16 March Tuesday

ഇന്‍ഡക്‌സ് ബഹ്‌റൈന്‍ പാഠപുസ്തക വിതരണം ഈ വര്‍ഷവും

വെബ് ഡെസ്‌ക്‌Updated: Tuesday Mar 16, 2021

മനാമ > ഇന്‍ഡക്‌സ് ബഹ്‌റൈന്‍ ആഭിമുഖ്യത്തില്‍ ഈ വര്‍ഷവും ഉപയോഗിച്ച പാഠപുസ്തകങ്ങള്‍ ശേഖരിച്ച് വിതരണം ചെയ്യും. ഓണ്‍ലൈന്‍ വഴി ആവശ്യക്കാര്‍ക്ക് എത്തിച്ചു കൊടുക്കുന്ന രീതിയാണ് ഈ വര്‍ഷം ആവിഷ്‌കരിച്ചതെന്ന് ഭാരവാഹികള്‍ അറിയിച്ചു.

പുസ്തകങ്ങള്‍ നശിപ്പിച്ചു കളയാതെ വീണ്ടും ഉപയോഗിക്കുക അതുവഴി പ്രകൃതിയേയും മരങ്ങളെയും സംരക്ഷിക്കുക എന്ന  ആശയം വിദ്യാര്‍ത്ഥികളിലേക്കും രക്ഷിതാക്കളിലേക്കും പൊതുസമൂഹത്തിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സംരംഭം ആരംഭിച്ചതെന്നന്ന് ഭാരവാഹികളായ റഫീക്ക് അബ്ദുള്ള, സാനി പോള്‍ എന്നിവര്‍ പറഞ്ഞു. സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന രക്ഷിതാക്കള്‍ക്ക് ഒരു കൈത്താങ്ങാവുക എന്നതും ലക്ഷ്യമാണ്.

വലിയ പിന്തുണയാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ പൊതു സമൂഹത്തില്‍ നിന്നും ലഭിച്ചത്. ബഹ്‌റൈന്‍ കേരളീയ സമാജത്തിലാണ് മുന്‍വര്‍ഷങ്ങളില്‍ വിപുലമായ രീതിയില്‍ പുസ്തക വിതരണം നടന്നിരുന്നത്. എന്നാല്‍ കോവിഡ് പ്രതിസന്ധി കാരണം കഴിഞ്ഞ വര്‍ഷം കഴിഞ്ഞില്ല. പകരം രക്ഷിതാക്കളെ പരസ്പരം ബന്ധപ്പെടുത്തി വിതരണം ചെയ്യുന്ന രീതിയാണ് സ്വീകരിച്ചത്. അതുകാരണം പലര്‍ക്കും പുസ്തകങ്ങള്‍ എത്തിച്ചുകൊടുക്കാന്‍ കഴിഞ്ഞില്ല. ഈ വര്‍ഷം പരമാവധി എല്ലാവര്‍ക്കും എത്തിച്ചുകൊടുക്കുമെന്ന് അവര്‍ അറിയിച്ചു.

 www.indexbahrain.com  എന്ന വെബ്‌സൈറ്റിലെ ലിങ്ക് വഴി പുസ്തകങ്ങള്‍ സംഭാവന നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ആവശ്യക്കാര്‍ക്കും പേര്‍ രജിസ്റ്റര്‍ ചെയ്യാം. പുസ്തകങ്ങളുടെ ലഭ്യതക്കനുസരിച്ചാകും വിതരണം. അതിനാല്‍, എല്ലാ രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും ഉപയോഗിച്ച പാഠപുസ്തകങ്ങള്‍ നല്‍കി ഈ സംരംഭവുമായി സഹകരിക്കണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു. വിവരങ്ങള്‍ക്ക്: 39888367, 39855197, 33170089.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top