ചാലക്കുടി > കൊരട്ടി പഞ്ചായത്തിൽ കോൺഗ്രസ് വീണ്ടും പിളർപ്പിലേക്ക്. മണ്ഡലം ഭാരവാഹികളടക്കം നൂറോളം പേർ എൽഡിഎഫിനൊപ്പം ചേർന്നതോടെ കൊരട്ടിയിൽ കോൺഗ്രസ് ദുർബലമായി. കോൺഗ്രസിൽനിന്നും രാജിവച്ച പ്രവർത്തകർ കേരള കോൺഗ്രസ് മാണി വിഭാഗത്തിൽ അംഗത്വമെടുത്തു.
കോൺഗ്രസിലെ ഗ്രൂപ്പ് പോരും ജനാധിപത്യ വിരുദ്ധ പ്രവർത്തനങ്ങളുമാണ് രാജി കാരണമായി പറയുന്നത്. എൽഡിഎഫ് സർക്കാരിന്റെ ജനോപകാരപ്രദമായ പ്രവർത്തനങ്ങളും സാധാരണ ജനങ്ങൾക്കനുകൂലമായ സമീപനങ്ങളും ഇടതുപക്ഷത്തോടൊപ്പം ചേരുന്നതിന് പ്രേരണയായെന്നും കോൺഗ്രസ് വിട്ടവർ പറഞ്ഞു. ദീർഘകാലമായി പ്രവർത്തിക്കുന്ന മുതിർന്ന നേതാക്കളാണ് കോൺഗ്രസ് വിട്ടതിൽ ഭൂരിപക്ഷവും. ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് ഡെന്നീസ് കെ ആന്റണിയാണ് പ്രമുഖരിൽ ഒരാൾ. യൂത്ത് കോൺഗ്രസ് ചാലക്കുടി ബ്ലോക്ക് പ്രസിഡന്റ്, ജില്ലാ ജന. സെക്രട്ടറി, ഐഎൻടിയുസി ചാലക്കുടി മണ്ഡലം പ്രസിഡന്റ്, വഴിയോര തൊഴിലാളി ഫെഡറേഷൻ (ഐഎൻടിയുസി) സംസ്ഥാന കൺവീനർ, കൊരട്ടി പഞ്ചായത്തംഗം, ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ച നേതാവാണ് ഡെന്നീസ് കെ ആന്റണി.
കഴിഞ്ഞ ബ്ലോക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ എലിഞ്ഞിപ്ര ബ്ലോക്ക് ഡിവിഷനിൽ ഡെന്നീസിന് കോൺഗ്രസ് ആദ്യം സീറ്റും ചിഹ്നവും നൽകിയിരുന്നു. എന്നാൽ, ഗ്രൂപ്പ് പോരിനെത്തുടർന്ന് ഡെന്നീസിനെ പിൻവലിച്ച് മറ്റൊരു സ്ഥാനാർഥിയെ നിർത്തി. കോൺഗ്രസ് കൊരട്ടി മണ്ഡലം പ്രസിഡന്റ് ഡേവിസ് മൂലനാണ് കേരള കോൺഗ്രസിലേക്ക് ചേക്കേറിയ മറ്റൊരു നേതാവ്. ആഴ്ചകൾക്കു മുമ്പാണ് ഡേവിസ് മൂലൻ മണ്ഡലം പ്രസിഡന്റ്സ്ഥാനം രാജിവച്ചത്. ഗ്രൂപ്പ് പോരുമായി പോകാനാകാത്തതിനാലാണ് കേരള കോൺഗ്രസിലേക്ക് മാറുന്നതെന്ന് അദ്ദേഹം പറഞ്ഞു. പരിയാരം മണ്ഡലം കോൺഗ്രസ് സെക്രട്ടറി സാജു തോമസ്, കൊരട്ടി മണ്ഡലം വൈസ് പ്രസിഡന്റ് ബി ടി രാജു, മണ്ഡലം എക്‌സി. അംഗം ബേബി കല്ലൂക്കാരൻ തുടങ്ങിയവരും രാജിവച്ചവരിൽപ്പെടും. വരും ദിവസങ്ങളിൽ കൂടുതൽ പേർ കോൺഗ്രസിൽനിന്ന് ഇനിയും പുറത്തുവരുമെന്നും ഇവർ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..