08 March Monday

ഉത്തരാഖണ്ഡ്‌ 
ബിജെപിയിൽ 
റാവത്തിനെതിരെ കലഹം ; മന്ത്രിസഭയിലും ഭിന്നത

വെബ് ഡെസ്‌ക്‌Updated: Monday Mar 8, 2021



ന്യൂഡൽഹി
ഉത്തരാഖണ്ഡ്‌ മുഖ്യമന്ത്രി ത്രിവേന്ദ്രസിങ്‌ റാവത്തിനെ സ്ഥാനത്തുനിന്ന്‌ നീക്കാനുള്ള ചർച്ചകൾക്കായി ബിജെപി കേന്ദ്ര നിരീക്ഷകർ ഡെറാഡൂണിലെത്തി. ബിജെപിയിലെ കലഹം രൂക്ഷമായതോടെ നിയമസഭാ ബജറ്റ്‌ സമ്മേളനം പാതിവഴിയിൽ നിർത്തിവച്ചു.

റാവത്തിനെതിരെ അഴിമതിക്കേസുകൾ നേരത്തെ ഉയർന്നിരുന്നെങ്കിലും ഈയിടെ ചമോലിയിലുണ്ടായ ദുരന്തം കൈകാര്യം ചെയ്‌തതിലെ വൻവീഴ്‌ചയാണ്‌ കടുത്ത പ്രതിസന്ധിയിലാക്കിയത്‌. ഇതേച്ചൊല്ലി മന്ത്രിസഭയിലും ഭിന്നതയുണ്ട്‌. മഞ്ഞുമലയിടിഞ്ഞുണ്ടായ പ്രളയത്തിൽ കാണാതായ 132പേരെ ഇനിയും കണ്ടെത്തിയിട്ടില്ല.

രമൺ സിങ്‌, ദുഷ്യന്ത്‌ ഗൗതം എന്നിവരാണ്‌ കേന്ദ്രനിരീക്ഷകരായെത്തിയത്‌. കേന്ദ്രമന്ത്രി രമേശ്‌ പൊഖ്‌റിയാൽ, ബിജെപി മുൻ സംസ്ഥാന പ്രസിഡന്റ്‌ അജയ്‌ ഭട്ട്‌ എന്നിവരും കൂടിയാലോചനകളിൽ പങ്കെടുക്കുന്നു‌. റാവത്തിനു പകരം രാജ്യസഭാംഗം അനിൽ ബലൂണി, സുരേഷ്‌ ഭട്ട്‌ എന്നിവരെയാണ്‌ മുഖ്യമന്ത്രിസ്ഥാനത്തേ‌ക്ക്‌ പരിഗണിക്കുന്നത്‌. മന്ത്രിമാരടക്കം റാവത്തിന്റെ പ്രവർത്തനശൈലിയിൽ അതൃപ്‌തരാണെന്ന്‌ മുതിർന്ന ബിജെപി നേതാവ്‌ പറഞ്ഞു.

നിർമാണകരാറുകൾ നൽകിയതിൽ അഴിമതിയാരോപണം ഉയർന്നു. എംഎൽഎമാർ ദേശീയ അധ്യക്ഷൻ ജെ പി നദ്ദയോട്‌ പരാതിയും ഉന്നയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top