16 March Tuesday

കോൺഗ്രസിലെ
 നിലനിൽപ്പു പ്രതിസന്ധി - പി വി തോമസ്‌ എഴുതുന്നു

പി വി തോമസ്‌Updated: Friday Mar 12, 2021


കോൺഗ്രസ്‌ തികച്ചും നിലനിൽപ്പുപരമായ പ്രതിസന്ധിയിലൂടെ കടന്നുപോവുകയാണ്‌. കോൺഗ്രസിന്റെ ചില മുതിർന്ന ദേശീയ നേതാക്കന്മാർ സമ്മതിച്ചതുപോലെ ‘എക്‌സിസ്‌റ്റൻഷ്യൽ ക്രൈസിസ്‌’. രണ്ട്‌ പൊതുതെരഞ്ഞെടുപ്പിലെ (2014, 2019) തുടർപരാജയം മാത്രമല്ല ഇതിന്‌ കാരണം. പുതുച്ചേരിയിൽ ദക്ഷിണേന്ത്യയിലെ അവസാനത്തെ കോൺഗ്രസ്‌ ഗവൺമെന്റ്‌ വീണതും ജമ്മുവിൽ ഗുലാംനബി ആസാദിന്റെ നേതൃത്വത്തിലുള്ള ഗ്രൂപ്പ്‌ –-23 എന്ന വിമതർ രാഹുൽ ഗാന്ധിയെ പേരെടുത്ത്‌ പറയാതെ ‘‘ജനാലയിലൂടെ ഉള്ളിൽ വന്നവരല്ല കൊടുങ്കാറ്റിലൂടെ കോൺഗ്രസിൽ വന്നവരാണ്‌ തങ്ങൾ’’ എന്നുപറഞ്ഞതും വലിയ ഒരു മുദ്രാവാക്യമാണ്‌. അതേ ഗുലാംനബിതന്നെ ജമ്മുവിൽവച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വാനോളം പുകഴ്‌ത്തിയതും മോഡി പച്ചയായ മനുഷ്യനാണെന്ന്‌ സാക്ഷ്യപ്പെടുത്തിയതും കോൺഗ്രസിന്റെ‌ കേന്ദ്രനേതൃത്വത്തിനെതിരെയുള്ള ഒരു വലിയ രാഷ്‌ട്രീയ സന്ദേശമാണ്‌. മോഡി യഥാർഥത്തിൽ താൻ എന്താണെന്നുള്ളത്‌ മറയ്‌ക്കുന്നില്ല എന്നാണ്‌ കോൺഗ്രസ്‌ വിമതനേതാവ്‌ ഗുലാംനബി ആസാദ്‌ പറഞ്ഞത്‌. ഇത്‌ രാഷ്‌ട്രീയമായും വ്യക്തിപരമായും പിന്നീട്‌ വിചാരണയ്‌ക്ക്‌ വിധേയമാക്കാം.

മധ്യപ്രദേശിന്റെ തലസ്ഥാനമായ ഭോപാലിൽ മഹാത്മജിയുടെ ഘാതകനായ നാഥുറാം ഗോഡ്‌സെയ്‌ക്ക്‌ അമ്പലം പണിത്‌ ആരാധിച്ച സംഘപരിവാർ നേതാവ്‌ ബാബുലാൽ ചൗരാസിയെ മുൻ മുഖ്യമന്ത്രി കമൽനാഥ്‌ ഉൾപ്പെടെ പാർടിയിലേക്ക്‌ സ്വീകരിച്ച കോൺഗ്രസ്‌ പ്രവർത്തകരുടെ പെരുമാറ്റത്തോട്‌ ഹൈക്കമാൻഡ്‌ എങ്ങനെ‌ പ്രതികരിച്ചു. ഇവിടെയാണ്‌ കോൺഗ്രസിന്‌ ആദർശപരമായി ദിശാബോധം ഇല്ലാതായി എന്നുപറയുന്നത്‌. ബാബുലാൽ ചൗരാസിയെന്ന ഗോഡ്‌സെ ഭക്തനെ കോൺഗ്രസിൽ ചേർക്കുകവഴി സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും എന്ത്‌ സന്ദേശമാണ്‌ നൽകുന്നത്‌? ഒരു തദ്ദേശഭരണസ്ഥാപന തെരഞ്ഞെടുപ്പ്‌ ജയിക്കാൻ പാർടിയുടെ ആത്മാവിനെവരെ വിൽക്കുമെന്നോ? ഗുലാംനബി മോഡിയെ കാപട്യം ഇല്ലാത്ത മനുഷ്യൻ എന്ന്‌ പ്രകീർത്തിച്ചതിന്റെ പിറ്റേദിവസമാണ്‌ മുൻ കോൺഗ്രസ്‌ അധ്യക്ഷൻ രാഹുൽ ഗാന്ധി മോഡി അതിഘോരനായ ഒരു പ്രതിയോഗിയാണെന്നും അതിനാൽ ഇന്ത്യയിൽ ജനാധിപത്യം മരിച്ചുവെന്നും ചെന്നൈയിലെ തെരഞ്ഞെടുപ്പ്‌ പ്രചാരണയോഗത്തിൽ വിലപിച്ചത്‌. ഗ്രൂപ്പ്‌–-23 ലെ അംഗമായ കപിൽ സിബൽ ജമ്മുവിൽ കുമ്പസരിച്ചതുപ്രകാരം കോൺഗ്രസ്‌ അനുദിനം ക്ഷയിക്കുകയാണ്‌; ബലഹീനമാകുകയാണ്‌. കോൺഗ്രസിനെ പൂർവാധികം ബലവത്താക്കാൻവേണ്ടി ഗ്രൂപ്പ്‌–-23 കോൺഗ്രസ്‌ അധ്യക്ഷയ്‌ക്ക്‌ ഒരു കത്തെഴുതിയിട്ട്‌ ആറുമാസം കഴിഞ്ഞു. ഇതിന്‌ തക്കതായ പ്രതിവിധി ഒന്നും കാണാത്ത പശ്‌ചാത്തലത്തിലാണ്‌ സിബലിന്റെ തുടരാക്രമണം.

ഉൾപ്പാർടി ജനാധിപത്യവും അധ്യക്ഷസ്ഥാനത്തേക്കും കോൺഗ്രസ്‌ വർക്കിങ്‌ കമ്മിറ്റിയിലേക്കും തെരഞ്ഞെടുപ്പും അടിയന്തരമായി നടത്തണമെന്ന്‌ വിമതർ കത്തിൽ ആവശ്യപ്പെട്ടിരുന്നു. ഇവരുടെ അഭിപ്രായത്തിൽ കോൺഗ്രസിന്‌ ഇന്നുവേണ്ടത്‌ ഒരു ഫുൾടൈം അധ്യക്ഷനെയാണ്‌. ആ വ്യക്തിക്ക്‌ കാര്യപ്രാപ്‌തിയുണ്ടായിരിക്കണം.‘ദൃശ്യ’വും ആയിരിക്കണം. അതായത്‌ പ്രശ്‌നങ്ങൾക്ക്‌ പരിഹാരത്തിനായി സമീപിക്കാൻ പറ്റണം എന്ന്‌ സാരം. ബംഗാളിൽ കോൺഗ്രസ്‌ അബ്ബാസ്‌ സിദ്ദിഖിയുടെ ഇന്ത്യൻ സെക്കുലർ ഫ്രണ്ടുമായി സഖ്യമുണ്ടാക്കിയതിനെയും ആനന്ദ്‌ ശർമ പരസ്യമായി വിമർശിക്കുകയുണ്ടായി. ഇതിനെ ബംഗാൾ കോൺഗ്രസ്‌ തിരിച്ചും വിമർശിച്ചു. വിമതനേതാവ്‌ ശർമ ബിജെപിയെ സഹായിക്കുകയാണെന്നാണ്‌ ബംഗാൾ കോൺഗ്രസ്‌ നേതാവ്‌ അധിർ രഞ്‌ജൻ ചൗധരിയുടെ പ്രത്യാക്രമണം.

അവഗണന മുതലെടുക്കാൻ മോഡി
കോൺഗ്രസിലെ വിമതരുടെ കത്തിക്കയറലിൽ പ്രധാനമന്ത്രി മോഡിയും അൽപ്പം എണ്ണ പകരുകയുണ്ടായി. ഗുലാംനബി രാജ്യസഭയിൽനിന്നും വിരമിക്കുന്ന ദിവസം കണ്ണീരോടെയാണ്‌ അദ്ദേഹം കോൺഗ്രസ്‌ നേതാവിന്‌ യാത്രയയപ്പ്‌ നൽകിയത്‌. കാരണം എല്ലാവരെയുംപോലെ മോഡിക്കും അറിയാമായിരുന്നു വിമതനേതാവിന്‌ സോണിയ ഗാന്ധിയുടെ കോൺഗ്രസ്‌ മറ്റൊരു ഊഴംകൂടി നൽകുകയില്ലെന്ന്‌. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തോറ്റുപോയ മുൻ പ്രതിപക്ഷനേതാവ്‌ മല്ലികാർജുൻ ഖാർഗെയെ രാജ്യസഭയിൽ ഗുലാംനബിയുടെ സ്ഥാനത്ത്‌ അവരോധിക്കാൻ പാർടി കൊണ്ടുവന്നിരുന്നു. മോഡി വികാരാധീനനായി പറഞ്ഞു: ‘ഗുലാംനബിയുടെ സ്ഥാനത്തുവരുന്ന വ്യക്തിയുടെ ജോലി നിസ്സാരമായിരിക്കുകയില്ല. കാരണം ഗുലാംനബി പാർടിക്കുമാത്രമല്ല രാജ്യത്തിനും വേണ്ടി പ്രവർത്തിച്ചിരുന്നു. ഈ സഭയിൽ ഇല്ലെന്ന്‌ ഗുലാംനബി വിചാരിക്കരുത്‌. എന്റെ വാതിലുകൾ എല്ലായ്‌പ്പോഴും താങ്കൾക്കായി തുറന്നുകിടക്കുന്നു. എനിക്ക്‌ താങ്കളുടെ നിർദേശങ്ങൾ ആവശ്യമുണ്ട്‌. താങ്കളെ ഈ സദസ്സിൽനിന്ന്‌ വിരമിക്കാൻ ഞാൻ അനുവദിക്കുകയില്ല’. എന്താണ്‌ മോഡി ഉദ്ദേശിച്ചത്‌? ഇതിനോട്‌ ഗുലാംനബി പ്രതികരിച്ചത്‌ കശ്‌മീരിലെ മഞ്ഞിന്റെ നിറം കറുത്താൽ അദ്ദേഹം ബിജെപിയിൽ ചേരുമെന്നാണ്‌.

ഏതായാലും മോഡിയുടെ തുറന്ന ക്ഷണത്തിന്‌ പ്രത്യുപകാരമായി അദ്ദേഹത്തെ ഒന്നു സ്‌തുതിക്കാൻ കോൺഗ്രസ്‌ വിമതനേതാവ്‌ മറന്നില്ല. മോഡി അദ്ദേഹത്തിന്റെ മുഖം മറച്ചുവയ്‌ക്കുകയില്ലെന്നാണ്‌ ഗുലാംനബിയുടെ നിരീക്ഷണം. ചായ വിൽപ്പനക്കാരൻ എന്നായിരിക്കാം ഗുലാംനബി ഉദ്ദേശിച്ചത്‌. ഏതായാലും കോൺഗ്രസിൽ ഈ പ്രശംസയും പൊട്ടിത്തെറിയുണ്ടാക്കിയിരിക്കുകയാണ്‌. മോഡിയുടെ രാഷ്‌ട്രീയത്തെയും വ്യക്തിജീവിതത്തെയും നല്ലതുപോലെ വീക്ഷിച്ച്‌ വിലയിരുത്തിയിട്ടുള്ള വ്യക്തി ആയിരിക്കാം ഗുലാംനബി. പക്ഷേ, അദ്ദേഹത്തിന്റെ പാർടി മോഡിയുടെ ‘ഹിഡൻ അജൻഡയെ’യും വർഗീയതയെയും ഗുജറാത്തിലെ വംശഹത്യയെയും (2002) അംഗീകരിക്കുന്നില്ലെന്നാണ്‌ അറിവ്‌.

എന്താണ്‌ കോൺഗ്രസിൽ സംഭവിക്കുന്നത്‌? അതിന്‌ രാഷ്‌ട്രീയദിശാബോധം നഷ്‌ടപ്പെട്ടോ? ആരാണ്‌ അതിനെ ദേശീയതലത്തിൽ നയിക്കുന്നത്‌? അതിന്റെ കേന്ദ്രനേതൃത്വം ദന്തഗോപുരത്തിൽ ആണോ? പുതുച്ചേരി ഒരു ദിവസംകൊണ്ട്‌ സംഭവിച്ചതല്ല. ഒറ്റപ്പെട്ട സംഭവവുമല്ല. ഇതിനുമുമ്പ്‌ ബിജെപിയുടെ തന്ത്ര–-കുതന്ത്രങ്ങൾക്ക്‌ കോൺഗ്രസ്‌ അരുണാചൽപ്രദേശിലും മണിപ്പുരിലും ഗോവയിലും കർണാടകത്തിലും മധ്യപ്രദേശിലും ഇരയായിരുന്നു. ഗവൺമെന്റുകൾ ഒന്നൊന്നായി നഷ്‌ടപ്പെട്ടു. ഇനി കോൺഗ്രസ്‌ രാജ്യത്ത്‌ തനിച്ചുഭരിക്കുന്ന സംസ്ഥാനങ്ങൾ മൂന്നെണ്ണം മാത്രമാണ്‌ –- പഞ്ചാബ്‌, ഛത്തീസ്‌ഗഢ്‌, രാജസ്ഥാൻ. രാജസ്ഥാനിൽ മുഖ്യമന്ത്രി അശോക്‌ ഗെലോട്ടിന്റെ കഴിവുകൊണ്ട്‌ കഷ്‌ടിച്ച്‌ ഗവൺമെന്റ്‌ നിലനിന്നു. ബിജെപിയുടെ സഹായത്തോടെ ഹരിയാനയിലും മറ്റും നടത്തിയ ഗസ്‌റ്റ്‌ഹൗസ്‌ അട്ടിമറി പരാജയപ്പെട്ടു. സച്ചിൻ പൈലറ്റിന്‌ പിഴച്ചുപോയി. മധ്യപ്രദേശിൽ ജ്യോതിരാദിത്യസിന്ധ്യ വിജയിച്ചതുപോലെ വിജയിക്കാൻ പൈലറ്റിനായില്ല. സിന്ധ്യയും പൈലറ്റും എല്ലാം അട്ടിമറിക്ക്‌ ശ്രമിക്കുമ്പോൾ കോൺഗ്രസിന്റെ കേന്ദ്രനേതൃത്വം എന്തെടുക്കുകയായിരുന്നു? പാർടിയുടെ സംസ്ഥാന ഘടകങ്ങൾക്ക്‌ നിയമസഭാ അംഗങ്ങളുമായും മന്ത്രിമാരുമായും ബന്ധമുണ്ടെങ്കിൽ മൽസരിക്കുന്ന സ്ഥാനാർഥിമാരിൽനിന്ന്‌ പാർടി വിടുകയില്ലെന്ന സത്യവാങ്‌മൂലം എഴുതി വാങ്ങിക്കേണ്ട ഗതികേട്‌ ഉണ്ടാകുകയില്ല. മൂന്നിൽ രണ്ട്‌ ഭൂരിപക്ഷം ലഭിച്ചാൽ കൊഴിച്ചിൽ ഉണ്ടായാലും ഗവൺമെന്റ്‌ നിലനിന്നുകൊള്ളുമെന്ന മണ്ടൻ കണക്കുകൂട്ടലും വേണ്ടിവരില്ലായിരുന്നു.

ഏതാനും മാസങ്ങളായി കോൺഗ്രസ്‌ എംഎൽഎമാർ ഒന്നൊന്നായി പാർടി വിടുകയായിരുന്നു. ഏറ്റവും അവസാനമായി പി സി ചാക്കോയും പാർടിയോട്‌ വിട പറഞ്ഞു. ദുർബലമായ കേന്ദ്രനേതൃത്വം അഥവാ ഹൈക്കമാൻഡ്‌ കൈയുംകെട്ടി നോക്കിനിന്നു. കാരണം ഇതൊന്നും പുതുമയല്ലല്ലോ! ഇങ്ങനെയൊക്കെത്തന്നെ അല്ലേ ഹിമന്ത ബിസ്വ ശർമമാരും ജഗൻമോഹൻ റെഡ്ഡിമാരും ഉണ്ടായത്‌. ഇങ്ങനെയൊക്കെത്തന്നെയല്ലേ എൻ ആർ കോൺഗ്രസും (പുതുച്ചേരി) വൈ എസ്‌ ആർ കോൺഗ്രസും (ആന്ധ്രപ്രദേശ്‌) തൃണമൂൽ കോൺഗ്രസ്‌ (ബംഗാൾ), നാഷണലിസ്‌റ്റ്‌ കോൺഗ്രസ്‌ പാർടിയും (മഹാരാഷ്‌ട്ര) ഉണ്ടായത്‌. ശരദ്‌പവാറിന്റെ എൻസിപിയുടെ ഉത്ഭവം വ്യത്യസ്‌തമായിരുന്നു. പവാറിനും പി എ സംഗ്‌മയ്‌ക്കും സോണിയ ഗാന്ധിയുടെ വിദേശജന്മം അംഗീകരിക്കാൻ സമ്മതമായിരുന്നില്ല.

കേന്ദ്രനേതൃത്വത്തിന്റെ അനാസ്ഥമൂലം ഗവൺമെന്റുകൾ തുരുതുരെ ചീട്ടുകൊട്ടാരംപോലെ നിലംപതിക്കുന്നതും പാർടിനേതാക്കന്മാരും എംഎൽഎമാരും രാജിവച്ച്‌ ഒഴിയുന്നതും വിരുദ്ധാശയങ്ങൾ പുലർത്തുന്ന പാർടിയിൽ രായ്‌ക്കുരാമാനം കുടിയേറുന്നതും കോൺഗ്രസിന്റെ ആശയപരമായ തകർച്ചയെയാണ്‌ വെളിപ്പെടുത്തുന്നത്‌. ഒരേ പാർടിയിൽനിന്നുതന്നെ വിരുദ്ധാശയങ്ങളും ചിന്താഗതികളും ഉയരുന്നത്‌ വിനാശകരമായ പ്രതിഭാസമാണ്‌. ഇതാണ്‌ ഇപ്പോൾ കോൺഗ്രസിനെ ഗ്രസിച്ചിരിക്കുന്നത്‌. പാർടിയുടെ ഉന്മൂലനാശത്തിലേക്കാണ്‌ ഇത്‌ വിരൽചൂണ്ടുന്നത്‌. ഇതായിരിക്കാം മോഡി വിഭാവനംചെയ്‌ത ‘കോൺഗ്രസ്‌മുക്ത ഭാരതം’.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top