മലയാളികളുടെ പ്രിയപ്പെട്ട നടൻ കുതിരവട്ടം പപ്പുവിന്റെ മകൻ ബിനു പപ്പു ശ്രദ്ധേയമായ വേഷങ്ങളിലൂടെ പ്രേക്ഷകരുടെ കൈയടി നേടുകയാണ്. ഹെലൻ, ഓപ്പറേഷൻ ജാവ തുടങ്ങിയ സിനിമകളിലെ മികച്ച അഭിനയം കൊണ്ട് സിനിമയിൽ ഇടം കണ്ടെത്തിയിരിക്കുന്നു ബിനു
മലയാളികളുള്ള നാട്ടിലൊന്നും ബിനു പപ്പു എന്ന മനുഷ്യന് തിരിച്ചറിയൽ രേഖയുടെ ആവശ്യമില്ല. കുതിരവട്ടം പപ്പുവിന്റെ മകൻ എന്ന ഒറ്റവിശേഷണം ധാരാളം. അതുല്യനായ അച്ഛന്റെ മകൻ എന്നനിലയിൽനിന്ന് ബിനു നടനെന്നനിലയിൽ സിനിമയിൽ ഇടംനേടിയിരിക്കുന്നു. പ്രേക്ഷകന്റെ കൈയടികൾ നേടാൻ തുടങ്ങിയിരിക്കുന്നു. ഓപ്പറേഷൻ ജാവയിലെ നായകതുല്യമായ ജോയ് എന്ന ക്യാരക്ടർ തന്നെ തെളിവ്. ബിനു പപ്പു സംസാരിക്കുന്നു:
? നടൻ എന്നനിലയിൽ അംഗീകാരം എത്താൻ വൈകിയോ.
= അങ്ങനെയൊരു തോന്നൽ ഇല്ല. വളരെ വൈകിയാണ് സിനിമയിൽ എത്തിയത്. അച്ഛന്റെ മരണം രണ്ടായിരത്തിലാണ്. 2013ൽ ആണ് ഞാൻ സിനിമയിൽ എത്തുന്നത്. അപ്പോഴും സിനിമയാണെന്റെ മേഖല എന്നൊന്നും ചിന്തിച്ചിട്ടില്ല. അഭിനയിക്കാനാണ് വിളിച്ചിരുന്നത് എങ്കിലും അണിയറയിലേക്കു മാറി. മായാനദിക്ക് ശേഷമൊക്കെയാണ് സിനിമയാണ് മേഖലയെന്ന് തീരുമാനമായത്. വൈകി വന്നതുകൊണ്ടുതന്നെ ഇനിയും നല്ല വേഷങ്ങൾ വരാനുണ്ട് എന്നൊരു വിശ്വാസവുമുണ്ട്.
? ഓപ്പറേഷൻ ജാവയിലെ ജോയ് കരിയർ ബെസ്റ്റ് റോളാണ്. ആ സിനിമയെക്കുറിച്ച്.
= ആ പടത്തിന്റെ കോ–-ഡയറക്ടറാണ് ആദ്യം റോളിനെക്കുറിച്ച് പറയുന്നത്. അടുപ്പിച്ച് ഒരുപാട് പൊലീസ് വേഷം ചെയ്‌തതുകൊണ്ട് ആദ്യം ഒരു ത്രിൽ തോന്നിയില്ല. പിന്നെ ഡയറക്ടർ തരുൺ മൂർത്തി സ്‌ക്രിപ്റ്റ് തന്നപ്പോഴാണ് കഥാപാത്രത്തിന്റെ വിവിധ തലങ്ങളും വൈകാരികതകളും സവിശേഷതകളും ആഴവുമെല്ലാം മനസ്സിലായത്. തരുൺ ആ ക്യാരക്ടറിനെക്കുറിച്ചും സിനിമയെക്കുറിച്ചും വ്യക്തമായ ധാരണയോടെ വിശദീകരിച്ചുതന്നു. ജോയിയെ മനോഹരമായി ഉൾക്കൊള്ളാൻ അത് വളരെയധികം സഹായിച്ചു.
? സിനിമയിൽ എത്താൻ വൈകിയത് എന്തേ.
= കോഴിക്കോട്ടുനിന്ന് ഡിഗ്രി പൂർത്തിയാക്കി 2003ൽ ബംഗളൂരുവിൽ അനിമേഷൻ കോഴ്‌സ് പഠിച്ചു. ഫ്ലൂയിഡ് സിജിഐ എന്ന കമ്പനിയിൽ ജോലികിട്ടി. അവിടെ എക്‌സിക്യൂട്ടീവ് ഡയറക്ടർ വരെയായി. വിഎഫ്എക്‌സിൽ ഒക്കെയാണ് അവിടെയും ജോലി ചെയ്‌തതെങ്കിലും അഭിനയം, സംവിധാനം എന്നീ മേഖലകളിൽ എത്തിപ്പെടുമെന്ന് ഞാൻ പോലും വിചാരിച്ചതല്ല. ഒരുപാട് നടന്മാരുടെ മക്കളെ വച്ച് ചെയ്‌ത ‘ഗുണ്ട' എന്നൊരു സിനിമയിലേക്ക് നിർബന്ധിച്ചു ക്ഷണിച്ചപ്പോൾ വെറുമൊരു കൗതുകത്തിന് ചെയ്‌തുതുടങ്ങിയത്. പിന്നെയാണ്, ഗ്യാംഗ്സ്റ്റർ, റാണി പത്മിനി എന്നീ സിനിമയിലൊക്കെ ആഷിക് അബു ചേട്ടൻ വിളിക്കുന്നത്. റാണി പത്മിനിയുടെ ക്രൂവിൽ ആളുകൾ കുറവായതുകൊണ്ട് സംവിധാനത്തിൽ സഹായിച്ചു. ഒരു താൽപ്പര്യവും കൗതുകവും തോന്നി ആഷിക്കേട്ടനോട് അസിസ്റ്റന്റ് ആയിക്കോട്ടെ എന്ന് ചോദിക്കുകയുമായിരുന്നു
? ഇതുവരെ ചെയ്തതിൽ ഇഷ്ടപ്പെട്ട ക്യാരക്ടറുകൾ.
= അങ്ങനെ ഒരുപാട് റോളുകൾ ഒന്നും ചെയ്യാത്തതുകൊണ്ട് പറഞ്ഞാൽ അഹങ്കാരമാകുമെന്ന് പേടിയുണ്ട്. എന്നാലും സഖാവിലെ പ്രഭാകരൻ ഈരാളി, ഹെലനിലെ പൊലീസുകാരൻ, ഓപ്പറേഷൻ ജാവയിലെ ജോയ് ഒക്കെ ഇഷ്ടപ്പെട്ടവയാണ്. പിന്നെ റാണി പത്മിനിയിലെ കരീം.
? സംവിധാനസഹായി എന്നനിലയിൽ.
= റാണി പത്മിനിയിൽ വച്ചാണ് അങ്ങനെയൊരു ആഗ്രഹം വന്നതെങ്കിലും ഗപ്പിയിലാണ് ആദ്യം അസിസ്റ്റ് ചെയ്യുന്നത്. പിന്നീട് മായാനദി, വൈറസ്, അമ്പിളി, വൺ, ഹലാൽ ലവ് സ്റ്റോറി എന്നിവയുടെയൊക്കെ ഭാഗമായി. വിവിധ സംവിധായകരുടെ കൂടെ വർക്ക് ചെയ്യാനായത് നല്ല അനുഭവമായിരുന്നു. ഇനിയും ഒരുപാട് പഠിക്കാനിരിക്കുന്നു.
? അച്ഛനെക്കുറിച്ച് ഓർക്കുമ്പോൾ ഈ നിമിഷത്തിൽ തോന്നുന്നത്.
= ഇങ്ങനെയൊരു അച്ഛന്റെ മകനായി ജനിച്ചതിലും ജീവിച്ചതിലും വളരെയധികം അഭിമാനം തോന്നുന്നു. ജീവിതത്തിൽ അത് ഗുണം മാത്രമേ ചെയ്തിട്ടുള്ളൂ. അച്ഛന്റെ കൂടെ വർക്ക് ചെയ്‌തവരുടെ (ഉദാഹരണത്തിന് മമ്മൂക്ക) കൂടെയൊക്കെ, വർക്ക് ചെയ്യുമ്പോൾ അച്ഛനോടുള്ള ഇഷ്ടം വാത്സല്യമായി കിട്ടുന്നുണ്ട്. അതല്ലാതെ മലയാളികൾക്ക് പൊതുവിൽത്തന്നെ അദ്ദേഹത്തിനോടുള്ള സ്‌നേഹം എന്നിലേക്കും എത്തുന്നുണ്ട്. ഭാഗ്യം.
? വരാനുള്ള സിനിമകൾ.
= "വൺ’ റിലീസാകാനിരിക്കുന്നു. അഷ്റഫ് ഹംസയുടെ "ഭീമന്റെ വഴി’യിൽ ചാക്കോച്ചനോടൊപ്പം അഭിനയിച്ചുകഴിഞ്ഞു. ചെമ്പന്റെ സ്‌ക്രിപ്റ്റാണ്. മുഴുനീള വേഷമാണ്. മേയിൽ റിലീസ് പ്രതീക്ഷിക്കുന്നു. ഇപ്പോൾ അഭിനയിക്കുന്നത് റോഷൻ ആൻഡ്രൂസന്റെ ദുൽക്കർ സിനിമയായ സല്യൂട്ടിൽ. പ്രമോദ് പീറ്റർ എന്ന കഥാപാത്രമാണതിൽ. വേറെയും പടങ്ങളുടെ ചർച്ചകൾ നടക്കുന്നു.
? സംവിധായകനാകുക എന്നത് പ്ലാനിൽ ഉണ്ടോ.
= സംവിധാനം ചെയ്യണമെന്നു തന്നെയാണ് ആഗ്രഹം. കോവിഡ് സാഹചര്യങ്ങളിൽ നീണ്ടുപോകുന്നതാണ്. അതിനുള്ള സ്‌ക്രിപ്റ്റ് വർക്കുകൾ നടക്കുന്നു. ഞാനല്ല എഴുതുന്നത്. 2022 അവസാനമാകുമ്പോഴേക്ക് ഷൂട്ട് തുടങ്ങണമെന്ന് കരുതുന്നു.
? എന്തൊക്കെയാണ് അഭിലാഷങ്ങൾ.
= നല്ല നടനാകുകയെന്നത് തന്നെയാണ് സ്വപ്നം. മോശം കഥാപാത്രം എന്നുംപറഞ്ഞ് ആരും നടന്മാരെ സമീപിക്കാറില്ല. ചെയ്യുന്നതിൽ വ്യത്യസ്‌തത വരുത്തുകയെന്നതിലാണ് അഭിനയത്തിൽ അന്വേഷണം. സംവിധാനം ചെയ്യുമ്പോൾ നല്ലൊരു സിനിമ ജനങ്ങൾക്ക് കൊടുത്ത് അവരെക്കൊണ്ട് നല്ലത് പറയിപ്പിക്കുക എന്നതാണ് അഭിലാഷം. അല്ലാതെ വേറെ വലിയ വലിയ പദ്ധതികൾ ഒന്നുമില്ല.
? വീട്, കുടുംബം.
= അമ്മയും (പത്മിനി) ചേട്ടൻ ബിജുവും കുതിരവട്ടത്ത് ഞങ്ങളുടെ വീട്ടിൽത്തന്നെയാണുള്ളത്. ചേച്ചി ബിന്ദുവും ഭർത്താവ് ഗോപികൃഷ്ണനും ഡൽഹിയിൽനിന്ന് കോഴിക്കോട്ടുവന്ന് സെറ്റിലായിട്ടുണ്ട്. ഭാര്യ അഷിത അലക്‌സ് ബംഗളൂരുവിൽ ആർക്കിടെക്ടാണ്. അതിനാൽ ഞങ്ങൾ അവിടെ താമസിക്കുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..