തിരുവനന്തപുരം
സിപിഐ എമ്മിൽ തുടർച്ചയായി രണ്ടുവട്ടം നിയമസഭാംഗമായിരുന്നവർ മാറി നിൽക്കുമ്പോൾ അരനൂറ്റാണ്ട് പിന്നിട്ടവരും കോൺഗ്രസ് സ്ഥാനാർഥിപ്പട്ടികയിൽ. പതിറ്റാണ്ടുകളായി കാണുന്ന മുഖങ്ങളേറെ. മറ്റാർക്കും അവസരം നൽകാതെ പലരും സീറ്റുകൾ കുത്തകയാക്കി. ചിലർ ജയിച്ചാലും തോറ്റാലും ലോക്‌സഭയിലേക്കും നിയമസഭയിലേക്കും തുടർച്ചയായി മത്സരിച്ചുകൊണ്ടേയിരിക്കുന്നു. കോൺഗ്രസിലെ പ്രതിഷേധത്തിനിടെ നേതാക്കളുടെ കുത്തക സീറ്റുകളും ചർച്ചയാണ്.
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി നിയമസഭയിലേക്ക് മത്സരിക്കുന്നത് പന്ത്രണ്ടാം തവണയാണ്. 51 വർഷമായി പുതുപ്പള്ളിയിൽ മറ്റാരും എംഎൽഎയായിട്ടില്ല. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പിന്നിലല്ല. അഞ്ചാം തവണയാണ് നിയമസഭയിലേക്ക് മത്സരിക്കുന്നത്. ഇതിനിടെ നാലു തവണ ലോക്‌സഭയിലേക്കും ജനവിധി തേടി. 30 വർഷമായി എംഎൽഎയായി തുടരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ നിയമസഭയിലേക്ക് മത്സരിക്കുന്നത് ഏഴാം തവണയാണ്. 1991 മുതൽ 2016 വരെ 25 വർഷം എംഎൽഎയായിരുന്ന കെ ബാബു തൃപ്പുണിത്തുറയിൽ മത്സരിക്കാനിറങ്ങുന്നത് ഏഴാം തവണയാണ്. മണ്ഡലത്തിൽ കടുത്ത പ്രതിഷേധമുയർന്നിട്ടും ഉമ്മൻചാണ്ടിയുടെ കടുത്ത സമ്മർദത്തിലൂടെയാണ് ബാബു വീണ്ടും സീറ്റ് തരപ്പെടുത്തിയത്.
സിറ്റിങ് എംഎൽഎമാരിൽ സീറ്റ് കിട്ടാതിരുന്ന ഏകയാളായ കെ സി ജോസഫിന്റെ കുത്തകയായിരുന്നു 1982 മുതൽ ഇരിക്കൂർ മണ്ഡലം. മൂന്നുവട്ടം എംഎൽഎയും ഒരുതവണ എംപിയുമായശേഷമാണ് പി ടി തോമസ് വീണ്ടും മത്സരിക്കാനിറങ്ങുന്നത്. എംഎൽഎ സ്ഥാനം രാജിവച്ച് എംപിയായ കെ മുരളീധരൻ വീണ്ടും നിയമസഭയിലേക്ക് മത്സരിക്കുന്നു. മുരളീധരൻ സ്ഥാനാർഥിക്കുപ്പായമണിയുന്നത് പന്ത്രണ്ടാം തവണ. അതിൽ ഏഴുതവണ ലോക്‌സഭയിലേക്കും നാലുതവണ നിയമസഭയിലേക്കും മത്സരിച്ചു. 2004ൽ കെപിസിസി പ്രസിഡന്റ് സ്ഥാനം രാജിവച്ച് ആന്റണി മന്ത്രിസഭയിലെ വൈദ്യുതി മന്ത്രിയായി ഉപതെരഞ്ഞെടുപ്പിൽ വടക്കാഞ്ചേരി മണ്ഡലത്തിൽ മത്സരിച്ചു. തോറ്റതോടെ കേരളത്തിൽ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ഏക മന്ത്രിയായി. സഹോദരി പത്മജ വേണുഗോപാലും ഇത്തവണ മത്സരിക്കുന്നുണ്ട്. 2004-ൽ ലോക്‌സഭയിലേക്കും 2016-ൽ നിയമസഭയിലേക്കും പത്മജ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
പുതുതലമുറയ്‌ക്കുവേണ്ടി വാദിക്കുന്നവരും ആദർശം പറയുന്നവരും സ്ഥാനാർഥിമോഹത്തിൽ ഒട്ടും പിന്നിലല്ല. വി ഡി സതീശൻ പറവൂരിലും എ പി അനിൽകുമാർ വണ്ടൂരിലും തുടർച്ചയായി അഞ്ചാം തവണയാണ് മത്സരിക്കുന്നത്. 20 വർഷമായി ഇരുവരും എംഎൽഎയാണ്.
വനിതകള്‍ക്ക് പ്രാതിനിധ്യം ഉറപ്പാക്കിയെന്ന് മുല്ലപ്പള്ളി
താൻ കെപിസിസി അധ്യക്ഷനായത് മുതൽ സംഘടനാരംഗത്ത് വനിതകൾക്ക് അർഹമായ പ്രാതിനിധ്യം ഉറപ്പാക്കിയെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ അവകാശപ്പെട്ടു. 25,000 വനിതകളെയാണ് ബൂത്ത് വൈസ് പ്രസിഡന്റുമാരായി നിയമിച്ചത്. അന്തിമ സ്ഥാനാർഥിപ്പട്ടികയിൽ 15 വനിതകളെയാണ് പരിഗണിച്ചത്. ലതികാ സുഭാഷിന്റെ പ്രതിഷേധം ദൗർഭാഗ്യകരമാണ്. അവർക്ക് സീറ്റ് നൽകണമെന്നാണ് ആഗ്രഹിച്ചത്. ഏറ്റുമാനൂർ സീറ്റുമായി ബന്ധപ്പെട്ട സീറ്റ് വിഭജന ചർച്ചകൾ വഴിമുട്ടിയത് കേരളം കണ്ടതാണ്. ഫോർവേഡ് ബ്ലോക്ക് പിന്മാറിയാൽ കോൺഗ്രസ് ശക്തനായ സ്ഥാനാർഥിയെ ധർമ്മടത്ത് നിർത്തുമെന്നും മുല്ലപ്പള്ളി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..