07 March Sunday

അലി ചികിത്സാ സഹായ ഫണ്ട് 'ജല' കൈമാറി

വെബ് ഡെസ്‌ക്‌Updated: Sunday Mar 7, 2021

ജിസാന്‍ > ഇരുവൃക്കകളും പൂര്‍ണ്ണമായി തകരാറിലായതിനെ തുടര്‍ന്ന് ചികിത്സയ്ക്കായി ജിസാനില്‍ നിന്ന് നാട്ടിലേക്ക് പോയ കൊല്ലം ചവറ കൊട്ടുകാട് സ്വദേശി അലിയുടെ വൃക്കമാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയക്കായി ജല ജിസാന്‍ സമാഹരിച്ച ചികിത്സാ സഹായ ധനം ജല ഭാരവാഹികള്‍ കഴിഞ്ഞ ദിവസം കൈമാറി. ജല കേന്ദ്രകമ്മിറ്റി പ്രസിഡന്റ് എം.കെ.ഓമനക്കുട്ടന്‍, ജനറല്‍ സെക്രട്ടറി വെന്നിയൂര്‍ ദേവന്‍ ശിഹാബ് കരുനാഗപ്പള്ളി എന്നിവര്‍ അലിയുടെ ചവറ കൊട്ടുകാട്ടുള്ള വസതിയിലെത്തിയാണ് ഫണ്ട് കൈമാറിയത്.
 
ജിസാന്‍ സനയയില്‍ ഇക്തിഫാഖ് കമ്പനിയിലെ ജീവനക്കാരനും ജലയുടെ യൂണിറ്റ് ഭാരവാഹിയുമായ അലി പെട്ടെന്നുണ്ടായ അസുഖത്തെ തുടര്‍ന്ന് എട്ട് മാസം മുമ്പാണ് ചികിത്സയ്ക്കായി നാട്ടില്‍ പോയത്. നാട്ടിലെ വിദഗ്ധ പരിശോധനയില്‍ ഇരു വൃക്കകളും പൂര്‍ണ്ണമായും തകരാറിലാണെന്ന് കണ്ടെത്തുകയായിരുന്നു. ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അലി മാസങ്ങളായി ഡയാലിസിസ് മൂലമാണ് ജീവന്‍ നിലനിര്‍ത്തുന്നത്. ഡോക്ടര്‍മാര്‍ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ നിര്‍ദ്ദേശിച്ചെങ്കിലും സാമ്പത്തിക ബുദ്ധിമുട്ട് മൂലം ഇതുവരെയും ശസ്ത്രക്രിയ നടത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് ജല ചികിത്സാ സഹായത്തിനായി മുന്നിട്ടിറങ്ങിയത്.

ഭാരിച്ച ചികിത്സാ ചെലവുകള്‍ മൂലം സാമ്പത്തിക പ്രതിസന്ധിയിലായ അലിയുടെ നിര്‍ദ്ധന കുടുംബത്തിന്റെ ദൈനംദിന ജീവിതം തന്നെ മറ്റുള്ളവരെ ആശ്രയിച്ചാണ് ഇപ്പോള്‍ മുന്നോട്ട് നീങ്ങുന്നത്. അലിയുടെ വൃക്കമാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ഈ മാസം നടത്തും.വൃക്ക രോഗം മൂലം യാതന അനുഭവിക്കുന്ന അലിയെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കുകയും ആ കുടുംബത്തെ സഹായിക്കുകയും ചെയ്ത ജിസാനിലെ വിവിധ സംഘടനകളോടും പ്രവാസികളോടും 'ജല' ഭാരവാഹികള്‍ നന്ദി അറിയിച്ചു.   
 



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top