ഇന്ത്യയിലെ നവോത്ഥാനപ്രസ്ഥാനത്തിന് ഒരു ഉപരിവർഗസ്വഭാവം കൂടിയുണ്ടായിരുന്നു. മധ്യവർഗത്തിന്റെയോ മേലാളന്മാരുടെയോ പ്രശ്നങ്ങളെ മുഖ്യമായി അഭിസംബോധന ചെയ്തുകൊണ്ടാണ് ഇന്ത്യയിൽ നവോത്ഥാന പ്രസ്ഥാനം മുന്നേറിയത്. സതിയും വിധവാവിവാഹനിരോധനവുമൊക്കെ ചാതുർവർണ്യത്തിനു പുറത്തുള്ള മഹാഭൂരിപക്ഷത്തിന് ബാധകമായിരുന്നില്ല. ഇതിൽനിന്നും തികച്ചും വ്യത്യസ്‌തമായിട്ടാണ് കേരളത്തിൽ നവോത്ഥാന പ്രസ്ഥാനം മുന്നേറിയത്.
സമൂഹത്തിലെ എല്ലാവിഭാഗം ജനങ്ങൾക്കിടയിലും നവോത്ഥാന പ്രസ്ഥാനം സജീവമായി മുന്നേറി. അയ്യാ വൈകുണ്ഠസ്വാമി, ശ്രീനാരായണഗുരു, അയ്യൻകാളി, ചട്ടമ്പിസ്വാമികൾ, വാഗ്ഭടാനന്ദൻ, വക്കം അബ്ദുൽഖാദർ മൗലവി, ക്രിസ്ത്യൻ മിഷണറിസംഘങ്ങൾ തുടങ്ങി നവോത്ഥാനനായകരും സംഘടനകളും കേരളത്തെ അടിമുടി മാറ്റിത്തീർക്കുകയും ഇന്നു കാണുന്ന അവസ്ഥയിലെത്തിക്കുകയും ചെയ്തു. അനാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കും സാമൂഹ്യതിന്മകൾക്കുമെതിരെ എല്ലാ ജനവിഭാഗങ്ങളെയും ഉണർത്തിക്കൊണ്ടുവരാനും സമരസജ്ജരാക്കാനും ബോധപൂർവമായ ശ്രമങ്ങളുണ്ടായി.
നവോത്ഥാനപ്രസ്ഥാനത്തിന് രാഷ്ട്രീയ ഉള്ളടക്കവും മുഖവും പകർന്ന മഹാനായിരുന്നു ഡോ. വി വി വേലുക്കുട്ടി അരയൻ. ജാതി വ്യവസ്ഥയ്ക്കെതിരായ പോരാട്ടത്തിലും സവർണാധിപത്യത്തിനെതിരായ മുന്നേറ്റത്തിലും ശരിയായ വഴികാട്ടിയായിരുന്നു ഡോ. അരയൻ. ശ്രീനാരായണഗുരുവിന്റെയും അയ്യാ വൈകുണ്ഠസ്വാമികളുടെയും മഹാത്മാ അയ്യൻകാളിയുടെയും നിരയിൽ പ്രമുഖസ്ഥാനമാണ് ഡോ. വി വി വേലുക്കുട്ടി അരയനുമുള്ളത്. കമ്യൂണിസ്റ്റായി മാറിയ നവോത്ഥാന നായകനായിരുന്നു ഡോ. അരയൻ. പിന്നോക്കസമുദായങ്ങളുടെ മോചനത്തിനുള്ള ശരിയായ മാർഗം കമ്യൂണിസ്റ്റ് പ്രസ്ഥാനമാണെന്ന് വെളിവാക്കുന്നതാണ് ഡോ. വേലുക്കുട്ടി അരയന്റെ ജീവിതചരിത്രം.
സാമൂഹ്യ പരിഷ്‌കർത്താവ്, പണ്ഡിതൻ, പത്രാധിപർ, യുക്തിവാദി, സ്വാതന്ത്ര്യസമരസേനാനി, ഇടതുപക്ഷ സഹയാത്രികൻ, എഴുത്തുകാരൻ തുടങ്ങി നിരവധി രംഗങ്ങളിൽ അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു. നവോത്ഥാനചരിത്രത്തിൽ അദ്ദേഹത്തിന്റെ സംഭാവനകൾ അർഹിക്കുന്ന വിധത്തിൽ ഇനിയും അടയാളപ്പെടുത്തിയിട്ടില്ല. അവർണപക്ഷപാതവും വിപ്ലവചിന്തയുമൊക്കെയാകാം ഇതിന്റെ കാരണങ്ങൾ.
കടലോരത്തെ മനുഷ്യരുടെ സാഹസികതയും ആത്മാർഥതയും സ്നേഹവും അറിവും അധ്വാനവുമൊക്കെ അവരുടെ കരുത്തും മൂലധനവുമാണ്. കടലിന്റെ മക്കളുടെ ഈ പ്രത്യേകതകൾ സമീപകാലത്ത് മലയാളികളും ലോകവും നേരിട്ടുകണ്ടതുമാണ്.
തീരദേശത്തെ മനുഷ്യരുടെ അവസ്ഥ കഴിഞ്ഞ നൂറ്റാണ്ടുകളിൽ ഇതരവിഭാഗങ്ങളിലേതുപോലെ സാമൂഹ്യ അനാചാരങ്ങൾക്ക് വിധേയമായിരുന്നു. അരയസമുദായത്തിൽ നിലനിന്നിരുന്ന അനാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കുമെതിരെ വേലുക്കുട്ടിഅരയൻ നടത്തിയ സമരങ്ങളും പ്രവർത്തനങ്ങളും വലിയ മാറ്റങ്ങൾക്കു വഴിയായി. ജാതിവ്യവസ്ഥയ്ക്കെതിരെ അദ്ദേഹം പൊരുതി. വേലുക്കുട്ടി അരയൻ എന്ന പേരുതന്നെ അക്കാലത്ത് അദ്ദേഹമുയർത്തിയ ശക്തമായ കലഹത്തിന്റെ തെളിവായിരുന്നു.
പിന്നോക്ക ജാതിയിലുള്ളവർ ജാതിപ്പേര് ചേർത്തുവയ്ക്കുമ്പോൾ അതുണ്ടാക്കുന്ന കലാപം ഊഹിക്കാവുന്നതാണ്. സമാനതകളില്ലാത്ത സാംസ്കാരികസമരമായിരുന്നു സ്വന്തം പേരിലൂടെ അദ്ദേഹം നടത്തിയത്.
മേൽക്കോയ്മയുടെ ചിഹ്നമായി സവർണർ സ്വന്തംപേരിനൊപ്പം ജാതി കൂട്ടിച്ചേർത്തപ്പോൾ കീഴാളർക്ക് തങ്ങളുടെ ജാതി അധമബോധമാണ് നൽകിയിരുന്നത്. സവർണർക്ക് ജാതിവാൽ അഭിമാനവും അലങ്കാരവുമായിരുന്നു. സ്വന്തംപേരിനൊപ്പം പിന്നോക്ക ജാതിയിലുള്ളവർ ജാതിപ്പേര് ചേർത്തുവയ്ക്കുമ്പോൾ അതുണ്ടാക്കുന്ന കലാപം ഊഹിക്കാവുന്നതാണ്. സമാനതകളില്ലാത്ത സാംസ്കാരികസമരമായിരുന്നു സ്വന്തം പേരിലൂടെ അദ്ദേഹം നടത്തിയത്. നൂറുവർഷത്തിനു മുമ്പുള്ള തീരദേശത്തിന്റെ ഭൂമിശാസ്ത്രം ഇന്നത്തേതുമായി യാതൊരു താര തമ്യവുമില്ലാത്തതായിരുന്നു. ഇന്നുകാണുന്ന പാലങ്ങളും റോഡുകളും അന്നുണ്ടായിരുന്നില്ല. മറ്റുപ്രദേശങ്ങളിൽ യാത്ര ചെയ്യുന്നതുപോലെ തീരദേശത്തെ യാത്ര സുഗമമായിരുന്നില്ല.
കടലോരത്തെ തുറകളിൽ ശക്തമായ അധികാരകേന്ദ്രങ്ങളുണ്ടായിരുന്നു. മുതിർന്ന സമുദായാംഗമായിരുന്നു ഈ തുറകളിലെ അധികാരകേന്ദ്രം. സമുദായവുമായി ബന്ധമുള്ള ഏതുകാര്യവും ഇവിടെയാണ് തീർപ്പാക്കപ്പെട്ടിരുന്നത്. പഴയ ആചാരങ്ങളും അനുഷ്ഠാനങ്ങളുമായിരുന്നു അവിടെയെല്ലാം നിലനിന്നിരുന്നത്. മുതിർന്നവരുടെ യാഥാസ്ഥിതികനിലപാടുകളോട് വിയോജിച്ച ചെറുപ്പക്കാരെ സംഘടിപ്പിച്ചുകൊണ്ട് അദ്ദേഹം അരയവംശപരിപാലനയോഗം രജിസ്റ്റർ ചെയ്തു. ശ്രീനാരായണ ധർമപരിപാലനയോഗം, സാധുജനപരിപാലനയോഗം എന്നീ സംഘടനകളുടെ മാതൃകയിലാണ് അരയവംശപരിപാലനയോഗവും വിമോചനപാതയിലേക്ക് മുന്നേറിയത്.
വിവിധ പേരുകളിൽ അറിയപ്പെട്ട് ചിന്നിച്ചിതറിക്കിടന്നിരുന്ന തീരദേശവാസികളെ ഒരു പൊതുധാരയിലെത്തിക്കുക എന്ന കഠിനശ്രമമാണ് ഡോ. അരയൻ ഏറ്റെടുത്തത്. ജാതിക്കുള്ളിൽത്തന്നെ പല ജാതികൾ ഉണ്ടായിരുന്നു. ജാതിക്കുള്ളിൽത്തന്നെ പരസ്പരം ഇകഴ്‌ത്തലുകൾ, അന്യോന്യവിവാഹബന്ധങ്ങൾക്ക് തടസ്സങ്ങൾ, തമ്മിൽ തൊട്ടുകൂട്ടി ഉണ്ണാത്തവർ. ഇങ്ങനെ ഭൂമിശാസ്ത്രപരമായും സാമൂഹ്യമായും സാംസ്കാരികമായും ചിതറിക്കിടന്ന തീരവാസികളെ ഒരു ചരടിൽ കൊരുത്ത് സംഘടിതശക്തിയാക്കി സാമൂഹ്യമായും സാംസ്കാരികമായും മാറ്റത്തിന്റെ പാതയിലേക്ക് നയിക്കുകയായിരുന്നു അദ്ദേഹം.
1894 മാർച്ച് 11-- -ന് കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളിക്കുസമീപം ആലപ്പാട് പഞ്ചായത്തിൽ വേലായുധൻവൈദ്യന്റെയും വെളുത്തകുഞ്ഞുഅമ്മയുടെയും മകനായി ജനിച്ച വേലുക്കുട്ടി ഓച്ചിറ പ്രയാറിലുള്ള കളരിവാതുക്കൽ നമ്പൂതിരിക്കുടുംബത്തിൽനിന്ന് അഞ്ചാംവയസ്സിൽ വിദ്യാഭ്യാസം ആരംഭിച്ചു. 12–-- -ാം വയസ്സിൽ അക്കാലത്തെ പ്രശസ്ത ആയുർവേദഗുരുകുലമായിരുന്ന ചാവർകോട്ട് ശങ്കരൻ വൈദ്യനിൽനിന്ന് ആയുർവേദപഠനം തുടങ്ങി. തുടർന്ന് സംസ്കൃത വിദ്യാഭ്യാസവും ഇംഗ്ലീഷ് വിദ്യാഭ്യാസവും ലഭിച്ചു. സംസ്കൃതത്തിൽ ഉപരിപഠനം നടത്തിയ പരവൂർ കേശവനാശാന്റെ ഗുരുകുലം, വേലുക്കുട്ടി അരയനെ രൂപപ്പെടുത്തുന്നതിൽ പ്രധാന പങ്ക് വഹിച്ചു. മഹാകവി കെ സി കേശവപിള്ള ഈ ഗുരുകുലത്തിലെ അധ്യാപകനായിരുന്നു.
പിന്നീട് ഹോമിയോപ്പതിയിലും അലോപ്പതിയിലും ഡോക്ടറായി. കൊൽക്കത്തയിലെ ഹോമിയോ മെഡിക്കൽ കോളേജിൽനിന്ന് ഒന്നാം റാങ്കിലാണ് അദ്ദേഹം വിജയിച്ചത്. കൊൽക്കത്തയിലെ പഠനകാലത്ത് ഇന്ത്യയിലെ നവോത്ഥാന നായകരുമായി ഇടപഴകാനായി.
സാമൂഹ്യപുരോഗതിക്കായുള്ള സമരത്തിന് വേഗതകൂട്ടാനായി 1917-ൽ ചെറിയഴീക്കൽനിന്നും അദ്ദേഹം "അരയൻ' പത്രം പുറത്തിറക്കി.പത്രാധിപരും പത്രത്തിന്റെ ഉടമയും വേലുക്കുട്ടി അരയൻ തന്നെയായിരുന്നു. സോവിയറ്റ് വിപ്ലവത്തിന്റെ ആവേശവും നവോത്ഥാന ചിന്തകളുമായിരുന്നു അദ്ദേഹത്തിന്റെ കരുത്ത്.
തിരുവനന്തപുരം മഹാരാജാസ് കോളേജിൽ ഫീസ് വർധനവിനെതിരെ നടന്ന വിദ്യാർഥി സമരത്തെ ക്രൂരമായി അടിച്ചമർത്തിയ പൊലീസ് ഭരണത്തിനെതിരെ "അരയൻ' പത്രം എഡിറ്റോറിയൽ എഴുതി. അങ്ങനെ പത്രം നിരോധിച്ചു.
സാമൂഹ്യമുന്നേറ്റത്തിന് സാഹിത്യത്തെ എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് തെളിയിക്കുന്നതാണ് അദ്ദേഹത്തിന്റെ സാഹിത്യരചനകൾ. മത്സ്യം പിടിക്കുന്നവർക്ക് ക്ഷേത്രപ്രവേശനം പാടില്ല, ക്ഷേത്രാരാധന അനുവദിക്കില്ല എന്നുള്ള സവർണരുടെ വിലക്കുകൾക്കെതിരെ മത്സ്യവും മതവും എന്ന പുസ്തക ത്തിലൂടെ അദ്ദേഹം പ്രതികരിച്ചു. മത്സ്യമാംസാദികൾ ഭക്ഷിക്കുന്നവർക്കെതിരെ സംഘപരിവാരങ്ങൾ രാജ്യത്താകെ നടത്തുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ വേലുക്കുട്ടി അരയന്റെ ‘മത്സ്യവും മതവും' സമകാലികപ്രസക്തമായ രചനയാണ്.
ഗദ്യത്തിലും പദ്യത്തിലും കൃതഹസ്തനായ എഴുത്തുകാരനായിരുന്നു അദ്ദേഹം. കിരാതാർജ്ജുനീയം ഓട്ടൻതുള്ളൽ, ഓണം ഡേ, ദീനയായ ദമയന്തി, പദ്യകുസുമാലി , ശ്രീ ചൈത്രബുദ്ധൻ, അച്ഛനും കുടിയാനും, സത്യഗീത, മാതംഗി, ക്ലാവുദിയ, ചിരിക്കുന്ന കവിതകൾ, കേരളഗീതം, തീക്കുടുക്ക, സ്വർഗ സോപാനം, സൂക്തമുത്തുമാല, രസലക്ഷണസമുച്ചയം, മാധവി, ശാകുന്തളവും തർജ്ജമകളും തുടങ്ങി നിരവധി കൃതികൾ അദ്ദേഹം രചിച്ചിട്ടുണ്ട്. വേലുക്കുട്ടി അരയന്റെ രസലക്ഷണസമുച്ചയത്തെ അടിസ്ഥാനപ്പെടുത്തിയാണ് താൻ രസപഠനം നടത്തിയതെന്ന് ഡോ. സുകുമാർ അഴീക്കോട് രേഖപ്പെടുത്തിയിട്ടുണ്ട്. സ്വാമി ബ്രഹ്മവ്രതന്റെ അഭിപ്രായത്തിൽ: “എഴുത്തിൽ മാത്രം ശ്രദ്ധിച്ചിരുന്നെങ്കിൽ തന്റെ സമകാലിക കവികളുടെ മുന്നിൽ അഗ്രിമപീഠസ്ഥനാകുമായിരുന്നു ഡോ. അരയൻ,'' നിരവധി പത്രമാസികകളുടെ പത്രാധിപരായിരുന്നു. അരയൻ പത്രം രണ്ടുതവണ നിരോധിക്കുകയും കണ്ടുകെട്ടുകയും ഡോ. അരയനെ അറസ്റ്റുചെയ്യുകയും ചെയ്തു. ശ്രീമൂലം പ്രജാസഭയിലേക്ക് നോമിനേറ്റ് ചെയ്യാൻ എടുത്തിരുന്ന തീരുമാനം റദ്ദ് ചെയ്തതിനുള്ള കാരണം രാജവാഴ്ചയ്ക്കെതിരെ അരയൻ പത്രത്തിലെഴുതിയ എഡിറ്റോറിയൽ ആയിരുന്നു. അരയസ്ത്രീജനമാസിക, ചിരിമാസിക, ധർമപോഷിണി പത്രം, രാജ്യാഭിമാനി പത്രം, ഫിഷറീസ് മാഗസിൻ, സമാധാനം മാസിക, കലാകേരളം മാസിക, തീരദേശം വാരിക, ഫിലിം ഫാൻ തുടങ്ങിയ പ്രസിദ്ധീകരണങ്ങൾ വൈവിധ്യം കൊണ്ടും ഉള്ളടക്കം കൊണ്ടും ചരിത്രത്തിന്റെ ഭാഗമായിട്ടുണ്ട്.
തിരുവിതാംകൂറിലെയെന്നല്ല കേരളത്തിലെ തന്നെ ആദ്യ രാഷ്ടീയപ്രസ്ഥാനമായ തിരുവിതാംകൂർ രാഷ്ടീയസഭയുടെ സ്ഥാപകരിൽ പ്രധാനിയായിരുന്നു വേലുക്കുട്ടി അരയൻ. മലയാളം, സംസ്കൃതം, ഇംഗ്ലീഷ്, ഹിന്ദി, ബംഗാളി, കന്നട, തമിഴ് ഭാഷകളിൽ പാണ്ഡിത്യമുണ്ടായിരുന്നു. വൈദ്യശാസ്ത്രങ്ങളിൽ യോഗ്യത നേടിയശേഷം അദ്ദേഹം ചികിത്സ സേവനമായി സ്വീകരിച്ചു. സ്വാതന്ത്ര്യസമര വാർത്തകൾക്കും മഹാത്മാഗാന്ധി തുടങ്ങിയ നേതാക്കൾക്കും വേണ്ടി അദ്ദേഹം പത്രത്താളുകൾ നീക്കിവച്ചു. സ്വസമുദായത്തിന്റെ മാത്രമല്ല, ജാതിവിവേചനം നേരിട്ട എല്ലാ വിഭാഗം ജനങ്ങൾക്കുവേണ്ടിയും പോരാടിയ അയിത്തോച്ചാടന പ്രക്ഷോഭനേതാവായും വേലുക്കുട്ടി അരയൻ ചരിത്രത്തിൽ ഉണ്ടാകും. എസ്എൻഡിപി യോഗം മുൻകൈ എടുത്ത് കൊല്ലവർഷം 1100-ൽ മുതുകുളത്തിൽ വച്ചു സ്ഥാപിച്ച അവർണഹിന്ദു മഹാസഭയുടെ ജനറൽസെക്രട്ടറിയായിരുന്നു. പ്രതിരോധപദ്ധതിയായ ലാൻഡ് റെക്ലമേഷൻ സ്കീം, കുളമത്സ്യവ്യവസായ പദ്ധതി തുടങ്ങി അദ്ദേഹം തൊടാത്ത മേഖലകൾ കുറവായിരുന്നു.
1948–--- ലെ പൊതുതെരഞ്ഞെടുപ്പിൽ അദ്ദേഹം കരുനാഗപ്പള്ളിയിൽ കമ്യൂണിസ്റ്റ് സ്ഥാനാർഥിയായിരുന്നു. വൈക്കം, ഗുരുവായൂർ സത്യഗ്രഹങ്ങളുടെ പ്രചാരണ പ്രവർത്തനങ്ങളിൽ അദ്ദേഹം നടത്തിയിട്ടുള്ള പ്രസംഗങ്ങളുടെ കരുത്ത് പല പ്രമുഖരും അനുസ്മരിച്ചിട്ടുണ്ട്. ഒരേസമയം ഇത്രയേറെ മേഖലകളിൽ കർമമുദ്ര പതിപ്പിച്ചവർ അധികംപേരുണ്ടാകില്ല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..