ടെഹ്റാൻ
അമേരിക്ക സാമ്പത്തിക ഉപരോധം പിൻവലിക്കുന്ന മുറയ്ക്ക് 2015ൽ ലോകശക്തികളുമായുണ്ടാക്കിയ ആണവകരാർ പുനരുജ്ജീവിപ്പിക്കാൻ തങ്ങൾ തയ്യാറെടുത്തുവരുന്നതായി ഇറാൻ പ്രസിഡന്റ് ഹസൻ റൂഹാനി പറഞ്ഞു. അയർലൻഡ് വിദേശമന്ത്രി സിമോൻ കവനീയുമായി കൂടിക്കാഴ്ചയ്ക്കുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ആണവ കരാറിനെ അടിസ്ഥാനമാക്കി നഷ്ടപരിഹാര നടപടികൾ സ്വീകരിക്കാനും അതിന്റെ ഉറപ്പുകൾ നിറവേറ്റാനും ഇറാൻ തയ്യാറാണ്.
അമേരിക്ക നിയമവിരുദ്ധമായ ഉപരോധങ്ങൾ പിൻവലിക്കുകയും ഭീഷണികളുടെയും സമ്മർദത്തിന്റെയും നയം ഉപേക്ഷിക്കുകയും ചെയ്യുന്ന മുറയ്ക്കാകുമിത്.
കരാറിൽ യൂറോപ്യൻ രാജ്യങ്ങൾ പുലർത്തുന്ന നിസ്സംഗതയെ റൂഹാനി വിമർശിച്ചു. ചരിത്രപരമായ ആണവ കരാറിനോടുള്ള പ്രതിബദ്ധതയിൽ അവർ നിഷ്‌ക്രിയമാണെന്നും റൂഹാനി പറഞ്ഞു. 2018ലാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഏകപക്ഷീയമായി പിന്മാറിയത്.
നേരത്തെ സാമ്പത്തിക ഉപരോധം നീക്കിയതിന് പകരമായി യുറേനിയം സമ്പുഷ്ടീകരണം പരിമിതപ്പെടുത്താൻ ടെഹ്‌റാൻ സമ്മതിച്ചിരുന്നു. തുടർന്നാണ് ആണവകരാർ ഉണ്ടാക്കിയത്. ഇതിൽനിന്നാണ് അമേരിക്ക പിന്മാറിയത്. തുടർന്ന് വീണ്ടും ഉപരോധം ഏർപ്പെടുത്തി. ട്രംപിന്റെ നടപടി ബുദ്ധിമോശമാണെന്ന് അയർലൻഡ് വിദേശമന്ത്രി പറഞ്ഞു. അമേരിക്കയിലെ പുതിയ സർക്കാർ കരാർ പുനഃസ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..