08 March Monday

പുൽവാമ: രഹസ്യാന്വേഷണ‌ 
മുന്നറിയിപ്പുകൾ അവഗണിച്ചു ; കേന്ദ്രത്തിന്റെ അനാസ്ഥ ഞെട്ടിക്കുന്നത്‌‌

വെബ് ഡെസ്‌ക്‌Updated: Monday Mar 8, 2021


ന്യൂഡൽഹി
പുൽവാമയിൽ 40 അർധസേനാംഗങ്ങളുടെ മരണത്തിന്‌ ഇടയാക്കിയത്‌ കേന്ദ്രസർക്കാരിന്റെ ഗുരുതര അനാസ്ഥ. അത്തരം ഒരാക്രമണത്തിന്‌ സാധ്യതയുണ്ടെന്ന്‌ പുൽവാമ ഭീകരാക്രമണത്തിനുമുമ്പ്‌ രഹസ്യാന്വേഷണവിഭാഗം  നിരവധി‌ മുന്നറിയിപ്പുകൾ നൽകിയിരുന്നതായി ദി ഹിന്ദു ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള   ‘ഫ്രണ്ട്‌ലൈൻ’ ദ്വൈവാരിക റിപ്പോർട്ട്‌ ‌ചെയ്‌തു. 2019 ജനുവരി രണ്ടിനും ഫെബ്രുവരി 13നുമിടയിൽ ഇന്റലിജൻസ്, 11 തവണ ആക്രമണ സാധ്യതാ‌ മുന്നറിയിപ്പ്‌ നൽകി. കേന്ദ്രസർക്കാരും ഉന്നത പൊലീസ്‌ ഉദ്യോഗസ്ഥരും ഇതെല്ലാം അവഗണിച്ചതാണ്‌ സൈനികരുടെ ജീവനെടുത്തത്‌. ഒരു വർഷം നീണ്ട അന്വേഷണത്തിലാണ്‌ ഫ്രണ്ട്‌ലൈൻ ഞെട്ടിക്കുന്ന വിവരങ്ങൾ കണ്ടെത്തിയത്‌. 2019 ഫെബ്രുവരി 14നാണ്‌ പുൽവാമ ഭീകരാക്രമണത്തിൽ സിആർപിഎഫിന്റെ 40 ജവാൻമാർ വീരമൃത്യു വരിച്ചത്‌.

പുൽവാമ ഭീകരാക്രമണത്തിന്റെ സുത്രധാരൻ എന്നറിയപ്പെട്ടിരുന്ന ജെയ്ഷെ മുഹമദ്‌ കമാൻഡർ മുദാസിർ അഹമദ്‌ ഖാൻ ‘വരും ദിവസങ്ങളിൽ രൂക്ഷമായ ചാവേർ ആക്രമണത്തിന്‌ പദ്ധതി ആസൂത്രണം ചെയ്യുന്നതായി’–2019 ജനുവരി 24ന്‌ ഇന്റലിജൻസ്‌ അറിയിച്ചു.

ജനുവരി 25ന്‌ നൽകിയ ‌റിപ്പോർട്ടിൽ മുദാസിർ അഹമദ്‌ ഖാൻ എവിടെയുണ്ടെന്ന വ്യക്തമായ സൂചനയും ഇന്റലിജൻസ്‌ നൽകി‌. പുൽവാമ ജില്ലയിലെ മിദൂരാ, ലാം ഗ്രാമങ്ങൾക്കിടയിലുണ്ടെന്നായിരുന്നു വിവരം. മുദാസിർ ഖാന്റെ നേതൃത്വത്തിലുള്ള സംഘം പുൽവാമയിലെ അവാന്തിപുരയിലോ പാംപോറിലോ ആക്രമണം നടത്താൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടിലുണ്ട്‌. അതീവഗുരുതര സ്വഭാവമുള്ള ഈ റിപ്പോർട്ടുകൾ ജമ്മു കശ്‌മീർ ഡിജിപിക്കും ഐജിക്കും ലഭിച്ചു. ഇത്തരം റിപ്പോർട്ടുകൾ ലഭിച്ചാൽ ഉടനടി ഉന്നതങ്ങളിലേക്ക്‌ വിവരമെത്തിച്ച്‌ അടിയന്തര പ്രതിരോധ നടപടികൾ സ്വീകരിക്കാറാണ്‌ പതിവ്‌.  അടിയന്തര നടപടി സ്വീകരിച്ചിരുന്നെങ്കിൽ മുദാസിർ അഹമദ്‌ ഖാനെ പിടികൂടാനും പുൽവാമ ആക്രമണംതന്നെ ഒഴിവാക്കാനും സാധിച്ചേനെ.

"24 മണിക്കൂർമുമ്പും മുന്നറിയിപ്പ്'
പുൽവാമ ആക്രമണത്തിന്‌ 24 മണിക്കൂർമുമ്പ്‌ 2019 ഫെബ്രുവരി 13നും ഇന്റലിജൻസ്‌ മുന്നറിയിപ്പ്‌ നൽകി. ‘സുരക്ഷാസൈന്യം വരുന്ന വഴിക്ക്‌ ജെയ്‌ഷെ മുഹമദ്‌ ഐഇഡി ആക്രമണം നടത്താൻ സാധ്യതയുണ്ടെന്നായിരുന്നു‌’ ഇത്‌‌. ഈ റിപ്പോർട്ടിലും അധികൃതർ നടപടിയെടുത്തില്ല. അതീവഗുരുതര സ്വഭാവമുള്ള ഇന്റലിജൻസ്‌ റിപ്പോർട്ടുകളെക്കുറിച്ച്‌ സർക്കാരിന്‌ അറിവുണ്ടായിരുന്നോ?, പുൽവാമ ആക്രമണത്തിന്‌ 24 മണിക്കൂർ മുമ്പ്‌ ജമ്മു കശ്‌മീർ പൊലീസിൽ വലിയ അഴിച്ചുപണി നടത്തിയത്‌ എന്തിന്‌?, ഇന്റലിജൻസ്‌ റിപ്പോർട്ടുകൾ അവഗണിച്ചതിന്റെ ഉത്തരവാദിത്തം ആർക്കാണ്‌?, പുൽവാമ ആക്രമണത്തിന്‌ പിന്നിൽ വലിയ ഗൂഢാലോചന ഉണ്ടോ? -–- തുടങ്ങിയ നിരവധി ചോദ്യങ്ങളും ‘ഫ്രണ്ട്‌ലൈൻ’ ഉന്നയിച്ചിട്ടുണ്ട്‌.പാർലമെന്റ്‌ തെരഞ്ഞെടുപ്പിന്‌ ആഴ്‌ചകൾ മാത്രം അവശേഷിക്കുമ്പോൾ, മോഡി സർക്കാരിനെതിരെ  രാജ്യത്ത്‌ ജനവികാരം ശക്തമായിരിക്കെയായിരുന്നു പുൽവാമ ഭീകരാക്രമണം. ഈ ഭീകരാക്രമണത്തിന്റെയും ബാലാക്കോട്ടിലെ പ്രത്യാക്രമണത്തിന്റെയും പേരിൽ ദേശീയവികാരം ആളിക്കത്തിച്ചാണ്‌ മോഡി വീണ്ടും അധികാരത്തിലെത്തിയത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top