ഇർബിൽ
ഐഎസ് ശക്തികേന്ദ്രമായിരുന്ന മൊസുളിലെ തകർന്ന പള്ളിയിൽ പ്രാർഥനയ്‌ക്ക് നേതൃത്വം നൽകി ഫ്രാൻസിസ് മാർപാപ്പ. ഇറാഖ് സന്ദർശനത്തിന്റെ മൂന്നാംദിവസം ക്വെറഖോഷിലെ ക്രിസ്തുമത വിശ്വാസികളെ കാണുന്നതിന് മുമ്പായിരുന്നു മാർപാപ്പ വർഷങ്ങൾ നീണ്ട ഭീകരപ്രവർത്തനം തകർത്ത പ്രദേശം സന്ദർശിച്ചത്. ഇർബിലിൽ പതിനായിരത്തോളം പേർ പങ്കെടുത്ത പ്രാർഥനയും നയിച്ചു.
ഇർബിലിൽ മാർപാപ്പയെ കുർദിസ്ഥാൻ സ്വയംഭരണ പ്രവിശ്യാ പ്രസിഡന്റ് നെചിർവൻ ബർസാനി സ്വീകരിച്ചു. ക്രിസ്ത്യൻ, മുസ്ലിം നേതാക്കളും സ്വീകരിക്കാൻ എത്തിയിരുന്നു. ഹെലികോപ്റ്ററിൽ ചർച്ച് സ്ക്വയറിൽ എത്തിയ മാർപാപ്പ ഐഎസ് ആക്രമണത്തിൽ കൊല്ലപ്പെട്ടവർക്കായി പ്രാർഥിച്ചു. മുസ്ലിം, ക്രിസ്ത്യൻ മതവിഭാഗങ്ങളിൽ ഉൾപ്പെടെയുള്ള അനേകരുടെ ജീവനെടുത്ത യുദ്ധത്തെ അദ്ദേഹം അപലപിച്ചു. സഹോദര ഹത്യയല്ല, സാഹോദര്യമാണ് കൂടുതൽ ശക്തമെന്ന വിശ്വാസം ഊട്ടിയുറപ്പിക്കാൻ സന്ദർശനം കാരണമാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. സമാധാനത്തോടെയുള്ള ജീവിതം ഉറപ്പാക്കാൻ എല്ലാവരും പരിശ്രമിക്കണമെന്നും അഭ്യർഥിച്ചു.
മാർപാപ്പയുടെ സന്ദർശനത്തോട് ആദരസൂചകമായി തകർക്കപ്പെട്ട പള്ളികളിൽനിന്ന് ശേഖരിച്ച പഴയ തടികൾ ഉപയോഗിച്ചുണ്ടാക്കിയ കുരിശ് പ്രദേശത്ത് സ്ഥാപിച്ചു. മൊസുളിൽ നിലവിൽ 70 ക്രിസ്ത്യൻ കുടുംബമാണുള്ളത്. ഭൂരിപക്ഷവും സംഘർഷത്തെ തുടർന്ന് നാടുവിട്ടു. തിങ്കളാഴ്‌ച മാർപ്പാപ്പ ഇറാഖിൽ നിന്ന് മടങ്ങും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..