16 March Tuesday
രണ്ടാം ട്വന്റി–20

കരുത്തോടെ ഇന്ത്യ ; ഇംഗ്ലണ്ടിനെ 7 വിക്കറ്റിന്‌ വീഴ്‌ത്തി

വെബ് ഡെസ്‌ക്‌Updated: Monday Mar 15, 2021

അഹമ്മദാബാദ്
അരങ്ങേറ്റത്തിൽ കൊടുങ്കാറ്റായ ഇഷാൻ കിഷന്റെ‌യും വിരാട്‌ കോഹ്‌ലിയുടെയും കരുത്തിൽ ഇംഗ്ലണ്ടിനെ തകർത്ത്‌ ഇന്ത്യ. രണ്ടാം ട്വന്റി–-20 ക്രിക്കറ്റിൽ ഇംഗ്ലണ്ടിനെ ഏഴ്‌ വിക്കറ്റിന്‌ വീഴ്‌ത്തി. ഓപ്പണറായെത്തി 32 പന്തിൽ 56 റണ്ണടിച്ച ഇഷാനാണ്‌ ഇന്ത്യൻ ജയം അനായാസമാക്കിയത്‌. നാല്‌ സിക്‌സറും അഞ്ച്‌ ഫോറും ഈ ഇരുപത്തിരണ്ടുകാരൻ പായിച്ചു. ക്യാപ്‌റ്റൻ കോഹ്‌ലി (49 പന്തിൽ 73*) മുന്നിൽനിന്ന്‌ നയിച്ചു. ജയത്തോടെ അഞ്ചു മത്സരപരമ്പരയിൽ ഇന്ത്യ ഒപ്പമെത്തി (1–-1). സ്‌കോർ: ഇംഗ്ലണ്ട്‌ 6–-164, ഇന്ത്യ 3–-166 (17.5).

165 റൺ വിജയലക്ഷ്യത്തിലേക്ക്‌ ബാറ്റുവീശിയ ഇന്ത്യക്ക്‌ തുടക്കം പതർച്ചയോടെയായിരുന്നു. കെ എൽ രാഹുൽ (0) തുടർച്ചയായ രണ്ടാംകളിയിലും പരാജയപ്പെട്ടു. ആദ്യ ഓവറിൽ സ്‌കോർബോർഡ്‌ തുറക്കുംമുമ്പേ ഓപ്പണറെ നഷ്ടപ്പെട്ട ഇന്ത്യയെ കോഹ്‌ലിയും ഇഷാനും നയിച്ചു. കോഹ്‌ലി ക്ഷമയോടെ ബാറ്റേന്തി. മറുവശം ഇഷാനാകട്ടെ ഇംഗ്ലീഷ്‌ ബൗളർമാരെ പ്രഹരിച്ചു. സ്‌കോർ 40ൽ നിൽക്കവെ കിഷനെ ബെൻ സ്‌റ്റോക്‌സ്‌ വിട്ടുകളഞ്ഞത്‌ ഇംഗ്ലണ്ടിന്‌ തിരിച്ചടിയായി. 28 പന്തിലാണ്‌ ഇടംകൈയൻ അരങ്ങേറ്റത്തിൽ അരസെഞ്ചുറി തികച്ചത്‌. ആദിൽ റഷീദിന്റെ പന്തിൽ വിക്കറ്റിനുമുന്നിൽ കുരുങ്ങിയായിരുന്നു മടക്കം. ഇതിനകം രണ്ടാംവിക്കറ്റിൽ ഇന്ത്യ 94 റൺ ചേർത്തിരുന്നു. ഋഷഭ്‌ പന്തും (13 പന്തിൽ 26) അനായാസം റൺ കണ്ടെത്തി. പന്ത്‌ മടങ്ങിയെങ്കിലും കോഹ്‌ലിയും ശ്രേയസ്‌ അയ്യറും (8*) ചേർന്ന്‌ ഇന്ത്യക്ക്‌ ജയമൊരുക്കി. കോഹ്‌ലി മൂന്ന്‌ സിക്‌സും അഞ്ചു ബൗണ്ടറിയും നേടി.

നേരത്തേ ജാസൺ റോയിയുടെ (35 പന്തിൽ 46)  ഇന്നിങ്‌സാണ്‌ ഇംഗ്ലണ്ടിനെ ഭേദപ്പെട്ട സ്‌കോറിൽ എത്തിച്ചത്‌. ഇന്ത്യക്കായി ഇഷാനുപുറമെ സൂര്യകുമാർ യാദവും അരങ്ങേറി. ‌
നാളെയാണ്‌ മൂന്നാം ട്വന്റി–-20.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top