കോഴിക്കോട് > ബിജെപിയുടെ കേരള നേതൃത്വത്തിനെതിരെ വിമര്‍ശവുമായി ആര്‍എസ്എസ് സൈദ്ധാന്തികനും ഓര്‍ഗനൈസര്‍ മുന്‍ പത്രാധിപരുമായ ആര്‍ ബാലശങ്കര്‍. ചെങ്ങന്നൂരില്‍ തനിക്ക് സീറ്റ് നിഷേധിച്ചത് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ വികലമായ കാഴ്‌ചപ്പാട് കാരണമാണെന്നും ഈ നേതൃത്വവുമായാണ് മുന്നോട്ടു പോകുന്നതെങ്കില്‍ അടുത്ത 30 കൊല്ലത്തേക്ക് കേരളത്തില്‍ ബിജെപിക്ക് ഒരു വിജയസാധ്യതയുമുണ്ടാവില്ലെന്നും ബാലശങ്കര്‍ തുറന്നടിച്ചു.
അമിത് ഷായുടെ സ്വപ്‌ന പദ്ധതിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന സംരംഭത്തിന്റെ (ബിജെപി നേതാക്കള്‍ക്ക് പരിശീലനം നല്‍കുന്ന വിഭാഗം) ദേശീയ കോ കണ്‍വീനറും ബിജെപി പബ്ലിക്കേഷന്‍ വിഭാഗം കോ കണ്‍വീനറുമാണ് ആര്‍ ബാലശങ്കർ.
കോന്നി ഉപതിരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനത്ത് വന്ന സ്ഥാനാര്‍ത്ഥി എന്തിനാണ് ഇപ്പോള്‍ കോന്നിയില്‍ മത്സരിക്കുന്നത്? അദ്ദേഹം വീണ്ടും മത്സരിക്കേണ്ട കാര്യമില്ലല്ലോ!. ഇതിന്റെയൊപ്പം മഞ്ചേശ്വരത്തും മത്സരിക്കുന്നുണ്ട്. പ്രായോഗികമായി ഈ 15 ദിവസത്തിനുള്ളില്‍ രണ്ടിടത്തും പ്രചാരണം നടത്തുക പോലും വിഷമകരമാണ്. രണ്ടിടത്തും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ പോലും മൂന്നു ദിവസം യാത്രയ്ക്ക് മാത്രം വേണ്ടി വരും. ഹെലിക്കോപ്റ്ററെടുത്ത് പ്രചാരണം നടത്തുമെന്നാണ് പറയുന്നത്. മുഖ്യമന്ത്രിയുടെ ഹെലിക്കോപ്റ്റര്‍ യാത്ര ചോദ്യം ചെയ്‌ത രാഷ്ട്രീയനേതാവാണ് രണ്ട് മണ്ഡലത്തില്‍ നില്‍ക്കാനായി ഹെലിക്കോപ്റ്റര്‍ വാടകയ്ക്കെടുക്കുന്നത്.
കോന്നിയിലും തിരുവനന്തപുരത്തുമാണ് മത്സരിക്കുന്നതെങ്കില്‍ മനസ്സിലാക്കാം. മഞ്ചേശ്വരവും കോന്നിയും തമ്മിലുള്ള ഭൂമിശാസ്ത്രപരമായ വ്യത്യാസം കാണാതിരിക്കേണ്ട കാര്യമില്ല. പിന്നെ, അങ്ങിനെ ജനകീയനായ നേതാവാണെങ്കില്‍ മനസ്സിലാക്കാം. മത്സരിച്ച എല്ലാ സ്ഥലത്തും തോറ്റ സ്ഥാനാര്‍ത്ഥിയാണ്. നരേന്ദ്ര മോഡിയൊന്നുമല്ലല്ലോ ഈ മത്സരിക്കുന്നത്. ബിജെപിയെ നശിപ്പിക്കാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുന്ന നേതൃത്വമാണിത്. ബിജെപി ഒരു സീറ്റില്‍ പോലും വിജയിക്കരുതെന്ന നിര്‍ബന്ധബുദ്ധി.
ഞാന്‍ കേരളത്തില്‍നിന്നു വിജയിക്കുന്നത് തടയണമെന്ന താല്‍പര്യമാണ് നേതൃത്വത്തിന്. കേരളത്തില്‍ ബിജെപി നന്നാവരുതെന്ന നിര്‍ബ്ബന്ധമാണ് ഇതിന് പിന്നില്‍. ചെങ്ങന്നൂരും ആറന്മുളയിലും ഇപ്പോള്‍ ബിജെപി നിര്‍ത്തിയിട്ടുള്ള സ്ഥാനാര്‍ത്ഥികളെ നോക്കൂ. ബിജെപിക്ക് ഒരു ശബ്‌ദം കൊടുക്കാന്‍ പോലും കഴിവില്ലാത്ത സ്ഥാനാര്‍ത്ഥികള്‍. കൈപ്പിടിയിലായ രണ്ടു മണ്ഡലങ്ങളാണ് ബിജെപി കളഞ്ഞുകുളിക്കുന്നത്. ഈ നേതൃത്വവുമായാണ് മുന്നോട്ടു പോകുന്നതെങ്കില്‍ അടുത്ത മുപ്പത് കൊല്ലത്തേക്ക് കേരളത്തില്‍ ബിജെപി ഒന്നും പ്രതീക്ഷിക്കേണ്ടതില്ല. ഈ ഗ്യാങ്ങ് മാറാതെ രക്ഷയില്ല. ഒരു ഫ്രഷ് എയര്‍, അല്ലെങ്കില്‍ ന്യൂ തിങ്കിങ് ഉണ്ടെങ്കിലേ ബിജെപിക്ക് വളരാനാവുകയുള്ളു - ആർ ബാലശങ്കർ സ്വകാര്യചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..