌സിൻ നൽകിക്കഴിഞ്ഞതായി ഡബ്ല്യുഎച്ച്ഒയുടെ ചീഫ് സയിന്റിസ്റ്റ് ഡോ. സൗമ്യ സ്വാമിനാഥൻ പറഞ്ഞു. എവിടെയും വാക്‌സിൻ ഉപയോഗം മരണകാരണമായതായി സ്ഥിരീകരിച്ചിട്ടില്ല. രക്തം കട്ടപിടിച്ചതായി കണ്ടെത്തിയവരുടെ എണ്ണം പ്രതീക്ഷിച്ചതിനേക്കാൾ കുറവാണെന്നും അവർ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..