സ്ഥാനാർഥി പ്രഖ്യാപനത്തിനുശേഷവും യുഡിഎഫിൽ പൊട്ടിത്തെറി അവസാനിക്കുന്നില്ല. എന്തുചെയ്യണമെന്നറിയാതെ നട്ടംതിരിയുകയാണ് കോൺഗ്രസ് നേതൃത്വം. രാജിയും ബിജെപിയിലേക്കുള്ള ഒഴുക്കും തുടരുന്നു. സീറ്റ് നിഷേധിച്ചതിലും സ്ഥാനാർഥികളെ അടിച്ചേൽപ്പിച്ചതിലും പ്രതിഷേധിച്ച് കെപിസിസി ഭാരവാഹികളും അംഗങ്ങളും ജില്ലാ ഭാരവാഹികളും പാർടിയെ കെെയൊഴിയുന്നു.
പണംവാങ്ങി
സീറ്റ് വിറ്റു
പാലക്കാട് കെപിസിസി മുൻ സെക്രട്ടറി പി ജെ പൗലോസും നേതൃത്വത്തിനെതിരെ. മണ്ണാർക്കാട് മണ്ഡലം കൺവൻഷൻ ബഹിഷ്‌കരിച്ചുകൊണ്ടാണ് പി ജെ പൗലോസ് വിമതസ്വരം ഉയർത്തിയത്. നെന്മാറ സീറ്റ് പണംവാങ്ങി വിറ്റുവെന്ന് ആരോപിച്ച എ രാമസ്വാമി ചൊവ്വാഴ്‌ച പാലക്കാട്ട് ചേർന്ന ഐഎൻടിയുസി പ്രതിഷേധ കൺവൻഷനിൽ പങ്കെടുത്തു.
രണ്ടത്താണി വേണ്ട
സംഘടനാചുമതലയുള്ള എഐസിസി ജനറൽസെക്രട്ടറി കെ സി വേണുഗോപാലിനെതിരെ കൊല്ലത്ത് എ വിഭാഗം. എഐസിസി സെക്രട്ടറി പി സി വിഷ്‌ണുനാഥിനെ കൊല്ലം സീറ്റിൽനിന്ന് വെട്ടിമാറ്റിയത് വേണുഗോപാലാണെന്ന് എ ഗ്രൂപ്പ് നേതാക്കളുടെ യോഗം ആരോപിച്ചു. പുനലൂരിൽ ലീഗ് സ്ഥാനാർഥിയായി അബ്‌ദുറഹ്‌മാൻ രണ്ടത്താണി എത്തിയത് കോൺഗ്രസ് നേത്യത്വം അംഗീകരിച്ചിട്ടില്ല. ചടയമംഗലത്ത് കോൺഗ്രസ് സ്ഥാനാർഥി എം എം നസീറിന്റെ പ്രചാരണത്തിൽനിന്ന് ലീഗ് നേതാക്കളും വിട്ടുനിൽക്കുന്നു.
മണലൂർ
പേയ്‌മെന്റ് സീറ്റ്
മണലൂർ പേയ്‌മെന്റ് സീറ്റാക്കിയതിൽ പ്രതിഷേധിച്ച് കെപിസിസി അംഗവും യൂത്ത് കോൺഗ്രസ് മുൻ ജില്ലാ പ്രസിഡന്റുമായ സി ഐ സെബാസ്റ്റ്യൻ പാർടി വിട്ടു. ഡിസിസി ജനറൽ സെക്രട്ടറിയായിരുന്നു ഏറെക്കാലം. പേയ്‌മെന്റ് സീറ്റിൽ പ്രതിഷേധിച്ച് തിങ്കളാഴ്‌ച മണലൂരിലെ 50 കോൺഗ്രസ് ഭാരവാഹികൾ രാജിവച്ചിരുന്നു.
നിലമ്പൂരിൽ ഓഫീസ് പൂട്ടി
നിലമ്പൂർ സീറ്റിനെച്ചൊല്ലി കോൺഗ്രസിൽ കലഹം തുടരുന്നു. വി വി പ്രകാശ് സ്ഥാനാർഥിയെന്ന വാർത്ത വന്നതോടെ ആര്യാടൻ ഷൗക്കത്ത് അനുകൂലികൾ മണ്ഡലം കമ്മിറ്റി ഓഫീസ് അടച്ചിട്ടു. ഷൗക്കത്തിനെ അനുകൂലിച്ച് യൂത്ത് കോൺഗ്രസുകാർ പ്രകടനവും നടത്തി. പൊന്നാനിയിൽ എ എം രോഹിത്തിനെതിരെ സിദ്ദീഖ് പന്താവൂർ എതിർപ്പുമായി രംഗത്തുണ്ട്.
ആലപ്പുഴയിൽ
കെട്ടിയിറക്കേണ്ട
ആലപ്പുഴ ജില്ലയിൽ രമേശ് ചെന്നിത്തല നയിക്കുന്ന ഐ ഗ്രൂപ്പിൽ വിള്ളൽ. ചെന്നിത്തലയുടെ വിശ്വസ്‌തനായ കെപിസിസി ജനറൽ സെക്രട്ടറിയും മുൻ ഡിസിസി പ്രസിഡന്റുമായ എ എ ഷുക്കൂർ സീറ്റ് കിട്ടാത്തതിൽ കടുത്ത അമർഷത്തിൽ. ഷുക്കൂർ പ്രതീക്ഷിച്ച അമ്പലപ്പുഴയിൽ കളംമാറിയെത്തിയ ഡോ. കെ എസ് മനോജിനെ കെട്ടിയിറക്കാനും ചെന്നിത്തല കൂട്ടുനിന്നുവെന്നാണ് ഷുക്കൂർ പറയുന്നത്. രാജിയിൽ ഉറച്ചു നിൽക്കുന്ന കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ലാൽ കൽപകവാടി തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ഇറങ്ങില്ലെന്ന നിലപാടും പ്രഖ്യാപിച്ചു.
ലീഗിൽ ബഹിഷ്കരണം
കളമശേരിയിൽ ഇബ്രാഹിം കുഞ്ഞിന്റെ മകൻ വി ഇ അബ്ദുൾ ഗഫൂറിന്റെ തെരഞ്ഞെടുപ്പു കൺവൻഷനിൽ നിന്ന് ടി എ അഹമ്മദ് കബീർ വിഭാഗം വിട്ടുനിന്നു. അഹമ്മദ് കബീർ, ജില്ലാ പ്രസിഡന്റ് കെ എം അബ്‌ദുൾ മജീദ്, യുഡിഎഫ് മണ്ഡലം ജനറൽ കൺവീനറായ എ പി ഇബ്രാഹിം, മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് പി എം എ ലത്തീഫ് എന്നീവരുടെ നേതൃത്വത്തിൽ അഹമ്മദ് കബീർ വിഭാഗം കൺവൻഷൻ ബഹിഷ്‌കരിച്ചു.
വി ഇ അബ്‌ദുൾ ഗഫൂറിനെ മാറ്റി മറ്റൊരാളെ സ്ഥാനാർഥിയാക്കില്ലെന്ന കാര്യം ടി എ അഹമ്മദ് കബീറിനെ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ അറിയിച്ചതായാണ് വിവരം. അതേസമയം, ഗഫൂറിന്റെ സ്ഥാനാർഥിത്വത്തിനെതിരായ പ്രതിഷേധങ്ങൾക്ക് പിന്നിൽ മുസ്ലിംലീഗിന്റെ ശത്രുക്കളാണെന്ന് വി കെ ഇബ്രാഹിംകുഞ്ഞ് പറഞ്ഞു. അഹമ്മദ് കബീർ അവിവേകം കാണിക്കുമെന്ന് കരുതുന്നില്ലെന്നും പ്രതിഷേധങ്ങൾ പ്രചാരണത്തെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ഐഎൻടിയുസി
പ്രതിഷേധം
കോൺഗ്രസ് സ്ഥാനാർഥി നിർണയത്തിൽ ഐഎൻടിയുസിയെ അവഗണിച്ചതിൽ പ്രതിഷേധിച്ച് ഐഎൻടിയുസി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ യുഡിഎഫ് എറണാകുളം മണ്ഡലം കൺവൻഷൻ വേദിയിലേക്ക് മാർച്ച് നടത്തി. ദേശീയ സെക്രട്ടറി കെ പി ഹരിദാസ്, ജില്ലാ പ്രസിഡന്റ് കെ കെ ഇബ്രാഹിംകുട്ടി എന്നിവർ നേതൃത്വം നൽകി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..