07 March Sunday

പുനലൂരിൽ ലീഗ്‌ വേണ്ടെന്ന്‌ 
കോൺഗ്രസ്‌; ചടയമംഗലത്തും അടുപ്പിച്ചില്ല

സ്വന്തം ലേഖകന്‍Updated: Sunday Mar 7, 2021
പുനലൂർ  > ചടയമംഗലം കിട്ടില്ലെന്നായതോടെ, പുനലൂരിലേക്ക്‌ വീണ്ടും ചുവടുമാറാനുള്ള ലീഗിന്റെ ശ്രമം കോൺഗ്രസിൽ വൻ പൊട്ടിത്തെറിക്ക്‌ മരുന്നായി. തദ്ദേശ തെരഞ്ഞെടുപ്പിലെ അനുഭവത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞതവണ മത്സരിച്ച പുനലൂർ ഇക്കുറി വേണ്ടെന്നായിരുന്നു ലീഗിന്റെ നിലപാട്‌. ചടയമംഗലം വിട്ടുനൽകാമെന്ന്‌ കോൺഗ്രസ്‌ സമ്മതിച്ചെങ്കിലും അവിടെ ലീഗിനെ അടുപ്പിക്കാൻ പ്രാദേശിക നേതൃത്വത്തിന്‌ സമ്മതമായില്ല. ഒടുവിൽ ലീഗിന്‌ പുനലൂരായാലും മതിയെന്നായെങ്കിലും അത്‌ പുനലൂരിലെ കോൺഗ്രസിലും എതിർപ്പുയർത്തി.
 
മുസ്ലിംലീഗ്‌ ജില്ലാ പ്രസിഡന്റായിരുന്ന എ യൂനുസ്‌കുഞ്ഞായിരുന്നു കഴിഞ്ഞതവണ പുനലൂരിൽ യുഡിഎഫ്‌ സ്ഥാനാർഥി. സിപിഐയിലെ അഡ്വ. കെ രാജുവിനുമുന്നിൽ യൂനുസ്‌കുഞ്ഞ്‌ അടിയറവ്‌ പറഞ്ഞത്‌ 33,582 വോട്ടിനാണ്‌. തദ്ദേശ തെരഞ്ഞെടുപ്പിലും എൽഡിഎഫ്‌ മുന്നേറ്റം തുടർന്നു. മാത്രമല്ല, പലയിടത്തും ലീഗും കോൺഗ്രസും പരസ്‌പരം മത്സരിച്ചു. ഇക്കാരണത്താലാണ്‌ പുനലൂർ വേണ്ട, ചടയമംഗലം മതിയെന്ന്‌ ലീഗ്‌ നേതൃത്വം പറഞ്ഞത്‌. ഇതോടെ പുനലൂരിൽ സ്ഥാനാർഥികളാകാൻ കോൺഗ്രസ്‌ നേതാക്കൾ എത്തി.
 
അതേസമയം ചടയമംഗലത്ത്‌ നോട്ടമിട്ടിരുന്ന കോൺഗ്രസ്‌ നേതാക്കളും കമ്മിറ്റികളും ലീഗിനെ ചടയമംഗലത്തേക്ക്‌ അടുപ്പിക്കില്ലെന്ന നിലപാടെടുത്തു. ഇതോടെ പെട്ടുപോയ ലീഗിന്‌ ഒടുവിൽ പുനലൂരെങ്കിലും മതിയെന്നായി. അതോടെ പുനലുരിലും പ്രതിഷേധമായി.
 
ജനപ്രതിനിധികളും, കോൺഗ്രസ്, യൂത്ത്കോൺഗ്രസ്, കെഎസ്‌യു നേതാക്കളും അടക്കം പലരും പാർടി സ്ഥാനങ്ങൾ രാജിവച്ചു. കോൺഗ്രസിൽനിന്ന്‌ പുറത്തുപോകുമെന്നുമുള്ള  ഭീഷണിയുമുയർത്തി. പലരും സാമൂഹ്യമാധ്യമങ്ങളിലൂടെ  പ്രതിഷേധം  രേഖപ്പെടുത്തി. പുനലൂരിൽ  കോൺഗ്രസ് സ്ഥാനാർഥിക്കുവേണ്ടി വോട്ടുചേർക്കൽ അടക്കമുള്ള  പ്രവർത്തനങ്ങൾ കോൺഗ്രസ് പ്രാദേശിക നേതൃത്വം നടത്തിയിരുന്നു. പുനലൂരിൽ യുഡിഎഫ് സ്ഥാനാർഥി കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ചില്ലെങ്കിൽ പാർടി വിടുന്നതിനെപ്പറ്റി ആലോചിക്കേണ്ടി വരുമെന്നും തൂക്കുപാലത്തിൽ ഏണി ചാരിയാൽ കല്ലടയാറ്റിൽ ഒഴുകിപ്പോകും, ഇല്ലെങ്കിൽ ഒഴുക്കുമെന്ന ഭീഷണിയും പ്രതിഷേധക്കാർ മുഴക്കുന്നു.
 
ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ  കോൺഗ്രസും ലീഗും പരസ്പരം മത്സരിച്ചിരുന്നു. പല വാർഡുകളിലും കോൺഗ്രസ് സ്ഥാനാർഥികൾ പരാജയപ്പെടാൻ കാരണം  ലീഗ് പിടിച്ച വോട്ടായിരുന്നു. ഈ സാഹചര്യത്തിൽ  ഒരു വാർഡ്പോലും വിജയിക്കാത്ത ലീഗിന് എങ്ങനെ നിയമസഭാ സീറ്റ് നൽകുമെന്ന്‌  കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ചോദിക്കുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top