തൃപ്പൂണിത്തുറ
ബാർ കോഴക്കേസിൽ കോടതി നൽകാത്ത ‘ക്ലീൻചിറ്റ്’ പ്രചരിപ്പിക്കുന്ന കെ ബാബുവിന് അനധികൃത സ്വത്തുസമ്പാദന കേസിൽ മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽനിന്നുണ്ടായ ഗുരുതര പരാമർശത്തെക്കുറിച്ച് മൗനം. അങ്ങനെയൊരു കേസിൽ താൻ പ്രതിയാണെന്ന കാര്യംപോലും മറന്നാണ് തൃപ്പൂണിത്തുറയിലെ തെരഞ്ഞെടുപ്പ് പ്രചാരണം. കേസ് തള്ളണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി പരിഗണിച്ച കോടതി, ബാബുവിനെതിരെ ആരോപിക്കപ്പെട്ട കുറ്റം നിലനിൽക്കുന്നതാണെന്ന നിരീക്ഷണത്തോടെയാണ് 2019 മാർച്ച് 13ന് തീർപ്പാക്കിയത്. എംപിമാർക്കും എംഎൽഎമാർക്കുമെതിരായ കേസുകൾ വിചാരണ ചെയ്യുന്ന എറണാകുളത്തെ പ്രത്യേക കോടതിയുടെ പരിഗണനയിലാണ് ഇപ്പോൾ കേസ്.
എംഎൽഎയും മന്ത്രിയുമായിരിക്കെ വരുമാനത്തെക്കാൾ 49.45 ശതമാനം അധികം സ്വത്ത് സമ്പാദിച്ചെന്നാണ് കേസ്. 2007 ജൂലൈമുതൽ 2016 മെയ്‌വരെയുള്ള സ്വത്തുസമ്പാദനമാണ് വിജിലൻസ് അന്വേഷിച്ചത്. ഇക്കാലത്തിനിടെ 52.21 ലക്ഷം രൂപയുടെ സ്വത്ത് സമ്പാദിച്ചതിൽ 25.82 ലക്ഷം രൂപയുടേത് അനധികൃതമാണെന്നായിരുന്നു കണ്ടെത്തൽ. ഇക്കാലത്തിനിടെ ബാബു നടത്തിയ ഭൂമിയിടപാടുകൾ, സ്വർണാഭരണസമ്പാദ്യം, മൂന്നു കാറും ഒരു സ്‌കൂട്ടറും ഉൾപ്പെടെ വാഹനങ്ങൾ, വീടുനിർമാണം, ബിനാമി ഇടപാടുകൾ എന്നിവയുടെ വിവരങ്ങൾ വിജിലൻസ് ശേഖരിച്ചു. തുടർന്ന് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. തുടർന്നാണ് വിജിലൻസ് റിപ്പോർട്ട് തള്ളണമെന്നാവശ്യപ്പെട്ട് ഹർജി നൽകിയത്.
കെ ബാബുവിന്റെ ഹർജിയിലെ വാദങ്ങൾ വിശദമായി പരിശോധിച്ച കോടതി പ്രോസിക്യൂഷൻ കണ്ടെത്തിയ കുറ്റങ്ങൾ നിലനിൽക്കുന്നതായി നിരീക്ഷിച്ചു. സ്വത്തുവിവരം കണക്കാക്കിയതിൽ പാകപ്പിഴയുണ്ടെന്നായിരുന്നു ബാബുവിന്റെ പ്രധാന വാദം. മന്ത്രിയായിരിക്കെ തനിക്കു ലഭിച്ചിരുന്ന യാത്രപ്പടിയും വീട്ടുവാടകയും വരുമാനത്തിൽ ചേർത്തിട്ടില്ലെന്ന വാദവുമുന്നയിച്ചു. അഞ്ചരലക്ഷം രൂപ വിവിധ ആനുകൂല്യമായും യാത്രപ്പടിയായി 40 ലക്ഷം രൂപയും ഇക്കാലത്ത് കിട്ടിയെന്നും ബാബു വാദിച്ചു. ഈ ആനുകൂല്യങ്ങൾ വരുമാനമായി കണക്കാക്കിയാൽ അതിൽനിന്നുള്ള സമ്പാദ്യത്തിന്റെ ശതമാനമെത്രയെന്ന് വ്യക്തമാക്കണമെന്ന് കോടതി നിരീക്ഷിച്ചു. 2011ലും 2016ലും തെരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ ആ കണക്കുകൾ ബാബു വെളിപ്പെടുത്തിയിട്ടില്ലാത്ത കാര്യവും കോടതി ചൂണ്ടിക്കാട്ടി. ബാബു നിരത്തുന്ന വാദങ്ങൾ വിശ്വസനീയമല്ലെന്നും വിചാരണസമയത്ത് അതെല്ലാം വിശദമായി പരിശോധിക്കാമെന്നും കോടതി വിധിയിൽ എടുത്തുപറഞ്ഞു. വിജിലൻസിന്റെ കണക്കുകളിലുണ്ടായ ചെറിയ പിഴവുകൾ മാത്രമാണ് ചൂണ്ടിക്കാണിക്കാനായത്. അതു പരിഗണിച്ചാലും ആകെ കണക്കാക്കിയ അനധികൃത സമ്പാദ്യത്തിൽ ആറു ശതമാനത്തിന്റെ കുറവാണുണ്ടാകുക. അപ്പോഴും വരുമാനത്തിന്റെ 43 ശതമാനം അനധികൃത സമ്പാദ്യമായി കണക്കാക്കേണ്ടിവരും. അതിനെക്കുറിച്ച് തൃപ്‌തികരമായി വിശദീകരിക്കാൻ പ്രതിക്കായിട്ടില്ലെന്നും കുറ്റം നിലനിൽക്കുന്നുവെന്നും പ്രത്യേക വിജിലൻസ് കോടതി ജഡ്‌ജി ഡോ. ബി കലാംപാഷ വിധിന്യായത്തിൽ കുറിച്ചു. ഇതിനെതിരെ 2019 മാർച്ച് 21ന് ഹൈക്കോടതിയിൽ ബാബു റിവിഷൻ പെറ്റീഷൻ നൽകി. തുടർന്നാണ് കേസ് പ്രത്യേക കോടതിയിലേക്ക് മാറ്റിയത്.
ബാബു വിശുദ്ധനല്ല; പ്രചാരണം തെറ്റിദ്ധരിപ്പിക്കാൻ
ബാർ കോഴക്കേസിൽ കോടതിയുടെ പരിഗണനയിലുള്ള വിജിലൻസ് അന്വേഷണ റിപ്പോർട്ടിൽ വിധി വരാനിരിക്കെ ക്ലീൻ ചിറ്റ് ലഭിച്ചതായുള്ള കെ ബാബുവിന്റെ പ്രചാരണം വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കാൻ. വിജിലൻസ് സമർപ്പിച്ച റിപ്പോർട്ട് തള്ളുകയോ കൊള്ളുകയോ ചെയ്യേണ്ടത് കോടതിയാണ്. റിപ്പോർട്ട് അപ്പാടെ നിരാകരിച്ച് പുതിയ അന്വേഷണത്തിന് കോടതി ഉത്തരവിട്ട സംഭവങ്ങളുമുണ്ട്. ബാർ കോഴയിൽ ബിജു രമേശിന്റെ ഒടുവിലത്തെ വെളിപ്പെടുത്തലിനെ തുടർന്ന് കെ ബാബുവിനും രമേശ് ചെന്നിത്തലയ്‌ക്കും വി എസ് ശിവകുമാറിനുമെതിരെ പുതിയ അന്വേഷണത്തിന് സർക്കാർ അനുമതി നൽകിയിട്ടുണ്ട്. എന്നിട്ടും കോടതിയുടെ പരിഗണനയിലുള്ള വിജിലൻസ് റിപ്പോർട്ടിൽ സ്വയം വിധിപറഞ്ഞ് വിശുദ്ധനാകാനാണ് കെ ബാബുവിന്റെ ശ്രമം.
മുൻ യുഡിഎഫ് സർക്കാരിന്റെ കാലത്ത് പുതിയ ബാർ ലൈസൻസ് അനുവദിച്ചതിന്റെയും ബാറുകൾക്കുസമീപമുള്ള മദ്യവിൽപ്പനശാലകൾ പൂട്ടുന്നതിന്റെയും മറവിൽ 100 കോടി രൂപയുടെ അഴിമതിയാണ് എക്‌സൈസ് മന്ത്രിയായിരുന്ന ബാബുവിനെതിരെ ഉയർന്നത്. കേരള ഹോട്ടൽ ഇൻഡസ്ട്രിയൽ അസോസിയേഷൻ പ്രസിഡന്റ് വി എം രാധാകൃഷ്ണന്റെ പരാതിയിലായിരുന്നു വിജിലൻസ് അന്വേഷണം. വിജിലൻസ് സെൻട്രൽ റെയ്ഞ്ച് സൂപ്രണ്ട് അന്വേഷിച്ച കേസിലെ അന്തിമറിപ്പോർട്ട് 2020 ജൂൺ 20നാണ് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ സമർപ്പിച്ചത്.
ബാർ ലൈസൻസിനുള്ള ചില അപേക്ഷകൾ മാസങ്ങളോളം പിടിച്ചുവച്ചപ്പോൾ ചിലതിൽ ഉടൻ തീരുമാനമെടുത്ത് ലൈസൻസ് നൽകി. കേരള ബാർ ഹോട്ടൽ അസോസിയേഷൻ ഭാരവാഹികളുടെ താൽപ്പര്യങ്ങൾക്കനുസരിച്ച് തീരുമാനമെടുത്തു. സുഹൃത്തുക്കളുടെയും ബിനാമികളുടെയും പേരിലുള്ള ബാറുകൾക്കുസമീപം പ്രവർത്തിച്ചിരുന്ന മദ്യവിൽപ്പനശാലകൾ പൂട്ടാൻ തീരുമാനിച്ചു. ബാർ ലൈസൻസ് പുതുക്കിനൽകാൻ കേരള ബാർ ഹോട്ടൽ അസോസിയേഷൻ ഭാരവാഹികൾവഴി കോടിക്കണക്കിന് രൂപ ഓരോ വർഷവും പിരിച്ചെടുത്തു. തന്റെ അനുമതിയോടെയേ ബാർ ലൈസൻസ് അനുവദിക്കാവൂ എന്ന് ബാബു ഉത്തരവിട്ടു തുടങ്ങിയ ആരോപണങ്ങളാണ് പരാതിയിൽ ഉണ്ടായിരുന്നത്. ക്വിക് വെരിഫിക്കേഷൻ നടത്തി ആരോപണത്തിൽ കഴമ്പുണ്ടെന്നു കണ്ടാണ് 2016-ൽ കേസെടുത്ത് അന്വേഷിച്ചത്.
കേസിൽ അന്തിമതീർപ്പ് കോടതിയുടേതാണെന്നും അതിനുമുമ്പ് തെറ്റായ പ്രചാരണം നടത്തുന്നത് കോടതിയോടുള്ള അനാദരവാണെന്നും നിയമവിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നു. ബാർ കോഴക്കേസിൽ കെ എം മാണിയെ കുറ്റവിമുക്തനാക്കി തിരുവനന്തപുരം വിജിലൻസ് സമർപ്പിച്ച റിപ്പോർട്ട് കോടതി 2018ൽ തള്ളിയിരുന്നു. പുതിയ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്‌തതാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനുപിന്നാലെയാണ് ബാബുവിനെതിരായ ആരോപണങ്ങളിൽ കഴമ്പില്ലെന്നതരത്തിൽ വിജിലൻസ് റിപ്പോർട്ടിന്റെ ഭാഗങ്ങൾ മാധ്യമങ്ങളിൽ വാർത്തയായത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..