തൃശൂർ > പതിറ്റാണ്ടുകളായി തകർച്ചയിൽ കിടന്നിരുന്ന തൃശൂർ അക്വാട്ടിക് കോംപ്ലക്സ് മൂന്നുവർഷംകൊണ്ട് നവീകരിച്ചത് അന്താരാഷ്‌ട്രനിലവാരത്തിൽ. സ്പാനിഷ് പ്ലാന്റിൽ ശുദ്ധീകരിച്ച ഈ നീലത്തടാകത്തിൽ താരങ്ങൾക്ക് നീന്തിത്തുടിക്കാം. വെള്ളത്തിൽ മുങ്ങിത്താഴ്‌ന്ന് ചീറിപ്പായാനുള്ള ബാലപാഠംമുതൽ ലോകതാരങ്ങൾക്കുവരെ നീന്തിത്തുടിക്കാവുന്ന സ്വിമ്മിങ് പൂൾ ഹൈടെക് നിലവാരത്തിലാണ് അക്വാട്ടിക് കോംപ്ലക്സ് അണിയിച്ചൊരുക്കിയത്. നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് എൽഡിഎഫ് സർക്കാരിന്റെ മൂന്നാംവർഷസമ്മാനമായാണ് അന്താരാഷ്ട്ര നീന്തൽക്കുളം സമർപ്പിച്ചത്. 4.70 കോടി ചെലവഴിച്ച് അന്താരാഷ്ട്ര മത്സരങ്ങൾവരെ നടത്താവുന്നവിധം ആധുനിക നിലവാരത്തിലാണ് നവീകരിച്ചത്.
എട്ടു ട്രാക്കുകളും ഏഴടി താഴ്ചയുമുള്ള 50 മീറ്റർ നീന്തൽക്കുളവും 25 അടി താഴ്ചയിൽ 25 ലക്ഷം ലിറ്റർ ജലസംഭരണശേഷിയുള്ള ഡൈവിങ് പൂളും നിർമിച്ചിട്ടുണ്ട്. രണ്ടരമുതൽ നാലടിവരെ താഴ്ചയിൽ കുട്ടികൾക്ക് നീന്തൽ പരിശീലനത്തിനായുള്ള പൂളും ഒരുക്കിയിട്ടുണ്ട്.
സ്പെയിനിൽനിന്ന് ഇറക്കുമതിചെയ്ത ശുദ്ധീകരണപ്ലാന്റ് ഉപയോഗിച്ചാണ് നീന്തൽക്കുളം ശുദ്ധീകരിക്കുന്നതെന്നതാണ് ഏറ്റവും സവിശേഷത. ഒളിമ്പിക്സിലും ലോക ചാമ്പ്യൻഷിപ്പിലുമടക്കം ഉപയോഗിക്കുംവിധമുള്ള ഓസോണേറ്റഡ് പ്ലാന്റാണിത്.
നീന്തൽക്കുളത്തിലെ വെള്ളം നാലുവശങ്ങളിലൂടെയും സംഭരിച്ച് പ്ലാന്റിലെത്തിച്ചാണ് ശുദ്ധീകരിച്ച് തിരികെ നീന്തൽക്കുളത്തിലെത്തിക്കുക. അയ്യായിരത്തോളം പേർക്ക് ഇരിക്കാവുന്ന രണ്ട് വശങ്ങളിലായുള്ള ഗ്യാലറിയും, ഫ്ളഡ് ലെെറ്റ്, നീന്തൽക്കുളത്തിൽ വെളിച്ചം ലഭിക്കാൻ ഇരുവശത്തും സംവിധാനം, ഡൈവിങ് പൂളിനുള്ളിൽ അണ്ടർ വാട്ടർ ലൈറ്റിങ് സംവിധാനവുമുണ്ട്. പുരുഷന്മാർക്കും സ്ത്രീകൾക്കും വെവ്വേറെ കുളിമുറികൾ, ഡ്രസിങ് റൂമുകൾ, പരിശീലനസൗകര്യങ്ങൾ എന്നിവയൊരുക്കിയിട്ടുണ്ട്. കോംപ്ലക്സിൽ ജിംനേഷ്യം കേന്ദ്രവും സജ്ജമാക്കി. ഇതോടനുബന്ധിച്ച് സ്പോർട്സ് ഹോസ്റ്റലും പ്രവർത്തിക്കുന്നുണ്ട്.
1987ൽ നിർമിച്ച നീന്തൽക്കുളം തകർന്നടിഞ്ഞുകിടക്കുകയായിരുന്നു കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് കായികപ്രേമികൾ കോംപ്ലക്സ് നവീകരിക്കണമെന് ആവശ്യപ്പെട്ടെങ്കിലും ഒന്നും നടന്നില്ല. എൽഡിഎഫ് സർക്കാർ അധികാരത്തിൽവന്ന് മന്ത്രി എ സി മൊയ്തീനാണ് ആധുനികവൽക്കരണത്തിന് നടപടി സ്വീകരിച്ചത്.മന്ത്രിമാരായ ഇ പി ജയരാജൻ, വി എസ് സുനിൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ നിർമാണം പൂർത്തീകരിച്ച് തുറന്നുകൊടുക്കുകയായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..