തിരുവനന്തപുരം
ലതിക സുഭാഷിന്റെ തലമുണ്ഡനത്തിൽ തുടങ്ങി ഭരണം പിടിക്കാമെന്ന പ്രത്യാശ നഷ്ടമായെന്ന കെ സുധാകരന്റെ തുറന്നുപറച്ചിലിൽ വരെ എത്തിനിൽക്കുകയാണ് കോൺഗ്രസിലെ പ്രതിസന്ധി. സ്ഥാനാർഥി നിർണയത്തിൽ ഹൈക്കമാൻഡിനെ പ്രതിക്കൂട്ടിൽ നിർത്തി വിചാരണയ്‌ക്ക് എ, ഐ ഗ്രൂപ്പുകളും കച്ചമുറുക്കി. ഹൈക്കമാൻഡിനെ ഉള്ളം കൈയിലിട്ട് നിയന്ത്രിക്കുന്ന കെ സി വേണുഗോപാലും കേരളത്തിലെ ഗ്രൂപ്പുകളും തമ്മിലുള്ള നേർക്കുനേർ പോരാട്ടത്തിനാണ് അരങ്ങൊരുങ്ങുന്നത്.
തെരഞ്ഞെടുപ്പ് അടുക്കുംതോറും പാളയത്തിൽപ്പട കോൺഗ്രസിന്റെയും മുസ്ലിംലീഗിന്റെയും ബിജെപിയുടെയും നടുവൊടിക്കുകയാണ്. മൂന്ന് കക്ഷികളും ഓരോ ദിവസവും പുതിയ പ്രതിസന്ധികളിൽ വലയുകയാണ്. പത്രികാ സമർപ്പണം തീരാൻ ദിവസങ്ങൾ മാത്രം ശേഷിക്കുമ്പോഴും അത് മൂർച്ഛിക്കുകയാണ്. മുതിർന്ന നേതാക്കൾ നേരിട്ടിറങ്ങിയിട്ടും അനുനയ നീക്കങ്ങൾ പാളുന്നതാണ് യുഡിഎഫും ബിജെപിയും നേരിടുന്ന വെല്ലുവിളി.
ഇന്ദിരാഭവൻ മുറ്റത്ത് ലതിക സുഭാഷ് തലമൊട്ടയടിച്ച് നടത്തിയ അത്യസാധാരണമായ പ്രതിഷേധ മുറയുടെ അങ്കലാപ്പ് കോൺഗ്രസിന്റെ അകത്തളങ്ങളിൽ കനലായി നീറുകയാണ്. 2004ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലുണ്ടായ കോൺഗ്രസിന്റെ കൂട്ടത്തോൽവിക്ക് സമാനമായ അവസ്ഥയിലേക്ക് ഇത് വഴിതെളിക്കുമെന്ന ആശങ്കയിലാണ് കെപിസിസി നേതൃത്വം. രമേശ് ചെന്നിത്തലയുടെ യാത്രയിലെ മുഖ്യതാരമായിരുന്ന ലതിക സുഭാഷിനെ കടന്നാക്രമിച്ച് രംഗത്തിറങ്ങാൻ കോൺഗ്രസ് നേതൃത്വത്തെ പ്രേരിപ്പിച്ചത് ഈ തിരിച്ചറിവാണ്. ലതിക സുഭാഷിൽ സിപിഐ എം ബന്ധം ആരോപിച്ച് മുഖം രക്ഷിക്കാനാകുമോയെന്നാണ് കെപിസിസി നേതൃത്വം ശ്രമിക്കുന്നത്.
വിമത സ്ഥാനാർഥിയെ നിർത്തുന്ന ഘട്ടംവരെ എത്തി നിൽക്കുകയാണ് ലീഗിലെ ആഭ്യന്തര സംഘർഷം. പാണക്കാട്ട് വിളിച്ചുവരുത്തിയാണ് കളമശേരിയിലെ അസംതൃപ്‌തരെ പിന്തിരിപ്പിച്ചത്. അപ്പോഴും ലീഗ് ജനറൽ സെക്രട്ടറി കെപിഎ മജീദ് അടക്കമുള്ളവർക്കെതിരായ നീക്കം പുകയുകയാണ്. ഇതിനിടെ കേരളത്തിലെ ബിജെപിയെ നയിക്കുന്നത് മാഫിയ സംഘമാണെന്ന് ആഞ്ഞടിച്ച് ആർഎസ്‌എസ് പത്രമായ ഓർഗനൈസറിന്റെ മുൻ പത്രാധിപർ ആർ ബാലശങ്കർ രംഗത്തുവന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..