07 March Sunday

പൂത്തു'മല: സര്‍ക്കാര്‍ കരുതലില്‍ ജീവിതം തിരിച്ചുപിടിക്കുന്നവര്‍

പി ഒ ഷീജUpdated: Sunday Mar 7, 2021

പുത്തുമല ദുരന്തബാധിതരെ പുനരധിവസിപ്പിക്കാൻ 
പൂത്തക്കൊല്ലിയിൽ നിർമിച്ച വീടുകൾക്ക്‌ മുമ്പിൽ നടൻ അബുസലിം /ഫോട്ടോ എം എ ശിവപ്രസാദ്‌

കൽപ്പറ്റ> അവർ ജലംകൊണ്ട്‌ മുറിവേറ്റവരാണ്. ജീവിതം കൈവിട്ടുപോയെന്ന്‌ കരുതിയവരാണ്‌. സർക്കാർ നീട്ടിയ ഉറപ്പിന്റെ കരുതലിൽ ഇന്ന്‌ അവർ നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കുകയാണ്‌. അതിനായി പൂത്തക്കൊല്ലിയിൽ സ്‌നേഹഭവനങ്ങളൊരുങ്ങുന്നു, ആശുപത്രികളും കളിസ്ഥലങ്ങളും തയ്യാറാകുന്നു,  പുത്തുമല ദുരന്തബാധിതർക്കായി ഒരു നാടുതന്നെ പുനർസൃഷ്ടിക്കുന്നു.പുത്തുമലയുടെ നോവുകൾ പറഞ്ഞ ‘ദി ഷോക്ക്’ എന്ന ടെലിഫിലിമിലെ നായകനായ സിനിമാ നടൻ അബുസലിം വീടുകൾ കാണാനെത്തി. അദ്ദേഹം സന്തോഷം മറച്ചുവച്ചില്ല. ‘വിനോദസഞ്ചാരകേന്ദ്രംപോലെ ഇവിടത്തെ കാഴ്ചകൾ എത്ര സുന്ദരമാണ്‌.’ പച്ചപ്പട്ടണിഞ്ഞ തേയിലത്തോട്ടങ്ങൾക്ക് നടുവിൽ ഉയർന്ന മനോഹരഭവനങ്ങൾ നോക്കി അദ്ദേഹം പറഞ്ഞു.  ചെമ്പ്രമല തൊട്ടുരുമ്മി പോകുന്ന മേഘച്ചാർത്തുകളെയും പച്ചപുതച്ച താഴ്‌വാരങ്ങളെയും  മൊബൈലിൽ പകർത്തി. ‘എത്ര പെട്ടെന്നാണ് സർക്കാർ പ്രളയമെടുത്ത പുത്തുമല  ഗ്രാമത്തെ മനോഹരമായി പുനർസൃഷ്ടിച്ചത്.

നാട്ടുകാരനായതിനാൽ എനിക്കറിയാം ആ ദുരന്തത്തിന്റെ ആഴം. മലവെള്ളം സകലതും കവർന്ന മനുഷ്യരുടെ കണ്ണീരാണ് സർക്കാർ ഒപ്പിയത്. വീടെന്ന സ്വപ്നമാണ് സാക്ഷാൽക്കരിച്ചത്. അതിനു സഹായിച്ച സന്നദ്ധ സംഘടനകളെയും അഭിനന്ദിക്കുന്നു’–- അദ്ദേഹം പറഞ്ഞു.മേപ്പാടി പഞ്ചായത്തിലെ  പൂത്തക്കൊല്ലി എസ്‌റ്റേറ്റിലെ ഏഴേക്കർ ഭൂമിയിലാണ് പുത്തുമല ദുരന്തബാധിതർക്കായി സർക്കാർ സ്‌നേഹഭവനങ്ങൾ ഒരുങ്ങുന്നത്. ഹർഷം എന്നപേരിൽ നടപ്പാക്കുന്ന പുനരധിവാസപദ്ധതിയിൽ വീടുകൾ മാത്രമല്ല ഒരു മിനി ടൗൺഷിപ് തന്നെയാണ്‌ സജ്ജമാകുന്നത്‌. കുട്ടികൾക്കുള്ള കളിസ്ഥലം, ഓഡിറ്റോറിയം, അങ്കണവാടി, വനിതാ തൊഴിൽ പരിശീലനകേന്ദ്രം, ഹെൽത്ത് സെന്റർ,  വെറ്ററിനറി ഹോസ്‌പിറ്റൽ,  സാംസ്‌കാരിക നിലയം തുടങ്ങി എല്ലാ സൗകര്യവും ഇവിടെ സജ്ജമാക്കും.  

ദുരന്തത്തിൽ 97 കുടുംബത്തിനാണ് ഭൂമിയും വീടും നഷ്ടമായത്. ഇതിൽ 43 കുടുംബം സർക്കാർ നൽകിയ 10 ലക്ഷം രൂപ ഉപയോഗിച്ച് സ്വന്തമായി വീടുണ്ടാക്കി. ബാക്കിയുള്ള 54 കുടുംബത്തെയാണ് പൂത്തക്കൊല്ലിയിൽ പുനരധിവസിപ്പിക്കുന്നത്.  ഒരു കുടുംബത്തിന്‌ ഏഴ്‌ സെന്റ്‌ ഭൂമിയും വീട്‌ നിർമിക്കാൻ നാല്‌ ലക്ഷം രൂപയും സർക്കാർ നൽകുന്നുണ്ട്‌. ഒപ്പം പീപ്പിൾ ഫൗണ്ടേഷൻ, തണൽ, ആക്‌ടോൺ, എച്ച്‌ആർപിഎം, മലബാർ ഗോൾഡ്‌, എസ്‌വൈഎസ്‌, സിസിഎഫ്‌ തുടങ്ങിയ സംഘടനകളുടെ സഹായവും.  


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top