16 March Tuesday

ചാമ്പ്യൻസ്‌ ലീഗിൽ ബാഴ്‌സ പുറത്ത്‌

വെബ് ഡെസ്‌ക്‌Updated: Friday Mar 12, 2021


പാരിസ്‌
അത്ഭുതങ്ങളുണ്ടായില്ല. ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോളിൽ ബാഴ്‌സലോണ പുറത്ത്‌. പ്രീ ക്വാർട്ടറിൽ ഇരുപാദങ്ങളിലുമായി 5–-2ന്‌ പിഎസ്‌ജിയോട്‌ ലയണൽ മെസിയും സംഘവും കീഴടങ്ങി. പാരിസിലെ രണ്ടാംപാദം 1–-1ന്‌ സമനിലയിൽ കലാശിച്ചു. മെസി പെനൽറ്റി പാഴാക്കി. നൗകാമ്പിൽ 4–-1ന്‌ പിഎസ്‌ജി ജയിച്ചിരുന്നു. പതിനാലു വർഷത്തിനുശേഷമാണ്‌ ബാഴ്‌സ ലീഗിൽ ക്വാർട്ടർ കാണാതെ പുറത്താകുന്നത്‌.

പാരിസിൽ നാലു ഗോൾ ജയം തേടിയാണ്‌ ബാഴ്‌സ എത്തിയത്‌. പന്തടക്കത്തിലും മുന്നേറ്റങ്ങളിലും എല്ലാം അവരായിരുന്നു മുന്നിൽ. പക്ഷേ, മാർകീന്വോസിന്റെ നേതൃത്വത്തിൽ പിഎസ്‌ജി പ്രതിരോധം കെട്ടിയ മതിൽ മെസിക്കും കൂട്ടുകാർക്കും തകർക്കാനായില്ല. അതു മറികടന്നപ്പോളാകട്ടെ ഗോൾകീപ്പർ കെയ്‌ലർ നവാസ്‌ കോട്ടയായി. കളിയിൽ മെസിയുടെ പെനൽറ്റി ഉൾപ്പെടെ മിന്നും രക്ഷപ്പെടുത്തലുകളാണ്‌ നവാസ്‌ നടത്തിയത്‌. 21 ഷോട്ടുകളാണ്‌ പിഎസ്‌ജി പോസ്റ്റ്‌ കണക്കാക്കി ബാഴ്‌സക്കാർ പായിച്ചത്‌.

പെനൽറ്റിയിലൂടെ കിലിയൻ എംബാപ്പെയാണ്‌ പിഎസ്‌ജിയെ മുന്നിലെത്തിച്ചത്‌. ഒരുഗോൾ പിന്നിലായ ഉടനെ ബാഴ്‌സ തിരിച്ചടിച്ചു. പെഡ്രിയുടെ പാസിൽനിന്ന് മെസി ലക്ഷ്യം കണ്ടു.  ഒന്നാംപകുതി അവസാനിക്കുംമുമ്പാണ്‌ ബാഴ്‌സയ്‌ക്ക്‌ പെനൽറ്റി ലഭിച്ചത്‌. പക്ഷേ, മെസിയുടെ ഷോട്ട്‌ നവാസ്‌ തട്ടിയകറ്റി. ലീഗിൽ ഇതു നാലാംതവണയാണ്‌ മെസി പെനൽറ്റി കളയുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top