ലോകം ഒരു മാരക വൈറസിന്റെ പിടിയിലകപ്പെട്ട സമയത്താണ് ഇത്തവണ സ്ത്രീകളുടെ അവകാശ പ്രഖ്യാപനദിനമായ മാർച്ച് 8ന്റെ വനിതാ ദിനാചരണം. ജനാധിപത്യം പരിരക്ഷിക്കുക, സ്ത്രീസുരക്ഷയും സാമൂഹ്യസുരക്ഷയും ഉറപ്പുവരുത്തുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി ഗ്രാമങ്ങളിലും നഗരങ്ങളിലുമാകെ സ്ത്രീകളെ അണിനിരത്തി സ്ത്രീമുന്നേറ്റം ശക്തിപ്പെടുത്തുക എന്നതാണ് രാജ്യത്തെ സ്ത്രീസംഘടനകളുടെ ആഹ്വാനം. സ്ത്രീ സമൂഹത്തിന്റെ പ്രശ്നങ്ങൾ അതീവ സങ്കീർണമായി മാറിക്കൊണ്ടിരിക്കുന്ന ഇന്ത്യൻ സാഹചര്യത്തിൽ വനിതാവിമോചനം ഒരു മരീചികയായി തന്നെ നിലനിൽക്കുകയാണ്.
സ്ത്രീവിമോചനത്തിനായുള്ള പോരാട്ടങ്ങൾക്ക് നൂറ്റാണ്ടുകളുടെ ചരിത്രമുണ്ട്. 1789ലെ ഫ്രഞ്ച് വിപ്ലവത്തോടെ സ്ത്രീകളുടെ അവകാശ പോരാട്ടങ്ങൾക്ക് സംഘടിതരൂപം കൈവന്നു. 1830 കളിൽ ഉയർന്നുവന്ന അടിമത്ത വിരുദ്ധ പ്രസ്ഥാനങ്ങളും സ്ത്രീകളുടെ അവകാശ പോരാട്ടങ്ങൾക്ക് കരുത്തേകിയിട്ടുണ്ട്. മനുഷ്യർ ചൂഷണത്തിനിരയാകുന്ന സാമൂഹ്യ വ്യവസ്ഥിതി അപഗ്രഥിച്ചുകൊണ്ട് 1848ൽ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ പ്രസിദ്ധീകരിക്കപ്പെട്ടതോടെ സ്ത്രീപ്രശ്നങ്ങളും ശാസ്ത്രീയമായി വിലയിരുത്തപ്പെടാൻ തുടങ്ങി. 1864 ൽ കാൾമാർക്സും ഏംഗൽസും മുൻകൈയെടുത്ത് വിളിച്ച അന്താരാഷ്ട്ര തൊഴിലാളി കൺവൻഷനിലാണ് സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ചുള്ള ചർച്ച ഉയർന്നുവന്നത്.
1908 മാർച്ച് 8ന് അമേരിക്കയിലെ ന്യൂയോർക്ക് പട്ടണത്തിലെ തുന്നൽ സൂചി നിർമാണത്തൊഴിലാളികൾ തൊഴിൽപരമായ അവകാശങ്ങളും വോട്ടവകാശം ഉൾപ്പെടെയുള്ള പൗരാവകാശങ്ങളും കൂടി ഉയർത്തി ഐതിഹാസികമായ ഒരു പ്രതിഷേധം നടത്തി തെരുവിലിറങ്ങി. ഈ പ്രതിഷേധ പ്രകടനത്തെ പൊലീസിനെയും പട്ടാളത്തെയും ഉപയോഗിച്ച് അടിച്ചമർത്താൻ ശ്രമിച്ചപ്പോൾ നിരവധി സ്ത്രീകൾ മർദനങ്ങൾക്കിരയായി. അതിനെയെല്ലാം ചെറുത്ത് പരാജയപ്പെടുത്തിക്കൊണ്ട് മുന്നേറിയ സ്ത്രീ മുന്നേറ്റം ലോകശ്രദ്ധ പിടിച്ചുപറ്റി. 1910 ൽ കോപ്പൻ ഹേഗനിൽ വച്ച് നടന്ന 2–-ാം സോഷ്യലിസ്റ്റ് വിമൻസ് കോൺഫറൻസിലാണ് മാർച്ച് 8ന്റെ പ്രതിഷേധ സമരത്തിന്റെ സ്മരണ എക്കാലത്തും നിലനിർത്താൻ ഈ ദിനം സാർവദേശീയ വനിതാദിനമായി ആചരിക്കാനുള്ള ആഹ്വാനം ഉയർന്നത്.
എല്ലാമേഖലകളും കോർപറേറ്റുകൾക്ക് വിട്ടുകൊടുത്തിരിക്കുന്ന ഇന്ത്യാ ഗവൺമെന്റ് കടുത്ത ജനദ്രോഹപരവും സ്ത്രീവിരുദ്ധവുമായ നയങ്ങളിലൂടെ ജനജീവിതം ദുസ്സഹമാക്കിയിരിക്കുന്നു
ഇന്ത്യൻ ഭരണകൂടം ഈ ലോക്ഡൗൺ കാലയളവിൽ കൊണ്ടുവന്ന രക്ഷാപാക്കേജുകളും പദ്ധതികളുമെല്ലാം അതിസമ്പന്നരുടെ താൽപ്പര്യ പരിരക്ഷയ്‌ക്കായിട്ടാണ്. എല്ലാമേഖലകളും കോർപറേറ്റുകൾക്ക് വിട്ടുകൊടുത്തിരിക്കുന്ന ഇന്ത്യാ ഗവൺമെന്റ് കടുത്ത ജനദ്രോഹപരവും സ്ത്രീവിരുദ്ധവുമായ നയങ്ങളിലൂടെ ജനജീവിതം ദുസ്സഹമാക്കിയിരിക്കുന്നു.
ആഗോള പട്ടിണി സൂചികയിൽ 107 രാജ്യത്തിന്റെ ഇടയിൽ ഇന്ത്യയുടെ സ്ഥാനം 94–-ാമതാണ്. ഇതിന്റെ ഭാഗമായ പോഷകാഹാരക്കുറവുകൊണ്ട് വിളർച്ചാരോഗവും തൂക്കക്കുറവുമുള്ള കുട്ടികളെ പ്രസവിക്കുന്ന സ്ത്രീകളുടെ നാടായി ഇന്ത്യ മാറിയിരിക്കുന്നു. ഈ ലോക്ഡൗൺ കാലയളവിൽ തൊഴിലില്ലായ്മയും ഉപജീവനമാർഗങ്ങളുമെല്ലാം നഷ്ടപ്പെടാനിടയായ സ്ത്രീകളുടെ ജീവിതം ദുരിതക്കയങ്ങളിലേക്ക് എത്തിയിരിക്കുന്നു. 45 വർഷത്തെ ഏറ്റവും വലിയ തൊഴിലില്ലായ്മ നിരക്കാണ് ഇന്ത്യയിൽ ഇന്ന്. തൊഴിൽമേഖലയിൽനിന്ന് പുറന്തള്ളപ്പെടുന്നതും ബഹുഭൂരിപക്ഷവും സ്ത്രീകളാണ്.
സ്ത്രീസുരക്ഷ ഏറ്റവും അപകടത്തിലായിരിക്കുന്ന രാജ്യമായി ഇന്ത്യ മാറി. ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്ക് പ്രകാരം ഓരോ മൂന്ന് മിനിറ്റിലും സ്ത്രീകൾക്കെതിരായ ഒരു കുറ്റകൃത്യം രാജ്യത്ത് നടക്കുന്നുവെന്നാണ്. ലോക്‌ഡൗൺ കാലയളവിൽ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ പതിന്മടങ്ങ് വർധിച്ചു. ഭരണഘടന വിഭാവനം ചെയ്യുന്ന എല്ലാ ജനാധിപത്യാവകാശങ്ങളും പൗരാവകാശങ്ങളും സ്ത്രീകളുടെ പ്രത്യേകമായ പരിരക്ഷയുമെല്ലാം അപകടപ്പെടുത്തുന്ന കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ ഒരു ബദൽശക്തി ഉയർത്തിക്കൊണ്ടുവരേണ്ടത് ഇന്നത്തെ കാലഘട്ടത്തിൽ നമ്മുടെ ഉത്തരവാദിത്തമാണ്. ജീവിതത്തിന്റെ സമസ്തമേഖലകളിലും സ്ത്രീകൾക്ക് അവസരസമത്വവും തുല്യമായ അവകാശങ്ങളും ലഭിക്കുന്നതിനുവേണ്ടിയുള്ള ഇടപെടൽ ശക്തിപ്പെടേണ്ടതുണ്ട്. ഭരണഘടന വിഭാവനം ചെയ്യുന്ന എല്ലാ പൗരാവകാശങ്ങളും സ്ത്രീകൾക്കും പുരുഷന്മാർക്കും ഭിന്നലിംഗക്കാർക്കുമെല്ലാം ഒരേപോലെ അവകാശപ്പെട്ടതാണ് എന്ന പൊതുബോധം സമൂഹത്തിൽ ഉയർത്തിക്കൊണ്ടുവരാനാകണം.
ഇന്ന് രാജ്യത്ത് നിലനിൽക്കുന്ന ജനവിരുദ്ധനയങ്ങളിൽനിന്ന് തികച്ചും വ്യത്യസ്‌തമായ ജനപക്ഷനയങ്ങൾ ആവിഷ്‌കരിച്ച് നടപ്പാക്കാൻ കഴിയുമെന്ന് കേരളത്തിലെ ഇടതുപക്ഷമുന്നണി സർക്കാർ തെളിയിച്ചു. ഇടതുപക്ഷ മുന്നണി സർക്കാർ അധികാരമേറ്റതിന് ശേഷം സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണം, പരിചരണം, ക്ഷേമം, വികസനം, പുനരധിവാസം, ശാക്തീകരണം എന്നിവയെല്ലാം ലക്ഷ്യമിട്ടുകൊണ്ട് വനിതാ ശിശുക്ഷേമവകുപ്പ് തന്നെ പ്രവർത്തനസജ്ജമായിരിക്കുന്നു.
സ്ത്രീകളുടെ തൊഴിലവസരങ്ങൾ വർധിപ്പിക്കാനും നൈപുണ്യ പരിശീലനപദ്ധതികൾ ഒരുക്കിക്കൊണ്ട് രംഗത്ത് വരാനും ഇൻർനെറ്റ് സംവിധാനം വീടുകളിൽ തന്നെ ലഭ്യമാക്കി ഗാർഹികചുറ്റുപാടുകളിൽ തന്നെ സ്വയംസംരംഭങ്ങൾ പ്രാവർത്തികമാക്കപ്പെടുന്നതിനും ലക്ഷ്യമിട്ടുള്ള പദ്ധതികളാണ് പ്രവർത്തനപഥത്തിലുള്ളത്. ആശാവർക്കേഴ്സ്, അങ്കണവാടി ജീവനക്കാർ എന്നിവരുടെ വേതനം പതിന്മടങ്ങ് ഉയർത്തിയും പരമ്പരാഗത തൊഴിൽ സാഹചര്യങ്ങൾ വർധിപ്പിക്കാനും കുടുംബശ്രീ, തൊഴിലുറപ്പ് പദ്ധതികൾ ശക്തിപ്പെടുത്തിയും വികസനപ്രക്രിയയിൽ നാട്ടിലെ സാധാരണ സ്ത്രീകളുടെ സാന്നിധ്യം ഉറപ്പ് വരുത്തിക്കൊണ്ടുമുള്ള മികവാർന്ന നിലപാടിലൂടെ കേരളം മുന്നേറുകയാണ്. യാത്രാമധ്യേ വഴിയോരങ്ങളിൽ സ്ത്രീകൾക്കായി പ്രത്യേകം വിശ്രമകേന്ദ്രങ്ങളും ശുചിമുറികളും ഒരുക്കാനുള്ള പദ്ധതികൾ സ്ത്രീകളുടെ ആത്മവിശ്വാസം വർധിപ്പിക്കുമെന്നതിൽ സംശയമില്ല.
ആത്മാഭിമാനത്തോടെ ഓരോ പെൺകുട്ടിക്കും ഈ പിറന്ന മണ്ണിൽ എല്ലാ പൗരാവകാശങ്ങളും അനുഭവിച്ചുകൊണ്ട് ജീവിക്കാൻ സാധ്യമാകുന്ന ഒരു അന്തരീക്ഷമാണ് സൃഷ്ടിക്കപ്പെടേണ്ടത്. സ്ത്രീകൾക്ക്കൂടി ജീവിക്കാനുള്ള ഇടമാണ് ഇവിടെ എന്ന് പൊതുസമൂഹത്തിനാകെ തിരിച്ചറിവുണ്ടാക്കാനും സാമൂഹ്യനീതി ഉറപ്പുവരുത്താനും ഒരു സ്ത്രീസൗഹൃദ സമൂഹമായി കേരളത്തെ മുന്നോട്ട് നയിക്കാനും നമുക്ക് യത്നിക്കാം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..