06 March Saturday
മൂന്നുപേർ ആശുപത്രിയിൽ

കോൺഗ്രസ് തൃക്കാക്കര മണ്ഡലം 
ക്യാമ്പിൽ പ്രവർത്തകർ തമ്മിലടിച്ചു ; പി ടി തോമസ്‌ എംഎൽഎ വീണ്ടും ഓടിരക്ഷപ്പെട്ടു

വെബ് ഡെസ്‌ക്‌Updated: Saturday Mar 6, 2021


കാക്കനാട്
പി ടി തോമസ്‌ എംഎൽഎ നിയമസഭാ തെരഞ്ഞെടുപ്പിന്‌ മുന്നോടിയായി  വിളിച്ച കോൺഗ്രസ്‌ തൃക്കാക്കര വെസ്‌റ്റ്‌ മണ്ഡലം ഒരുക്ക ക്യാമ്പിൽ ഐ, എ ഗ്രൂപ്പുകാർ തമ്മിലടിച്ചു. ഗുരുതരമായി മർദനമേറ്റ മൂന്ന് യൂത്ത് കോൺഗ്രസ് നേതാക്കളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുകൂട്ടരും അടി  തുടങ്ങിയതോടെ എംഎൽഎ ഓടി രക്ഷപ്പെട്ടു.

തൃക്കാക്കര വെസ്റ്റ് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്‌ കെ എം മൻസൂർ (30),  വൈസ് പ്രസിഡന്റ്‌ മുഹമ്മദ് റസൽ (27),  കെഎസ്‌യു തൃക്കാക്കര മണ്ഡലം പ്രസിഡന്റ്‌ പി എൻ നവാസ് (23) എന്നിവരാണ് പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നത്. ഗുരുതരമായി പരിഗക്കറ്റ  മുഹമ്മദ് റസലിനെ   കാക്കനാട് സൺറൈസ് ആശുപത്രിയിൽ ഐസിയുവിൽ പ്രവേശിപ്പിച്ചു. മൻസൂർ, നവാസ് എന്നിവർ തൃക്കാക്കര മുനിസിപ്പൽ സഹകരണ ആശുപത്രിയിലാണ്. മൻസൂറിന്റെ മൂക്കിനാണ്‌ ഇടികിട്ടിയത്‌. നവാസിന്റെ പുറത്ത് ഇടിയേറ്റ പാടുകളുമുണ്ട്. 

വ്യാഴാഴ്ച വൈകിട്ട്‌ മാമ്പിള്ളിപറമ്പ് സെന്റ്‌ ജോർജ് പാരിഷ് ഹാളിലാണ് ക്യാമ്പ് നടന്നത്. നഗരസഭാ തെരഞ്ഞെടുപ്പിൽ ചില സ്ഥാനാർഥികളെ എതിർഗ്രൂപ്പുകാർ പരാജയപ്പെടുത്തിയത്‌ ചർച്ച ചെയ്തതിനെത്തുടർന്നുള്ള വാക്കേറ്റമാണ്‌ രണ്ട്‌ ബൂത്തുപ്രസിഡന്റുമാരെ തെരഞ്ഞെടുക്കാനുള്ള തർക്കത്തോടെ  മർദനത്തിൽ കലാശിച്ചത്. കഴിഞ്ഞ നഗരസഭാ തെരഞ്ഞെടുപ്പിൽ  കെ എം  മൻസൂർ പരാജയപ്പെട്ടിരുന്നു. ഇദ്ദേഹവും നവാസും എ ഗ്രൂപ്പുകാരാണ്. മുഹമ്മദ് റസൽ ഐ ഗ്രൂപ്പുകാരനും കോൺഗ്രസ്‌ തൃക്കാക്കര വെസ്‌റ്റ്‌ മണ്ഡലം പ്രസിഡന്റ്‌ ഷാജി വാഴക്കാലയുടെ ഉറ്റ അനുയായിയുമാണ്.  യോഗസ്ഥലത്ത് എ ഗ്രൂപ്പുകാരെ നേരിടാൻ മണ്ഡലം പ്രസിഡന്റ്‌ ഷാജി വാഴക്കാല കസേര എടുത്തതോടെയാണ് കൂടുതൽ അക്രമം അരങ്ങേറിയത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top