08 March Monday

ആനന്ദം, 
അതിലേറെ അഭിമാനമാണ്‌ പത്തനാപുരത്തിന്‌ വല്ലിച്ചേച്ചി

കെ പി പ്രവീഷ്‌Updated: Monday Mar 8, 2021

ആനന്ദവല്ലി

പത്തനാപുരം> ‘ലൈഫ്‌ പട്ടികയിൽ പേരുണ്ടോന്നറിയാൻ വന്നതാ’..., ‘വിവാഹ ധനസഹായം ലഭിക്കാനുള്ള അപേക്ഷ എവിടെയാ നൽകണ്ടേ‌’... തലവൂർ ഞാറയ്‌ക്കാട്‌ ‘ശ്രീനിലയ’ത്തിനു മുന്നിൽ നേരം പുലരുമ്പോൾത്തന്നെ പലകാര്യങ്ങൾക്കായി എത്തുന്നവർ നിരവധിയാണ്‌.
 
എല്ലാ ചോദ്യങ്ങൾക്കും സംശയങ്ങൾക്കും മറുപടി നൽകി, അപേക്ഷകൾ വാങ്ങി വായിച്ച്‌ അവരുടെ പ്രസിഡന്റ്‌ ഓരോരുത്തരെയും കാണും. പത്തനാപുരം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആനന്ദവല്ലി നാട്ടുകാരുടെ ‘വല്ലിച്ചേച്ചി’യാണ്‌. ഓരോ ആവശ്യങ്ങൾക്കായി രാവിലെ വീട്ടിലെത്തുന്നവരിൽ കൂടുതലും സ്വന്തം പഞ്ചായത്തിലുള്ളവരാകും. അവരെ കേട്ട്‌ പത്തരയാകുമ്പോഴേക്ക്‌ പ്രസിഡന്റ് നേരെ‌ ബ്ലോക്ക്‌ ഓഫീസിലേക്ക്‌. പിന്നെ അവിടെ‌ കാത്തുനിൽക്കുന്നവരുടെ പ്രശ്‌നങ്ങളിലേക്ക്‌ ഇറങ്ങിച്ചെല്ലുകയായി.
 
‘വിറക് വെട്ടുന്നവനും വെള്ളം കോരുന്നവനും ഭരണാധികാരിയാകുന്ന കാലം’– മഹാനായ ലെനിൻ കണ്ട സ്വപ്നമാണ്‌ ഇങ്ങിവിടെ പത്തനാപുരം ബ്ലോക്ക്‌ പഞ്ചായത്തിൽ യാഥാർഥ്യമായത്‌. 200 രൂപ ദിവസ ശമ്പളത്തിന്‌ താൽക്കാലിക തൂപ്പുകാരിയായി ബ്ലോക്ക്‌ പഞ്ചായത്ത്‌ ഓഫീസിൽ ജോലി ചെയ്‌തിരുന്ന ആനന്ദവല്ലി ഇന്ന്‌ അതേ ബ്ലോക്ക്‌ പഞ്ചായത്തിന്റെ അമരക്കാരിയാണ്‌.
 
പത്തുവർഷമായി ഇല്ലാത്ത ആധിയായിരുന്നു പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ബ്ലോക്ക്‌ പഞ്ചായത്തിലേക്ക്‌ കടന്നപ്പോൾ ഉണ്ടായിരുന്നത്‌. പുറത്ത്‌ പാർടി സഖാക്കളുടെ മുദ്രാവാക്യം വിളി മുഴങ്ങുമ്പോഴും അധികാരിയായി കയറിച്ചെല്ലുന്നതിന്റെ അങ്കലാപ്പ്‌.  പ്രസിഡന്റിന്റെ ഓഫീസിനു‌ പുറത്ത്‌ സ്ഥാപിച്ച ‘ആനന്ദവല്ലി’ എന്ന പേരിലേക്കാണ്‌ ആദ്യം നോട്ടം പോയത്‌. സ്വപ്നത്തിൽപ്പോലും കണ്ടിട്ടില്ലാത്ത നിമിഷങ്ങൾ‌. കാലങ്ങളായി മാറിമാറി വന്ന അവിടുത്തെ പല പേരുകളും തൂത്തുവൃത്തിയാക്കിയത്‌ ഓർമയിലേക്ക്‌ കടന്നുവന്നെന്നും ആനന്ദവല്ലി പറഞ്ഞു.
 
കിലയിലെ പരിശീലനത്തിനു ശേഷമാണ്‌ ആശങ്കയുടെ മഞ്ഞുമല ഉരുകിത്തുടങ്ങിയത്‌. തരിശുഭൂമികളിൽ കൃഷിയിറക്കൽ, വിദ്യാഭ്യാസം, വിശപ്പുരഹിത ബ്ലോക്ക്‌, വയോജന ക്ഷേമം എന്നിങ്ങനെ ദീർഘവീക്ഷണത്തോടെയുള്ള പദ്ധതികളുമായി എല്ലാവരേക്കാളും ഒരു ചുവട്‌ മുന്നിലേക്കെത്താനുള്ള  കുതിപ്പിലാണ് ഇപ്പോൾ.
 
തലവൂർ ഡിവിഷനിൽനിന്നാണ്‌ ആനന്ദവല്ലി എൽഡിഎഫ്‌ സ്ഥാനാർഥിയായി മത്സരിച്ചത്‌. പട്ടികജാതി ജനറൽ സീറ്റായ തലവൂരിൽനിന്ന്‌ ജയിച്ചുകയറിയത്‌ 654 വോട്ടിന്റെ ഭൂരിപക്ഷത്തിൽ. തുടർന്ന്‌, ആനന്ദവല്ലിയെ സിപിഐ എം പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ നിയോഗിക്കുകയായിരുന്നു. 
 
സിപിഐ എം ലോക്കൽ കമ്മിറ്റി അംഗവും പെയിന്റിങ്‌ തൊഴിലാളിയുമായ മോഹനനാണ്‌ ഭർത്താവ്‌. വിദ്യാർഥികളായ മിഥുൻ, കാർത്തിക്‌ എന്നിവർ മക്കളാണ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top