16 March Tuesday

മോൻ ജയിക്കും, ജയിച്ചിട്ട്‌ വരണം; സ്വരാജിന് കൊന്തയില്‍ ഹൃദയം കോര്‍ത്തുനല്‍കി 'കോണ്‍ഗ്രസ് മുത്തശ്ശി'

വെബ് ഡെസ്‌ക്‌Updated: Tuesday Mar 16, 2021

തൃപ്പൂണിത്തുറ > മരടുകാർ 102 വയസ്സുകാരി മേരിയെ കോൺഗ്രസ് മുത്തശ്ശിയെന്നാണ്‌ വിളിക്കുന്നത്‌.  ജയന്തി റോഡിലെ കൂടാരപ്പള്ളി വീട്ടിൽ വോട്ടുതേടിയെത്തിയ എൽഡിഎഫ്‌ സ്ഥാനാർഥി എം സ്വരാജിന്‌ മുത്തശ്ശി വിശുദ്ധിയോടെ സൂക്ഷിച്ചിരുന്ന കൊന്ത കൈമാറി അനുഗ്രഹിച്ചത്‌ ഏവരെയും ആശ്ചര്യപ്പെടുത്തി. സ്വരാജിനെ സ്‌നേഹപൂർവം അടുത്തുവിളിച്ചിരുത്തി നെറുകയിൽ കൈവച്ച്‌ അനുഗ്രഹിച്ചു. മോൻ ജയിക്കും, ജയിച്ചിട്ട്‌ കാണാൻ വരണമെന്ന ആഗ്രഹംകൂടി അറിയിച്ചു മേരി മുത്തശ്ശി. തീർച്ചയായും വരുമെന്ന്‌ നൂറു ഹൃദയങ്ങളെ ജയിച്ച സന്തോഷത്തിൽ സ്വരാജിന്റെ മറുപടി. 

മുടക്കമില്ലാതെ കൈപ്പത്തിക്ക്‌ വോട്ടു കുത്തുന്നയാളാണ്‌ മേരി മുത്തശ്ശി. കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പു സമയത്ത്‌ എൽഡിഎഫ്‌ സ്ഥാനാർഥിക്ക്‌ വോട്ടുതേടി സ്വരാജ്‌ മുത്തശ്ശിയെ കണ്ടിരുന്നു. വോട്ടുചെയ്യാൻ പോകുന്നില്ല എന്നാണ്‌ അന്ന്‌ പറഞ്ഞത്‌. പോയാൽ കൈപ്പത്തിക്ക്‌ ചെയ്യേണ്ടിവരുമെന്നും. അതുപറഞ്ഞ മുത്തശ്ശിക്കുണ്ടായ മാറ്റം സ്വരാജിനെ മാത്രമല്ല, കൂടെ ഉണ്ടായിരുന്ന എൽഡിഎഫ്‌ പ്രവർത്തകരെയും അൽഭുതപ്പെടുത്തി. എന്തായാലും മുത്തശ്ശി ഇക്കുറി ബൂത്തിൽ പോകും, സ്വരാജിന്‌ വോട്ടുചെയ്യാൻ. മണ്ഡലത്തിലെ ആദ്യവട്ട ഓട്ടപ്രദിക്ഷിണത്തിനിടെ ഞായറാഴ്ച വൈകിട്ടാണ്‌ സ്വരാജ്‌ മേരി മുത്തശ്ശിയുടെ വീട്ടിൽ എത്തിയത്.   

കർഷകത്തൊഴിലാളി പെൻഷൻ ലഭിക്കുന്ന ഇടക്കൊച്ചി കിടങ്ങിനേഴത്ത് അംബിക കുഞ്ഞൻ ബാവ സ്വരാജിന്‌ കെട്ടിവയ്‌ക്കാൻ പണം നൽകിയതും വോട്ടുതേടലിനിടയിലെ മറക്കാനാകാത്ത അനുഭവമായി. . പെൻഷൻ മുടങ്ങാതെ കൈയിൽ കിട്ടുന്നതിന്റെ നന്ദിപ്രകടനമായിരുന്നു അത്‌. തിങ്കളാഴ്ച രാവിലെയാണ്‌ അംബികയുടെ വീട്ടിലെത്തി സ്വരാജ്‌ തുക കൈപ്പറ്റിയത്‌. നെട്ടൂർ, മരട് ഭാഗങ്ങളിൽ സ്വരാജിന്‌ ലഭിച്ച സ്വീകരണങ്ങൾ മത ന്യൂനപക്ഷങ്ങൾക്കിടയിലെ ഇടതുപക്ഷാനുകൂല മാറ്റത്തിന്റെ  മികച്ച തെളിവായി. വളന്തകാട് എത്തിയപ്പോൾ പ്രായമായ സ്ത്രീകൾ ഉൾപ്പെടെ സ്വരാജിനെ വരവേൽക്കാൻ കാത്തുനിന്നിരുന്നു.  ആറ് ലോക്കൽ കൺവൻഷനുകളിലും വൻ ജനപങ്കാളിത്തമായിരുന്നു. എല്ലായിടത്തും പ്രാദേശികമായ വികസനകാര്യങ്ങൾ മാത്രം ചൂണ്ടിക്കാട്ടി സ്വരാജ് നടത്തിയ ചെറു പ്രസംഗങ്ങൾ വൻ ഹർഷാരവത്തോടെയാണ്‌ നാട്ടുകാർ സ്വീകരിച്ചത്. ചൊവ്വാഴ്‌ച സ്വരാജ്‌ പള്ളുരുത്തി പ്രദേശത്തെ വൊട്ടർമാരെ കാണും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top