ന്യൂഡൽഹി > എല്ലാ ആരാധനാലയങ്ങളുടെയും സ്വഭാവം നിലനിർത്തണമെന്ന് നിഷ്‌കർഷിക്കുന്ന 1991ലെ നിയമം പുനഃപരിശോധിക്കാനുള്ള സുപ്രീംകോടതി നീക്കം ദൗർഭാഗ്യകരമെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ. 1947 ആഗസ്‌ത് 15ന് ഉണ്ടായിരുന്നതുപോലെതന്നെ ആരാധനാലയങ്ങളുടെ സ്വഭാവം നിലനിർത്തണമെന്നും ഇതുസംബന്ധിച്ച് കോടതികളിൽ കേസുകളോ നിയമനടപടികളോ ഉണ്ടാകാൻ പാടില്ലെന്നുമാണ് നിയമത്തിൽ പറയുന്നത്.
ആരാധനാലയങ്ങളുടെ പേരിലുള്ള തർക്കങ്ങൾ കാരണമുണ്ടാകാറുള്ള കേസുകൾ കുറയ്‌ക്കാൻ ഈ നിയമം സഹായമായിരുന്നു. 1991ലെ നിയമം ഉണ്ടാക്കുമ്പോൾ അയോധ്യ ഭൂമി തർക്കം നിലനിന്നിരുന്നതിനാൽ ആ ആരാധനാലയത്തെ മാത്രം നിയമത്തിന്റെ പരിധിയിൽനിന്ന് ഒഴിവാക്കി.
2019ൽ അയോധ്യ വിധി പുറപ്പെടുവിച്ച സുപ്രീംകോടതി ബെഞ്ച് 1991ലെ നിയമത്തിന്റെ പശ്ചാത്തലത്തിൽ അയോധ്യ കേസ് പോലെയുള്ളവ പ്രോത്സാഹിപ്പിക്കരുതെന്ന് പ്രത്യേകം നിരീക്ഷിച്ചിരുന്നു. ഇത് പുനഃപരിശോധിക്കേണ്ട സാഹചര്യം നിലവിലില്ല. ഈ സാഹചര്യത്തിൽ നിയമത്തിന്റെ പ്രസക്തി ഉയർത്തിപ്പിടിക്കുന്ന മറുപടിയാണ് കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ സമർപ്പിക്കേണ്ടതെന്നും പൊളിറ്റ് ബ്യൂറോ അഭിപ്രായ*പ്പെട്ടു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..