16 March Tuesday

ആത്മനിർഭർ ഭാരതിന്റെ 
പേരിലും കൊള്ള - പ്രകാശ് കാരാട്ട് എഴുതുന്നു

പ്രകാശ് കാരാട്ട്Updated: Saturday Mar 13, 2021

പൊതുമേഖലയുടെ സ്വകാര്യവൽക്കരണം കേന്ദ്രബജറ്റിൽ അവതരിപ്പിച്ചത് അത്യന്തം ആഹ്ലാദത്തോടെയാണ് വലതുപക്ഷ മാധ്യമങ്ങളും സാമ്പത്തിക വിദഗ്ധരും കൊണ്ടാടിയത്. ‘അനന്യസാധാരണമായ ധൈര്യം, മോഡി മാറ്റിമറിച്ചു, അവസാനം യഥാർഥപരിഷ്കരണം നടപ്പിൽ വരുത്തി’ എന്നുമൊക്കെയാണ് ഇത്തരം വൃത്തങ്ങളിൽനിന്ന്‌ കേൾക്കാൻ കഴിഞ്ഞത്. വൻകിട ബിസിനസുകാരുടെയും സാമ്പത്തിക നിരീക്ഷകരുടെയും ഇടയിൽ ഇത്തരത്തിൽ അമിതാഹ്ലാദം ഉളവായത് എന്തുകൊണ്ടാണ്? ബജറ്റിൽ പറഞ്ഞതെല്ലാം‌ ആത്മനിർഭർ ഭാരതിലെ പുതിയ പൊതുമേഖലാകാര്യനയം എന്ന പേരിൽ കേന്ദ്ര ധനമന്ത്രാലയത്തിന് കീഴിലുള്ള പൊതുആസ്തി, നിക്ഷേപവകുപ്പ് നടപ്പാക്കാൻ തുടങ്ങിയിട്ടുമുണ്ട്‌. പൊതുമേഖലയെ തന്ത്രപ്രധാനം, അല്ലാത്തത് എന്നിങ്ങനെ രണ്ടായി തരംതിരിച്ചിട്ടുമുണ്ട്.

നാല്‌ തന്ത്രപ്രധാന മേഖലയാണുള്ളത്‌. 1. ആണവ ഊർജം, ബഹിരാകാശം, പ്രതിരോധം 2. ഗതാഗതം, ടെലികമ്യൂണിക്കേഷൻ. 3. ഊർജം പെട്രോളിയം–- കൽക്കരി 4. ബാങ്കിങ്, ഇൻഷുറൻസ്, സാമ്പത്തിക സേവനങ്ങൾ എന്നിവ. ഈ നാലുമേഖലയിലും ഇപ്പോൾ നിലവിലുള്ള പൊതുമേഖലയുടെ വളരെ കുറഞ്ഞ സാന്നിധ്യം മാത്രമേ ഇനി ഉണ്ടാകുകയുള്ളൂ.

ബാക്കിയുള്ളവ മുഴുവനായും സ്വകാര്യവൽക്കരിക്കുകയോ സ്വകാര്യ മേഖലയിൽ ലയിപ്പിക്കുകയോ അടച്ചുപൂട്ടുകയോ ചെയ്തേക്കാം. തന്ത്ര പ്രധാനം അല്ലാത്തവയെ സംബന്ധിച്ചിടത്തോളം അവയെ മുഴുവനായും സകാര്യവൽക്കരണത്തിനായി പരിഗണിക്കുകയോ അടച്ചുപൂട്ടുകയോ ചെയ്യാം. പൊതുമേഖലയുടെ സ്വകാര്യവൽക്കരണത്തിന്റെ ദൂരവ്യാപകമായ ഇത്തരം ആസൂത്രണം ഇന്ത്യയിലെയും വിദേശങ്ങളിലെയും മൂലധന നിക്ഷേപകർക്ക്‌ വലിയ ആനന്ദം പകരുന്നതാണ്. നരസിംഹ റാവു സർക്കാരിന്റെ കാലത്തുതന്നെ ഓഹരി വിറ്റഴിക്കുക എന്ന പേരിൽ സ്വകാര്യമേഖലയിലേക്കുള്ള ചുവടുവയ്‌പുകൾ നടന്നിരുന്നു. പിന്നീട് വാജ്‌പേയി സർക്കാരിന്റെ കാലത്താണ് പൊതുമേഖലാ ഓഹരികളുടെ തന്ത്രപരമായ വിൽപ്പന ആരംഭിച്ചതും സ്വകാര്യവൽക്കരണത്തിലേക്ക്നയിച്ചതും.

2006ൽ മൻമോഹൻ സിങ് സർക്കാരിന്റെ കാലത്ത് മഹാരത്‌ന കമ്പനിയായ ഭെല്ലിന്റെ പത്ത്‌ ശതമാനം ഓഹരികൾ വിൽക്കാൻ തീരുമാനിച്ചു. സിപിഐ എമ്മിന്റെയും മറ്റ്‌ ഇടതുപാർടികളുടെയും ശക്തമായ എതിർപ്പിനെത്തുടർന്ന്‌ ഈ തീരുമാനം പിൻവലിക്കേണ്ടി വന്നു. കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാർ പൊതുമേഖല സ്വകാര്യ മൂലധനനിക്ഷേപത്തിനായി വീണ്ടും തുറന്നുകൊടുത്തുകൊണ്ടിരുന്നു. പക്ഷേ, പലതും പരിമിതമായ ഫലപ്രാപ്തിയിൽ ഒതുങ്ങി.

പൊതുമേഖല പാടെ നശിപ്പിക്കുന്നു
മോഡി സർക്കാരിന്റെ രണ്ടാംവരവിൽ പുതിയനയത്തിന്റെ ആകെത്തുക എന്നുപറയുന്നത് ഫലത്തിൽ പൊതുമേഖലയെ പാടെ നശിപ്പിക്കുന്നതായി മാറിയിരിക്കുന്നു. എന്തെന്നാൽ, തന്ത്രപ്രധാനമായ നാലുമേഖലയിലെയും ലാഭത്തിൽ പ്രവർത്തിക്കുന്ന പൊതുമേഖലയിലെ ഭൂരിഭാഗം സ്ഥാപനങ്ങളും വിറ്റഴിക്കുകയാണ്‌. പൊതുപണംകൊണ്ട് കെട്ടിപ്പൊക്കിയ അമൂല്യമായ പൊതുസ്വത്തുക്കളാണ്‌ ഇങ്ങനെ വിറ്റഴിക്കപ്പെടുന്നത്‌. സ്വകാര്യവൽക്കരണം നടപ്പാക്കാൻ വേണ്ടി തന്ത്രപ്രധാന മേഖലയിലെ പല പൊതുമേഖലാ സ്ഥാപനങ്ങളും മനപ്പൂർവം തകർക്കപ്പെട്ടിരിക്കുന്നു. ഭെല്ലും ബിഎസ്എൻഎല്ലും ഒഎൻജിസിയും എല്ലാംതന്നെ സർക്കാരിന്റെ പൊതുമേഖലാ വിരുദ്ധ മനോഭാവത്തിന്റെ ഇരകളാണ്.


 

നവലിബറൽ സർക്കാരുകളെ സംബന്ധിച്ചിടത്തോളം സാമ്പത്തികപ്രതിസന്ധി രൂക്ഷമാകുമ്പോൾ സ്വകാര്യവൽക്കരണത്തിലൂടെ ലഭിക്കുന്ന വരുമാനത്തെ ആശ്രയിക്കുന്നത് വളർന്നുവരികയാണ്‌. സർക്കാർവരുമാനത്തിൽ വലിയകുറവ് ഉണ്ടായിട്ടുണ്ടെന്ന്‌ കേന്ദ്ര ബജറ്റ്‌തന്നെ കാണിക്കുന്നുണ്ട്. ഇതു മറികടക്കാൻ ലാഭത്തിൽ പ്രവർത്തിക്കുന്ന പൊതുമേഖല വിറ്റഴിക്കുകയാണ്‌.

പൊതുമേഖലയിലെ ഓഹരികൾ വിറ്റഴിക്കുന്നതിലൂടെ 1.75 ലക്ഷം കോടിയുടെ വരുമാനമാണ് കേന്ദ്രബജറ്റ്‌ വിഭാവനംചെയ്തത്. 2020 -–-21 ബജറ്റിൽ ഇത് 2.10 ലക്ഷം കോടിയാണ്. എന്നാൽ, വിഭാവനം ചെയ്തതിൽനിന്ന്‌ പ്രതീക്ഷിച്ച വരുമാനം വളരെ താഴ്‌ന്നുപോയിട്ടും സർക്കാർ പ്രത്യേകിച്ച്‌ ഒന്നും പഠിച്ചില്ല എന്നുമാത്രമല്ല, അതിശക്തമായ സ്വകാര്യവൽക്കരണവുമായി മുന്നോട്ട് പോകുകയും ചെയ്യുന്നു.

നിക്ഷേപകർക്ക് വൻ ലാഭം കൊയ്യാൻ വഴിയൊരുങ്ങും
സാമ്പത്തികരംഗം വളരെ കുഴപ്പംപിടിച്ച അവസ്ഥയിലാകുമ്പോൾ ആസ്തിവിലകൾ വളരെ താഴ്ന്നനിലയിലേക്ക് വരും. സർക്കാർ ഈ ആസ്തികൾ ഗണ്യമായ ഇളവുകൾ നൽകി വിറ്റഴിക്കും. അങ്ങനെ ഇന്ത്യയിലെയും വിദേശത്തെയും നിക്ഷേപകർക്ക്‌ വൻ ലാഭം കൊയ്യാൻ അവസരം ലഭിക്കും. സാമ്പത്തികമേഖലയെ സ്വകാര്യവൽക്കരിക്കാനുള്ള നീക്കം പരസ്യമായ ഒന്നാണ്. ബജറ്റിൽ ആദ്യമായി രണ്ട് പൊതുമേഖലാ ബാങ്കിനെയും ഒരു ഇൻഷുറൻസ്‌‌ കമ്പനിയെയും സ്വകാര്യവൽക്കരിക്കും എന്ന പ്രഖ്യാപനം വന്നു. ലൈഫ് ഇൻഷുറൻസ് കോർപറേഷന്റെ ഓഹരികൾ വിൽക്കുമെന്നു പറഞ്ഞു. സ്വകാര്യവൽക്കരിക്കാൻ തെരഞ്ഞെടുത്ത രണ്ടു ബാങ്കും ഉറപ്പായും ലാഭത്തിൽ പ്രവർത്തിക്കുന്നവ ആണെന്ന് വ്യക്തമാണ്. ഇതിനെ ബാങ്കിങ്ങിൽ കോർപറേറ്റ് മേഖലയുടെ കടന്നുവരവിന്റെ മുന്നോടിയായി കണക്കാക്കാം. ഒരിക്കൽ സാമ്പത്തികരംഗം സ്വകാര്യവൽക്കരിക്കപ്പെട്ടു കഴിഞ്ഞാൽ സമ്പദ്‌‌വ്യവസ്‌ഥ മുഴുവൻ മൂലധനത്തിന്റെ ഒഴുക്കിന്റെ വ്യതിയാനങ്ങൾക്ക് ഇരയാകും. അന്താരാഷ്ട്ര ധനമൂലധനത്തിന്‌ കാര്യങ്ങൾ നിയന്ത്രിക്കാൻ സാധിക്കും. എന്തൊരു ആത്മനിർഭരത.

സർക്കാരിന്റെ വരുമാനസ്രോതസ്സ് ഇല്ലാതാകും
ലാഭം ഉണ്ടാക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ അറ്റാദായം 1.6 ലക്ഷം കോടി രൂപയാണ്. അതിൽ സർക്കാരിനുള്ള വിഹിതം 77,000 കോടി രൂപയും. ഈ ആസ്തികൾ വിൽക്കുന്നത് സർക്കാരിന്റെ നിലവിലുള്ളതും ഭാവിയിലേക്കുള്ളതുമായ വരുമാനത്തിന്റെ സ്രോതസ്സാണ്‌ ഇല്ലാതാക്കുന്നത്‌. ആത്മനിർഭർ ഭാരതിന്റെ പേരിലാണ് ഇതെല്ലാം വിറ്റഴിക്കപ്പെടുന്നത്‌ എന്നത്‌ വഞ്ചനയല്ലാതെ മറ്റെന്താണ്‌. വിൽപ്പനയ്‌ക്കു വച്ചിട്ടുള്ള ബിപിസിഎൽ ഇന്ത്യയിലെ രണ്ടാമത്തെ വലിയ എണ്ണക്കമ്പനിയാണ്‌. വലുപ്പത്തിന്റെ അടിസ്ഥാനത്തിൽ വിലയിരുത്തിയാൽ ഇത് വിറ്റഴിക്കുന്നത് ഏതെങ്കിലും വിദേശക്കമ്പനിക്കായിരിക്കാം. ഇത്‌ സുപ്രധാനമായ ഊർജവിതരണത്തിന്റെ കാര്യത്തിൽ രാജ്യത്തിന്റെ പരമാധികാരത്തെ തന്നെ ദുർബലപ്പെടുത്തും
പ്രതിരോധമേഖലയിലെ സ്വകാര്യവൽക്കരണം ചില പ്രത്യേക വിഭാഗം ഇന്ത്യൻ കോർപറേറ്റുകളെ വിദേശ ആയുധനിർമാതാക്കളുമായി കൈകോർക്കുന്നതിലേക്കു നയിക്കുന്നു. ഇന്ത്യയും അമേരിക്കയുമായി വളർന്നുവരുന്ന സൈനികബന്ധം അമേരിക്കൻ ബഹുരാഷ്ട്ര ആയുധ നിർമാണക്കമ്പനികൾ നമ്മുടെ തന്ത്രപ്രധാന പ്രതിരോധ ഉൽപ്പാദനമേഖലകൾ കൈയടക്കുമെന്ന അപകടവും നിലനിൽക്കുന്നു. പോരെ ആത്മ നിർഭരത!

ഭരണഘടനയുടെ അനുച്ഛേദം 39(ബി) പ്രകാരം പ്രകൃതി ധാതുവിഭവങ്ങളുടെ സ്വകാര്യവൽക്കരണം ഭരണഘടനയുടെ നിർദേശങ്ങൾക്ക് എതിരാണ്‌. അനുച്ഛേദം 39(ബി) പ്രകാരം ധാതുവിഭവങ്ങളുടെ ഉടമസ്ഥതയും നിയന്ത്രണവും സ്റ്റേറ്റ് ഉറപ്പു വരുത്തുകയും അവ പൊതുനന്മയ്‌ക്കുവേണ്ടി ഉപയോഗപ്പെടുത്തുകയും ചെയ്യണം എന്നാണ്. ഇവിടെ സ്വകാര്യവൽക്കരണത്തിലൂടെ ഇത്തരം പ്രകൃതിവിഭവങ്ങളെ സ്വകാര്യകമ്പനികൾക്ക് യഥേഷ്‌ടം കൊള്ളയടിക്കാനാണ് അനുവാദം കൊടുത്തിരിക്കുന്നത്. സാമ്പത്തികകാര്യങ്ങളിൽ അല്ലാതെ വിദ്യാഭ്യാസം, ഗതാഗതം, ആരോഗ്യം, വൈദ്യുതി എന്നീ മേഖലകളിലും സ്വകാര്യവൽക്കരണം ചുവടുറപ്പിച്ചുതുടങ്ങിയിരിക്കുന്നു. ഇത് ജനങ്ങളുടെ വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ അടിസ്ഥാനപരമായ ആവശ്യങ്ങൾക്കെതിരെയുള്ള, അത്തരം അവകാശങ്ങൾക്ക് എതിരായ നേരിട്ടുള്ള ആക്രമണം തന്നെയാണ്. സ്വകാര്യവൽക്കരണം ജനങ്ങളെ അണിനിരത്തിത്തന്നെ എതിർക്കപ്പെടണം.

ഇപ്പോൾത്തന്നെ വിശാഖപട്ടണം സ്റ്റീൽ പ്ലാന്റിന്റെ 100 ശതമാനം ഓഹരിയും വിറ്റഴിക്കും എന്ന പ്രഖ്യാപനത്തെ തുടർന്ന് ആന്ധ്രയിൽ സ്വകാര്യവൽക്കരണത്തിനെതിരെ വലിയ പ്രക്ഷോഭങ്ങൾ നടക്കുകയാണ്. ഇത് ജനങ്ങളുടെ പ്രശ്നമായി മാറിയിരിക്കുകയാണ്, ഏറ്റവും അടിത്തട്ടിലുള്ള തൊഴിലാളിവർഗത്തിന്റെ പ്രശ്‌നം.

രണ്ട് പൊതുമേഖലാ ബാങ്ക്‌ സ്വകാര്യവൽക്കരിക്കും എന്ന പ്രഖ്യാപനത്തിന് എതിരെ മാർച്ച്‌ 15നും 16നും യുണൈറ്റഡ് ബാങ്ക് യൂണിയൻ ഫോറം സമരത്തിന്‌ ആഹ്വാനം ചെയ്‌തിട്ടുണ്ട്‌. ഇൻഷുറൻസ്‌ കമ്പനി തൊഴിലാളികളും പലവിധത്തിലുള്ള സമരപരിപാടികൾ ആസൂത്രണം ചെയ്യുന്നു. എല്ലാ പൊതുമേഖലാ തൊഴിലാളികളും യോജിച്ചുള്ള കൂട്ടായ പ്രതിരോധം അത്യന്താപേക്ഷിതമാണ്.

പൊതുമേഖലയ്‌ക്ക് എതിരെ നടക്കുന്ന ഈ യുദ്ധത്തെ പ്രതിരോധിക്കാൻ തൊഴിലാളിവർഗ പ്രസ്ഥാനങ്ങളും ഇടതുപക്ഷ ശക്തികളും വലിയവിഭാഗം ജനങ്ങളെ അണിനിരത്തി അതിശക്‌തമായി രംഗത്തുവരണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top